---
title: "മണി ഇത്ര പെട്ടെന്നു പോകേണ്ട ഒരാളല്ല; കലാഭവൻ മണിയെക്കുറിച്ച്   മമ്മൂട്ടി "
english_title: "Mammootty's words about Kalabhavan Mani are now going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/67832/mammoottys-words-about-kalabhavan-mani-are-now-going-viral"
published_at: "2022-09-12T19:55:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631f4184bedfe_MAMOOTTY_AND_KALABHAVAN_MANI.jpg"
keywords: []
---

# മണി ഇത്ര പെട്ടെന്നു പോകേണ്ട ഒരാളല്ല; കലാഭവൻ മണിയെക്കുറിച്ച്   മമ്മൂട്ടി 

> **Lead Summary:** മലയാളികൾ എന്നും ഓർമ്മിക്കുന്ന നടനാണ് കലാഭവന്‍ മണി . നടന്റെ ഓരോ ചിത്രങ്ങളും പ്രേക്ഷകർക്ക് എന്നും ഓർമയിലുള്ളതാണ് . ലോകത്തിന്റെ ഏത് കോണിലാണെങ്കിലും കലാഭവന്‍ മണിയുടെ പാട്ട് കേട്ടാല്‍ മലയാളിയുടെ മനസ് നിറയും. 

## Article Content

മലയാളികൾ എന്നും ഓർമ്മിക്കുന്ന നടനാണ് കലാഭവന്‍ മണി . നടന്റെ ഓരോ ചിത്രങ്ങളും പ്രേക്ഷകർക്ക് എന്നും ഓർമയിലുള്ളതാണ് . ലോകത്തിന്റെ ഏത് കോണിലാണെങ്കിലും കലാഭവന്‍ മണിയുടെ പാട്ട് കേട്ടാല്‍ മലയാളിയുടെ മനസ് നിറയും. 

ഇപ്പോഴിതാ കലാഭവന്‍ മണി എന്ന നടനെക്കുറിച്ചും സുഹൃത്തിനെക്കുറിച്ചും സഹ പ്രവര്‍ത്തകനെക്കുറിച്ചുമൊക്കെ മമ്മൂട്ടി മനസ് തുറക്കുകയാണ്. മണിയെ ആദ്യം കണ്ടപ്പോള്‍ തനിക്ക് ഓര്‍മ്മ വന്നത് ഇതിഹാസ താരം കാള്‍ ലൂയിസിനെയാണെന്നാണ് മമ്മൂട്ടി പറയുന്നത്. സ്റ്റാര്‍ ആന്റ് സ്റ്റൈലില്‍ എഴുതിയ ഓര്‍മ്മക്കുറിപ്പിലാണ് അദ്ദേഹം മനസ് തുറന്നത്.

മണിയെ ആദ്യമായി കണ്ട നാളുകളില്‍ തനിക്ക് അത്ലറ്റ് കാള്‍ ലൂയിസിനെയാണ് ഓര്‍മവന്നത്. അയാളുടെ ശരീരഭാഷയ്ക്ക് വേഗവും ദൂരവും താണ്ടുന്ന ആ കായികതാരത്തിനോട് ഒരുപാട് സാമ്യമുണ്ടായിരുന്നുവെന്ന് മമ്മൂട്ടി പറയുന്നു. കാള്‍ ലൂയിസിനെപ്പോലുള്ളയാള്‍ എന്നാണ് മണിയെക്കുറിച്ച് തന്റെ വീട്ടിലെ സംസാരങ്ങളില്‍ താന്‍ പറഞ്ഞിരുന്നതെന്നും മമ്മൂട്ടി പറയുന്നുണ്ട്.

ആള്‍ക്കൂട്ടങ്ങളെ ആവേശം കൊള്ളിക്കും വിധം നാടന്‍ പാട്ടുകളെ ശക്തമായി അവതരിപ്പിച്ചതില്‍ മണിക്ക് വലിയ പങ്കുണ്ടെന്നാണ് മമ്മൂട്ടി അഭിപ്രായപ്പെടുന്നത്. നൂറു കണക്കിനു പാട്ടുകള്‍ മണി തേടിപ്പിടിച്ചു കണ്ടെത്തി അവതരിപ്പിക്കുമായിരുന്നുവെന്നും അറിയാവുന്നവരെക്കൊണ്ടെല്ലാം എഴുതിക്കുമായിരുന്നുവെന്നും മമ്മൂട്ടി ഓര്‍ക്കുന്നു.

സ്വന്തമായൊരു ഗായകസംഘമുണ്ടാക്കുകയും ചെയ്തു മണിയെന്നാണ് അദ്ദേഹം പറയുന്നത്. വിദേശരാജ്യങ്ങളില്‍ നമ്മുടെ നാട്ടുകാര്‍ക്കൊപ്പം മലയാളം അറിയാത്തവര്‍ പോലും മണിയുടെ പാട്ടിനൊത്ത് ചുവടുവയ്ക്കുന്നത് അദ്ഭുതത്തോടെ ഞാന്‍ നോക്കി നിന്നിട്ടുണ്ടെന്നും താരം പറയുന്നു.

മണിയെന്ന സഹപ്രവര്‍ത്തകനെക്കുറിച്ചും മമ്മൂട്ടിയ്ക്ക് ഒരുപാട് ഓര്‍മ്മകളുണ്ട്. കാറിന്റെ ഡിക്കിയില്‍ നിറയെ പഴങ്ങളും പച്ചക്കറികളും ചെടികളുമായി വരാറുള്ള മണിയെ കുറിച്ച് ഒരുപാട് ഓര്‍മകളുണ്ട്.

തൃശ്ശൂര്‍, ചാലക്കുടി ഭാഗങ്ങളിലെവിടെയെങ്കിലും ഷൂട്ടിങ് നടക്കുന്നതായി അറിഞ്ഞാല്‍ മണി ലൊക്കേഷനില്‍ വന്നുകയറുന്നത് പതിവായിരുന്നുവെന്നാണ് മമ്മൂട്ടി പറയുന്നത്. ആ വരവില്‍ മണി ആടും കോഴിയുമെല്ലാം കരുതിയിരിക്കുമെന്നും കൂടെ പാചകത്തിനൊരാളും ഉണ്ടാകുമായിരുന്നുവെന്നും മമ്മൂട്ടി പറയുന്നു. 

അതേസമയം, മണിയും നല്ല പാചകക്കാരനാണ്. എനിക്കിഷ്ടമുള്ളതെല്ലാം ഉണ്ടാക്കിത്തരും. ഒഴിവുസമയങ്ങളില്‍ സംസാരത്തില്‍ നിറയെ പാട്ടും തമാശയും നിറയ്ക്കുമായിരുന്നുവെന്നും മമ്മൂട്ടി ഓര്‍ക്കുന്നു. സിനിമയില്‍ വന്നശേഷം ഒരിക്കല്‍ മണി താന്‍ 'ചെറുപ്പത്തില്‍ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ നേതാവായിരുന്നുവെന്ന്' പറഞ്ഞു. അതുകേട്ടപ്പോള്‍ ഞാന്‍ ചിരിച്ചൊഴിഞ്ഞെങ്കിലും വിശ്വസിപ്പിക്കാനെന്നോണം മണി കുറേ പഴയ കഥകള്‍ പറഞ്ഞുവെന്നും മമ്മൂട്ടി പറയുന്നു. 

തെറ്റുചെയ്തതായി അറിഞ്ഞാല്‍, വിളിച്ച് ശാസിക്കാനുള്ള അധികാരം മണിയെനിക്ക് നല്‍കിയിരുന്നുവെന്നാണ് മമ്മൂട്ടി പറയുന്നത്. ഞാന്‍ വഴക്കുപറയുമ്പോള്‍ തലകുനിച്ച് കണ്ണുനിറയ്ക്കുന്ന മണിയുടെ ചിത്രം ഇന്നും ഓര്‍മയിലുണ്ടെന്നും മമ്മൂട്ടി കുറിപ്പില്‍ പറയുന്നു.

മണിയുടെ അവസാന നാളുകളില്‍ കണ്ടതിനെക്കുറിച്ചും അദ്ദേഹം കുറിപ്പില്‍ പങ്കുവെക്കുന്നുണ്ട്. അവസാനകാലത്ത് മണിയെ ക്ഷീണിതനായി കണ്ടപ്പോള്‍ ശാരീരിക ബുദ്ധിമുട്ടുകളെന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിച്ചിരുന്നു. പുതിയ സിനിമയ്ക്കുള്ള ഡയറ്റിങ്ങാണെന്നായിരുന്നു മണിയുടെ ചിരിച്ചുകൊണ്ടുള്ള മറുപടിയെന്നാണ് മമ്മൂട്ടി ഓര്‍ക്കുന്നത്. മണി ഇത്ര പെട്ടെന്നു പോകേണ്ട ഒരാളല്ല. പക്ഷേ, കാലം തട്ടിപ്പറിച്ചുകൊണ്ടുപോയി. നമുക്ക് കാണികളായി നില്‍ക്കാനേ കഴിയൂവെന്നാണ് മമ്മൂട്ടി പറയുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/67832/mammoottys-words-about-kalabhavan-mani-are-now-going-viral)