---
title: "ചിത്രീകരണം കഴിഞ്ഞ് അദ്ദേഹം എന്നെ ഹോട്ടലില്‍ ഇറക്കി പോയി; ആ സംഭവത്തെക്കുറിച്ച്  നന്ദു "
english_title: "Actor Nandu's words about Bobby Kottarakkara are going viral now"
publisher: "moviemax.in"
canonical_url: "https://moviemax.in/news/51643/actor-nandus-words-about-bobby-kottarakkara-are-going-viral-now"
published_at: "2022-06-28T14:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bac5c697103_nandhu_and_baby_kottarakkara.jpg"
keywords: []
---

# ചിത്രീകരണം കഴിഞ്ഞ് അദ്ദേഹം എന്നെ ഹോട്ടലില്‍ ഇറക്കി പോയി; ആ സംഭവത്തെക്കുറിച്ച്  നന്ദു 

> **Lead Summary:**  നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് ബോബി കൊട്ടാരക്കര. മരണംവരെ അഭിനയലോകത്ത് നിറഞ്ഞുനില്‍ക്കാന്‍ ബോബിയ്ക്ക് കഴിഞ്ഞിരുന്നു. 2000 വക്കാലത്ത് നാരായണന്‍കുട്ടി എന്ന സിനിമയില്‍ അഭിനയിച്ചതിന് പിന്നാലെയാണ് ഇദ്ദേഹം മരണപ്പെടുന്നത്.

## Article Content

 നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് ബോബി കൊട്ടാരക്കര. മരണംവരെ അഭിനയലോകത്ത് നിറഞ്ഞുനില്‍ക്കാന്‍ ബോബിയ്ക്ക് കഴിഞ്ഞിരുന്നു. 2000 വക്കാലത്ത് നാരായണന്‍കുട്ടി എന്ന സിനിമയില്‍ അഭിനയിച്ചതിന് പിന്നാലെയാണ് ഇദ്ദേഹം മരണപ്പെടുന്നത്.

ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. മരിക്കുന്നതിനു തൊട്ടു മുമ്പ് വരെ ഇദ്ദേഹം തനിക്കൊപ്പം ഉണ്ടായിരുന്നു എന്ന് പറയുകയാണ് നടന്‍ നന്ദു ഇപ്പോള്‍. ഫ്‌ലവേഴ്‌സ് ഒരുകോടി എന്ന ചാനല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ബോബി കൊട്ടാരക്കരക്കൊപ്പം ഉള്ള ഓര്‍മ്മകള്‍ നടന്‍ പങ്കുവെച്ചത്.

അദ്ദേഹം തന്റെ അടുത്ത സുഹൃത്ത് ഒന്നുമായിരുന്നില്ല , എന്നാല്‍ അന്ന് ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് സമയം സംസാരിച്ചു എന്ന് നന്ദു പറയുന്നു. വര്‍ക്കിന് കാണുമ്പോഴുള്ള സൗഹൃദമാണ് ഞങ്ങളുടെ. കാണുമ്പോഴെല്ലാം സംസാരിക്കും.

വക്കാലത്ത് നാരായണന്‍ കുട്ടി എന്ന സിനിമയുടെ ഷൂട്ടിനിടെ പകല്‍ മുഴുവന്‍ ഞങ്ങള്‍ ഒരുമിച്ച് ആയിരുന്നു. അന്ന് രാവിലെ മുതല്‍ അദ്ദേഹം നെഗറ്റീവ് മാത്രമാണ് സംസാരിച്ചത്. വിവാഹം നടന്നില്ല വിവാഹം നടത്താന്‍ സമ്മതിക്കില്ല ഒരുപാട് ആളുകള്‍ പാര വെക്കുന്നു എന്നൊക്കെ അദ്ദേഹം പറഞ്ഞിരുന്നു.

സിനിമകാരന്‍ ആയതുകൊണ്ട് നമ്മുടെ സ്വഭാവം ശരിയല്ല, അവനു പെണ്ണ് കൊടുക്കരുത് എന്നൊക്കെ നമ്മുടെ പരിചയക്കാര്‍ തന്നെ പറയുന്നു. ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നമ്മുടെ ജീവിതം തീര്‍ന്നു എന്നൊക്കെ അദ്ദേഹം പറഞ്ഞു.

കുറെ നെഗറ്റീവ് വാക്കുകള്‍ പറഞ്ഞപ്പോള്‍ ആവശ്യമില്ലാതെ നെഗറ്റീവ് പറയില്ലെ എന്ന് അദ്ദേഹത്തോട് ഞങ്ങള്‍ എല്ലാം പറഞ്ഞു. അന്ന് വൈകുന്നേരം ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ ഞങ്ങള്‍ എല്ലാം ഒന്നിച്ച് കൂടിയപ്പോള്‍ അവസാനമായി പാട്ടുപാടിയത് അദ്ദേഹമായിരുന്നു.

മരണം വാതില്‍ക്കല്‍ ഒരു നാള്‍ എന്ന പാട്ട് ആയിരുന്നു അദ്ദേഹം പാടിയത് , അതിന് അങ്ങനെ ഒരു അര്‍ത്ഥം ഉണ്ട് എന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല നന്ദു പറയുന്നു.

ഒരു പാട്ടിന്റെ ഷൂട്ടിന് വേണ്ടി എഴുന്നേറ്റപ്പോള്‍ അദ്ദേഹം എന്തോ ഒരു അസ്വസ്ഥത കാണിച്ചു. പിന്നെ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല ഇത്രയും നേരം ഇരുന്നതുകൊണ്ട് ആയിരിക്കും എന്ന് അദ്ദേഹം പറഞ്ഞു.

ചിത്രീകരണം കഴിഞ്ഞ് അദ്ദേഹം എന്നെ ഹോട്ടലില്‍ ഇറക്കി പോയി. രാത്രിയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിച്ചിട്ട് ബോബിയേട്ടന്‍ മരിച്ചു എന്ന് പറയുന്നത്. അതൊക്കെ ഒരു സ്വപ്നം പോലെ തോന്നുന്നത് , തനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് നടന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/51643/actor-nandus-words-about-bobby-kottarakkara-are-going-viral-now)