---
title: "അമിതാഭ് ബച്ചനോട് വിവാഹാഭ്യർത്ഥന നടത്തിയിരുന്നു; തുറന്ന് പറഞ്ഞ് താരം "
english_title: "The actress proposed Amitab bachan; opened up"
publisher: "moviemax.in"
canonical_url: "https://moviemax.in/news/73892/the-actress-proposed-amitab-bachan-opened-up"
published_at: "2022-10-11T16:54:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63455ca78b1bb_AMITAB2.jpg"
keywords: []
---

# അമിതാഭ് ബച്ചനോട് വിവാഹാഭ്യർത്ഥന നടത്തിയിരുന്നു; തുറന്ന് പറഞ്ഞ് താരം 

> **Lead Summary:** **ന**ടന്‍ അമിതാഭ് ബച്ചന്റെ എണ്‍പതാം ജന്മദിനം രാജ്യത്ത് വലിയൊരു ആഘോഷമായി മാറുകയാണ് . മാധ്യമങ്ങളില്‍ നിറയെ താരത്തിനുള്ള ജന്മദിനസന്ദേശങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സിനിമ ലോകത്തും രാഷ്ട്രീയ രംഗത്തും അങ്ങനെ പല മേഖലയിൽ നിന്നുമുള്ള പ്രമുഖർ താരത്തിന് പിറന്നാൾ സന്ദേശങ്ങളുമായി എത്തിയിട്ടുണ്ട്.

## Article Content

**ന**ടന്‍ അമിതാഭ് ബച്ചന്റെ എണ്‍പതാം ജന്മദിനം രാജ്യത്ത് വലിയൊരു ആഘോഷമായി മാറുകയാണ് . മാധ്യമങ്ങളില്‍ നിറയെ താരത്തിനുള്ള ജന്മദിനസന്ദേശങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സിനിമ ലോകത്തും രാഷ്ട്രീയ രംഗത്തും അങ്ങനെ പല മേഖലയിൽ നിന്നുമുള്ള പ്രമുഖർ താരത്തിന് പിറന്നാൾ സന്ദേശങ്ങളുമായി എത്തിയിട്ടുണ്ട്.

അതേ സമയം അമിതാഭ് ബച്ചനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച ഒരു കാലം തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് നടി ശ്വേത മേനോന്‍. ചെറിയ പ്രായത്തില്‍ തോന്നിയ ഇഷ്ടമാണെങ്കിലും ആദ്യമായി നേരില്‍ കണ്ടപ്പോള്‍ തന്നെ ഇക്കാര്യം അദ്ദേഹത്തോട് പറഞ്ഞു.

എന്നെ അല്ലാതെ വേറെ ആരെയും വിവാഹം കഴിക്കരുതെന്നാണ് അദ്ദേഹത്തിനോട് നടി പറഞ്ഞതെന്നും ആ മണ്ടത്തരങ്ങള്‍ ഇപ്പോഴും ഓര്‍മ്മയിലുണ്ടെന്നും  ഏഷ്യാനെറ്റിന് നല്‍കിയ പ്രതികരണത്തിലൂടെ ശ്വേത മേനോൻ വ്യക്തമാക്കുന്നു.  എന്റെ അച്ഛന്‍ എയര്‍ഫോഴ്‌സിലായിരുന്നു. അന്ന് എനിക്ക് ഒന്‍പതോ പത്തോ വയസാണ്. അലഹബാദ് എന്ന സ്ഥലത്താണ് ഞാനപ്പോൾ താമസം .

അക്കാലത്താണ് ഇന്ദിര ഗാന്ധിയുടെ മരണമുണ്ടാവുന്നത്. അവരുടെ മകന്‍ രാജീവ് ഗാന്ധിയും നടന്‍ അമിതാഭ് ബച്ചനും ഇന്ദിര ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യാനായി അലഹബാദിലേക്ക് വരുന്നുണ്ടായിരുന്നു. ആ ഡ്യൂട്ടി എന്റെ അച്ഛനാണ്.

നാളെ എമര്‍ജന്‍സി ഡ്യൂട്ടിയാണെന്നും അമിതാഭ് ബച്ചനും രാജീവ് ഗാന്ധിയും വരുന്നുണ്ടെന്നും തലേദിവസം അച്ഛന്‍ എന്നോട് പറഞ്ഞതായി ശ്വേത പറയുന്നു. എനിക്ക് അമിതാഭ് ബച്ചനെ കാണണമെന്ന് ഞാന്‍ അച്ഛനോട് പറഞ്ഞെങ്കിലും അദ്ദേഹമത് നിസരിച്ചു. ഞാനതങ്ങ് വിട്ടെന്നാണ് അച്ഛന്‍ കരുതിയത്. പിറ്റേ ദിവസം അച്ഛന്‍ നേരത്തെ പോയി.

ഇന്നാണല്ലോ ആ ദിവസം എന്നോര്‍ത്ത് ഞാനും ഉറക്കത്തില്‍ നിന്നും ചാടി എഴുന്നേറ്റു. എയര്‍ഫോഴ്‌സ് ഏരിയയിലാണ് ഞങ്ങളന്ന് താമസിക്കുന്നത്. ഉറക്കത്തില്‍ നിന്നും എഴുന്നേറ്റ ഞാന്‍ ഷിമ്മീസാണ് ഇട്ടിരിക്കുന്നത്. ആ വേഷത്തില്‍ പല്ല് പോലും തേക്കാതെ ഇറങ്ങി ഒരോട്ടം  കൊടുത്തു. നേരെ അവരുടെ അടുത്തെത്തി.

അമിതാഭ് ബച്ചന്റെ അടുത്ത് ചെന്ന് നിന്നിട്ട് 'അമിതാങ്കിള്‍ അമിതാങ്കിള്‍ നിങ്ങള്‍ എന്നെ വിവാഹം കഴിക്കാമോ?, കാരണം ഞാന്‍ നിങ്ങളെ ഇഷ്ടപ്പെടുന്നുണ്ട്. എന്നെ മാത്രമേ വിവാഹം കഴിക്കാന്‍ പാടുള്ളു, വേറെ ആരെയും വിവാഹം കഴിക്കരുത്', എന്നൊക്കെ ഞാന്‍ പറഞ്ഞു. അവർ വളരെ ഗൗരവമുള്ള കാര്യത്തിനാണ് വന്നതെന്നും പോലും ഓർക്കാതെ ഞാൻ ഈ മണ്ടത്തരങ്ങൾ വിളിച്ചു പറഞ്ഞു.

അച്ഛന്‍ എന്റെ വര്‍ത്തമാനം കേട്ട് വളരെ സീരിയസായി കണ്ണും തുറിച്ച് നില്‍ക്കുകയാണ്. കാരണം ഇത് അച്ഛനും പണിഷ്‌മെന്റ് കിട്ടുന്ന കാര്യമാണ്. പക്ഷേ ഏതോ ഒരു ഓഫീസര്‍ എന്നെ നിമിഷനേരം കൊണ്ട് അവിടെ നിന്നും കൊണ്ട് പോയി. പക്ഷേ ഇതേപ്പറ്റി അച്ഛന്‍ എന്നോട് പിന്നെ ഒന്നും ചോദിച്ചില്ല. അടിയും കിട്ടിയില്ലെന്ന്', ശ്വേത പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/73892/the-actress-proposed-amitab-bachan-opened-up)