---
title: "ഞങ്ങളൊക്കെ ബൈക്കില്‍ സ്പീഡില്‍ പോയതിന് പല തവണ നിര്‍ത്തിച്ചിട്ടുണ്ട്:  പൃഥ്വിരാജ്"
english_title: "Prithviraj shares his memories of Thiruvananthapuram."
publisher: "moviemax.in"
canonical_url: "https://moviemax.in/news/63513/prithviraj-shares-his-memories-of-thiruvananthapuram"
published_at: "2022-08-23T11:05:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6304674200af0_prithviraj.jpg"
keywords: []
---

# ഞങ്ങളൊക്കെ ബൈക്കില്‍ സ്പീഡില്‍ പോയതിന് പല തവണ നിര്‍ത്തിച്ചിട്ടുണ്ട്:  പൃഥ്വിരാജ്

> **Lead Summary:** കിഴക്കേക്കോട്ട കാല്‍നട മേല്‍പ്പാലം ഉദ്ഘാടന വേദിയില്‍ തിരുവനന്തപുരത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് പൃഥ്വിരാജ്. താന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് പലതവണ ബൈക്കില്‍ സ്പീഡില്‍ പോയതിന് പൊലീസ് നിര്‍ത്തിച്ചിട്ടുണ്ട്.

## Article Content

കിഴക്കേക്കോട്ട കാല്‍നട മേല്‍പ്പാലം ഉദ്ഘാടന വേദിയില്‍ തിരുവനന്തപുരത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് പൃഥ്വിരാജ്. താന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് പലതവണ ബൈക്കില്‍ സ്പീഡില്‍ പോയതിന് പൊലീസ് നിര്‍ത്തിച്ചിട്ടുണ്ട്.

ആ വഴിയില്‍ ഒരു പൊതുചടങ്ങിന്റെ ഭാഗമായതില്‍ സന്തോഷമെന്ന് നടന്‍ പറഞ്ഞു. ഇതുപോലുള്ള മികച്ച സൗകര്യങ്ങള്‍ ഒരുക്കാന്‍ മേയര്‍ ആര്യ രാജേന്ദ്രനും സംഘത്തിനും ഇനിയും സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

’ഒരുപാട് കാലങ്ങള്‍ക്ക് ശേഷമാണ് എന്റെ ഒരു സിനിമ തിരുവനന്തപുരത്ത് ഷൂട്ട് ചെയ്യുന്നത്. യാദൃശ്ചികവശാല്‍ ആ സമയം തന്നെ ഇതുപോലൊരു പൊതുപരിപാടി ഷെഡ്യൂള്‍ ചെയ്യപ്പെടാനും അതില്‍ ക്ഷണം ലഭിക്കാനും ഭാഗ്യം ലഭിച്ച വ്യക്തിയാണ് ഞാന്‍. സന്തോഷം എന്താണെന്ന് അറിയാമോ,

ഞാനൊക്കെ കോളേജില്‍ പഠിക്കുന്ന കാലത്ത് ഈ പഴവങ്ങാടിയില്‍ നിന്നും കിഴക്കേകോട്ട വരെയുളള റോഡിലാണ് സ്ഥിരം പൊലീസ് ചെക്കിങ്. ഞങ്ങളൊക്കെ ബൈക്കില്‍ സ്പീഡില്‍ പോയതിന് പല തവണ നിര്‍ത്തിച്ചിട്ടുണ്ട്.

ആ വഴിയില്‍ ഒരു പൊതുചടങ്ങില്‍ ഇത്രയും നാട്ടുകാരുടെ സന്തോഷത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സത്യത്തില്‍ ഒരു പ്രത്യേക സന്തോഷം തന്നെയുണ്ട്’ പൃഥ്വിരാജ് പറഞ്ഞു. ജീവിതത്തില്‍ ആദ്യമായാണ് ഒരു മേയര്‍ രാജുവേട്ടാ എന്ന് വിളിച്ച് അഭിസംബോധന ചെയ്ത് ഒരു പരിപാടിക്ക് ക്ഷണിക്കുന്നത്.

എന്തായാലും വന്നു കളയാമെന്ന് വിചാരിച്ചു. ഞാന്‍ ജനിച്ച നാട്ടില്‍ ഇത്തരമൊരു പബ്ലിക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വരുന്നതില്‍ സന്തോഷം. ഇത്തരം പദ്ധതികള്‍ ആര്യക്കും ആര്യയുടെ ടീമിനും നടത്താന്‍ സാധിക്കട്ടെ’ പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/63513/prithviraj-shares-his-memories-of-thiruvananthapuram)