---
title: "ആരെയും പേടിക്കാതെ ജീവിക്കാന്‍ കഴിയണം; ഷമ്മി തിലകന്‍ പറയുന്നു "
english_title: "Must be able to live without fear of anyone; Says Shammi Thilakan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/51577/must-be-able-to-live-without-fear-of-anyone-says-shammi-thilakan"
published_at: "2022-06-28T10:04:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ba85cb52e70_shammi_thilakan.jpg"
keywords: []
---

# ആരെയും പേടിക്കാതെ ജീവിക്കാന്‍ കഴിയണം; ഷമ്മി തിലകന്‍ പറയുന്നു 

> **Lead Summary:** വേറിട്ട ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് ഷമ്മി തിലകന്‍ . ഇപ്പോഴിതാ താരത്തിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത് . താന്‍ ഭയത്തിലാണു ജീവിക്കുന്നതെന്ന് പറയുകയാണ് നടന്‍ ഷമ്മി തിലകന്‍.

## Article Content

വേറിട്ട ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് ഷമ്മി തിലകന്‍ . ഇപ്പോഴിതാ താരത്തിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത് . താന്‍ ഭയത്തിലാണു ജീവിക്കുന്നതെന്ന് പറയുകയാണ് നടന്‍ ഷമ്മി തിലകന്‍.

അമ്മയുടെ അച്ചടക്ക സമിതി അയച്ച കുറ്റപത്രം കൊറിയറില്‍ ലഭിച്ചുവെന്നും അതിന്റെ ഉള്ളടക്കത്തെ പറ്റി ഇപ്പോള്‍ പറയാനാവില്ലെന്നും വക്കീലുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുമെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

‘കുറ്റപത്രം തയാറാക്കിയിരിക്കുന്നത് ഒരു വക്കീല്‍ ആണെന്നു ഞാന്‍ കരുതുന്നു. കാരണം ഇതിലുള്ള ഭാഷയൊന്നും അമ്മയിലെ അംഗങ്ങള്‍ക്ക് വഴങ്ങുന്നതല്ല. ഇതൊരു വക്കീലിന്റെ ഭാഷയാണ്.

അമ്മയുടെ ജനറല്‍ ബോഡിയില്‍ പങ്കെടുക്കാനുള്ള അറിയിപ്പ് ഇത്തവണ എനിക്കു കിട്ടിയിട്ടില്ല. അറിയിപ്പു കിട്ടാതെ, അജന്‍ഡ അറിയാതെ മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ല. അവിടെപ്പോയി എന്റെ കാര്യം എനിക്കു പറയാന്‍ സാധിക്കണ്ടേ.’

‘ഈ അച്ചടക്ക സമിതിക്കെതിരെ ഞാന്‍ പരാതി കൊടുത്തിട്ടുള്ളതാണ്. ധാര്‍മികമായി ഒരു കാരണവശാലും നിലനില്‍ക്കത്തക്ക അച്ചടക്ക സമിതിയല്ല ഇത്. മീ ടൂ ആരോപണമുള്ള വ്യക്തിയാണ് അതിന്റെ പ്രിസൈഡിംഗ് ഓഫീസര്‍. അദ്ദേഹത്തിനു മുന്നില്‍ നേരില്‍ ഹാജരായി മറുപടി പറയേണ്ട തെറ്റൊന്നും ഞാന്‍ ചെയ്തിട്ടില്ല.’

‘ഒരു സംഘടന അതില്‍ അംഗമായവരുടെ നല്ല കാര്യങ്ങള്‍ക്കു വേണ്ടി മനുഷ്യത്വവും മാനവികതയും മുറുകെപ്പിടിച്ചു വേണം പ്രവര്‍ത്തിക്കാന്‍. ഞാന്‍ ഭയത്തിലാണു ജീവിക്കുന്നത്, ഏതു സമയത്താണ് എന്നെ ഇവരില്‍ ചിലര്‍ അപായപ്പെടുത്തുകയെന്നു പറയാന്‍ കഴിയില്ല.’

‘ഏതോ ഒരാളുടെ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് മുന്‍പ് ഒരംഗം എന്നോടു പറഞ്ഞത് ഞാന്‍ കേട്ടതാണ്. അതോര്‍ക്കുമ്പോള്‍ എനിക്കും പേടിയുണ്ട്. റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ ആളുകളാണ് പലരും.

അതുകൊണ്ടാണ് മാഫിയ എന്നൊക്കെ പറഞ്ഞുപോകുന്നത്. ജീവിതം ഒന്നേ ഉള്ളൂ, അത് ആരെയും പേടിക്കാതെ ജീവിക്കാന്‍ കഴിയണം.’ഒരു അഭിമുഖത്തില്‍ ഷമ്മി തിലകന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/51577/must-be-able-to-live-without-fear-of-anyone-says-shammi-thilakan)