---
title: "സൂര്യ കാരവനിലേക്ക് വിളിപ്പിച്ച് സമ്മാനം തന്നു; അനുഭവം പറഞ്ഞ് ലിജോ മോള്‍ "
english_title: "Surya called him to the caravan and gave him a gift; Lijo Mol says his experience"
publisher: "moviemax.in"
canonical_url: "https://moviemax.in/news/58568/surya-called-him-to-the-caravan-and-gave-him-a-gift-lijo-mol-says-his-experience"
published_at: "2022-07-31T20:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e6955adada1_lijomol_and_surya.jpg"
keywords: []
---

# സൂര്യ കാരവനിലേക്ക് വിളിപ്പിച്ച് സമ്മാനം തന്നു; അനുഭവം പറഞ്ഞ് ലിജോ മോള്‍ 

> **Lead Summary:** മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ലിജോ മോള്‍. ഇപ്പോഴിതാ ജയ് ഭീമിന്റെ ചിത്രീകരണ നാളുകള്‍ ഓര്‍ത്തെടുക്കുകയാണ് ലിജോ മോള്‍. തന്റെ പുതിയ ചിത്രമായ വിശുദ്ധ മെജോയുടെ വിശേഷങ്ങള്‍ പങ്കുവച്ചു കൊണ്ട് ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ലിജോ മോള്‍ മനസ് തുറന്നത്. 

## Article Content

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ലിജോ മോള്‍. ഇപ്പോഴിതാ ജയ് ഭീമിന്റെ ചിത്രീകരണ നാളുകള്‍ ഓര്‍ത്തെടുക്കുകയാണ് ലിജോ മോള്‍. തന്റെ പുതിയ ചിത്രമായ വിശുദ്ധ മെജോയുടെ വിശേഷങ്ങള്‍ പങ്കുവച്ചു കൊണ്ട് ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ലിജോ മോള്‍ മനസ് തുറന്നത്. 

സൂര്യയായിരുന്നു ജയ് ഭീമിലെ പ്രധാന വേഷത്തെ അവതരിപ്പിച്ചത്. സൂര്യയ്‌ക്കൊപ്പമുള്ള അഭിനയത്തെക്കുറിച്ചും ഓര്‍മ്മകളുമൊക്കെ ലിജോ മോള്‍ പങ്കുവെക്കുന്നുണ്ട്. ചിത്രത്തില്‍ സൂര്യ അഭിനയിക്കുന്നുണ്ടെന്ന വിവരം തനിക്ക് തുടക്കത്തില്‍ അറിയില്ലായിരുന്നുവെന്നാണ് ലിജോ മോള്‍ പറയുന്നത്.

സെങ്കിനി എന്ന കഥാപാത്രത്തിന് സൂര്യയുടെ ചന്ദ്രുവുമായി ഒരുപാട് രംഗങ്ങളുണ്ട്. സൂര്യയാണ് നായകനെന്നറിഞ്ഞാല്‍ അത് നോക്കി നടിമാര്‍ സിനിമ ചെയ്യാമെന്ന് സമ്മതിക്കും. പക്ഷേ സെങ്കിനി എന്ന കഥാപാത്രം ഇഷ്ടപ്പെട്ട് വരുന്ന ഒരാളെയാണ് ആവശ്യമെന്നായിരുന്നു സംവിധായകന്‍ ജ്ഞാനവേല്‍ പറഞ്ഞതെന്നാണ് ലിജോ മോള്‍ പറയുന്നത്.

പിന്നീട് തന്നേയും ചിത്രത്തിലെ മറ്റൊരു മലയാളി സാന്നിധ്യമായ രജിഷയേയും സൂര്യ അദ്ദേഹത്തിന്റെ കാരവനിലേക്ക് വിളിപ്പിക്കുകയായിരുന്നുവെന്നും ലിജോ പറയുന്നു. ഞങ്ങള്‍ ചെന്ന് കണ്ടു, സംസാരിച്ചു. അദ്ദേഹം ചോദിച്ചതിന് മറുപടി പറഞ്ഞു എന്നല്ലാതെ തിരിച്ചൊരക്ഷരം അങ്ങോട്ട് ചോദിക്കാന്‍ പറ്റിയില്ലായിരുന്നുവെന്നും ലിജോ ഓര്‍ക്കുന്നുണ്ട്. പിന്നീട് സൂര്യ തനിക്ക് നല്‍കിയ സമ്മാനത്തെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. സിനിയുടെ ഷൂട്ടിംഗ് തീരാറായപ്പോഴായിരുന്നു സംഭവം.

സൂര്യയുടെ സഹായിയായ കുമാര്‍ തന്നെ സാര്‍ വിളിക്കുന്നുണ്ടെന്നും കാരവാനിലേക്ക് ചെല്ലാന്‍ പറയുകയായിരുന്നുവെന്നും ലിജോ പറയുന്നു. 'എന്താണെന്നറിയാതെയാണ് കയറിച്ചെന്നത്. ഇരിക്കാന്‍ പറഞ്ഞു. നല്ല പ്രകടനമായിരുന്നെന്ന് പറഞ്ഞ് ഒരു ഗിഫ്റ്റ് തന്നു. ഈ കഥാപാത്രം നന്നായി ചെയ്തതിനുള്ള സമ്മാനമായി വെച്ചോളൂ എന്നു പറഞ്ഞാണ് തന്നത്. എന്താണ് അതിനകത്തെന്ന് ആദ്യം മനസിലായില്ല. തിരിച്ച് എന്റെ കാരവനിലേക്ക് വന്ന് തുറന്നുനോക്കിയപ്പോഴാണ് സ്വര്‍ണമാലയാണെന്ന് മനസിലായത്.' എന്നാണ് സൂര്യയില്‍ നിന്നും ലഭിച്ച സമ്മാനത്തെക്കുറിച്ച് ലിജോ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/58568/surya-called-him-to-the-caravan-and-gave-him-a-gift-lijo-mol-says-his-experience)