---
title: "വിജയ് ബാബുവിനെതിരായ ക്കേസ്;  നടൻ സൈജു കുറുപ്പിനെ പൊലീസ് ചോദ്യം ചെയ്തു"
english_title: "Case against Vijay Babu; Actor Saiju Kurup has been questioned by the police"
publisher: "moviemax.in"
canonical_url: "https://moviemax.in/news/47371/case-against-vijay-babu-actor-saiju-kurup-has-been-questioned-by-the-police"
published_at: "2022-06-05T23:51:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629cf4a696e2a_saiju.jpg"
keywords: []
---

# വിജയ് ബാബുവിനെതിരായ ക്കേസ്;  നടൻ സൈജു കുറുപ്പിനെ പൊലീസ് ചോദ്യം ചെയ്തു

> **Lead Summary:** **യു**വനടിയെ ബലാത്സംഗം ചെയ്തെന്ന, വിജയ് ബാബുവിനെതിരായ കേസില്‍ നടൻ സൈജു കുറുപ്പിനെ കൊച്ചി പൊലീസ് ചോദ്യം ചെയ്തു. വിദേശത്ത് ഒളിവിൽ കഴിഞ്ഞ വിജയ് ബാബുവിന് സഹായം ചെയ്തെന്ന സംശയത്തിലാണ് നടപടി.

## Article Content

**യു**വനടിയെ ബലാത്സംഗം ചെയ്തെന്ന, വിജയ് ബാബുവിനെതിരായ കേസില്‍ നടൻ സൈജു കുറുപ്പിനെ കൊച്ചി പൊലീസ് ചോദ്യം ചെയ്തു. വിദേശത്ത് ഒളിവിൽ കഴിഞ്ഞ വിജയ് ബാബുവിന് സഹായം ചെയ്തെന്ന സംശയത്തിലാണ് നടപടി.

ഇന്നലെ ആണ് മൊഴി എടുത്തത്. വിജയ്ബാബുവിന് എതിരെ കേസ് വരും മുമ്പാണ് സഹായം ചെയ്തതെന്ന് സൈജു കുറുപ്പ് മൊഴി നല്‍കി. ബലാത്സംഗ പരാതി അറിഞ്ഞില്ല. ദുബായിലേക്ക് പോയപ്പോൾ ക്രെഡിറ്റ് കാര്‍ഡ് വിജയ് ബാബുവിന് കൊടുക്കണമെന്ന് കുടുംബം അറിയിച്ചു.

വിജയ് ബാബുവിന്‍റെ ഭാര്യ ദുബായ് യാത്രയിൽ വിജയുടെ ക്രെഡിറ്റ് കാർഡ് തന്നു വിട്ടിരുന്നു. അതാണ് തിരികെ നല്‍കിയത്. കാർഡ് കൊടുത്തതിനു ശേഷമാണ് കേസ് വിവരം മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞത്. യാത്ര രേഖകൾ പോലീസിനെ കാണിച്ചു എന്നും സൈജു കുറുപ്പ് ഇന്നലെ മൊഴി നല്‍കി.

നടി നൽകിയ ബലാത്സംഗ പരാതിയിൽ വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരുന്നു. വിജയ് ബാബുവിന്‍റെ അറസ്റ്റിനുള്ള വിലക്ക് തുടരുകയാണ്.

പരാതിക്കാരിയെ ബന്ധപ്പെടാനോ അവരെ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും അന്വേഷണവുമായി വിജയ് ബാബു പൂർണമായി സഹകരിക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായെന്നും കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷനും കോടതിയില്‍ പറഞ്ഞു. ഇതേ തുടർന്നാണ് കോടതി ചൊവ്വാഴ്ചയിലേക്ക് കേസ് മാറ്റിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/47371/case-against-vijay-babu-actor-saiju-kurup-has-been-questioned-by-the-police)