---
title: "മാധ്യമപ്രവര്‍ത്തകയെ അസഭ്യം പറഞ്ഞ സംഭവത്തിൽ  ചോദ്യം ചെയ്യലിന് ഹാജരാകാതെ ശ്രീനാഥ് ഭാസി"
english_title: "Srinath Bhasi did not appear for questioning in the incident of insulting a journalist"
publisher: "moviemax.in"
canonical_url: "https://moviemax.in/news/70802/srinath-bhasi-did-not-appear-for-questioning-in-the-incident-of-insulting-a-journalist"
published_at: "2022-09-26T11:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63314413d48e4_sreenath_basi.jpg"
keywords: []
---

# മാധ്യമപ്രവര്‍ത്തകയെ അസഭ്യം പറഞ്ഞ സംഭവത്തിൽ  ചോദ്യം ചെയ്യലിന് ഹാജരാകാതെ ശ്രീനാഥ് ഭാസി

> **Lead Summary:** അഭിമുഖം നടത്തുന്നതിനിടെ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാതെ നടന്‍ ശ്രീനാഥ് ഭാസി. ഹാജരാകാന്‍ ശ്രീനാഥ് ഭാസി സാവകാശം ആവശ്യപ്പെട്ടിട്ടുണ്ട്.

## Article Content

അഭിമുഖം നടത്തുന്നതിനിടെ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാതെ നടന്‍ ശ്രീനാഥ് ഭാസി. ഹാജരാകാന്‍ ശ്രീനാഥ് ഭാസി സാവകാശം ആവശ്യപ്പെട്ടിട്ടുണ്ട്.

നാളെ ഹാജരാവാനാണ് പൊലീസ് നല്‍കിയ നിര്‍ദേശം. ഇന്ന് ( തിങ്കളാഴ്ച) രാവിലെ 10 മണിക്ക് മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് ശ്രീനാഥ് ഭാസിക്ക് പൊലീസ് നോട്ടീസ് നല്‍കിയിരുന്നത് സ്ത്രീത്വത്തെ അപമാനിക്കും വിധം അപമര്യാദയായി പെരുമാറി എന്ന കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

അടുത്ത നടപടി ശ്രീനാഥ് ഭാസിയുടെ മൊഴിയെടുത്ത ശേഷമായിരിക്കും തീരുമാനിക്കുക. സംഭവത്തില്‍ പരാതിക്കാരിയുടെ മൊഴി വിശദമായി തന്നെ പൊലീസ് നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ട്.

അഭിമുഖം നടന്ന കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങളും അഭിമുഖത്തിന്റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായകമാകും.

ശ്രീനാഥ് ഭാസി അഭിമുഖം തുടങ്ങി കുറച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ക്ഷോഭിച്ചു പെരുമാറി എന്നാണ് അവതാരക പരാതിയില്‍ പറയുന്നത്. പിന്നാലെ മൂന്ന് ക്യാമറകളും ഓഫ് ചെയ്യിപ്പിച്ച് ശ്രീനാഥ് ഭാസി തെറിവിളി തുടങ്ങുകയായിരുന്നു. ഒരിക്കലും ഒരു പൊതുവേദിയില്‍ പറയാന്‍ കഴിയാത്ത വാക്കുകളായിരുന്നു അതെന്നാണ് പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/70802/srinath-bhasi-did-not-appear-for-questioning-in-the-incident-of-insulting-a-journalist)