---
title: "അവരുടേത് രണ്ടാമത്തേതും എൻ്റെ ആദ്യ വിവാഹവുമായിരുന്നു; മനസ്സ് തുറന്ന്  കൊല്ലം തുളസി"
english_title: "Theirs was the second and my first marriage; Kollam Tulsi with an open mind."
publisher: "moviemax.in"
canonical_url: "https://moviemax.in/news/39372/theirs-was-the-second-and-my-first-marriage-kollam-tulsi-with-an-open-mind"
published_at: "2022-04-26T11:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6267891014df1_kollam thulasi.jpg"
keywords: []
---

# അവരുടേത് രണ്ടാമത്തേതും എൻ്റെ ആദ്യ വിവാഹവുമായിരുന്നു; മനസ്സ് തുറന്ന്  കൊല്ലം തുളസി

> **Lead Summary:** കിടിലന്‍ വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയ്ക്ക് പ്രിയങ്കരനായി മാറിയ നടനാണ് കൊല്ലം തുളസി. നാടകത്തിലൂടെ തുടങ്ങി പിന്നീട് സിനിമയിലും സീരിയലുകളിലുമൊക്കെ തിളങ്ങി നിന്ന നടന്‍ തന്റെ വിവാഹ ജീവിതത്തെ കുറിച്ച് സംസാരിച്ച് എത്തിയിരിക്കുകയാണ്.

## Article Content

കിടിലന്‍ വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയ്ക്ക് പ്രിയങ്കരനായി മാറിയ നടനാണ് കൊല്ലം തുളസി. നാടകത്തിലൂടെ തുടങ്ങി പിന്നീട് സിനിമയിലും സീരിയലുകളിലുമൊക്കെ തിളങ്ങി നിന്ന നടന്‍ തന്റെ വിവാഹ ജീവിതത്തെ കുറിച്ച് സംസാരിച്ച് എത്തിയിരിക്കുകയാണ്.

ശ്രീകണ്ഠന്‍ നായര്‍ അവതാരകനായിട്ടെത്തുന്ന ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടന്‍ കൊല്ലം തുളസി. ഭാര്യയെ കുറിച്ചും കുടുംബത്തെ കുറിച്ചുമുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടി പറയവേയാണ് നടന്‍ മനസ് തുറന്നത്.

**

**

**ഭാര്യയുമായി പിരിയാനുണ്ടായ കാരണത്തെ കുറിച്ച് കൊല്ലം തുളസി പറയുന്നതിങ്ങനെ..**

'തുടക്കം മുതലേ വിവാഹ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഞാന്‍ അഭിനയിക്കുന്നത് ഇഷ്ടമായിരുന്നില്ല. നടിമാരുടെ കൂടെ അഭിനയിച്ചാല്‍ അവരെല്ലാം എന്റെ കാമുകിമാര്‍ ആണെന്നൊക്കെയുള്ള ധാരണയായിരുന്നു. അങ്ങനെയൊരു മാനസികാവസ്ഥ അവര്‍ക്ക് ഉണ്ടായിരുന്നു. അമ്മയും മോനുമൊക്കെയായി അഭിനയിച്ചാലും ഭാര്യയായി അടുത്ത് നിന്ന് അഭിനയിക്കുന്നതൊന്നും ഇഷ്ടമല്ലായിരുന്നു. നാടകത്തിലും അങ്ങനെയൊക്കെ ആയിരുന്നു'. 

ആ ബന്ധത്തില്‍ ഒരു മകളുണ്ട്. അവളിപ്പോള്‍ ഓസ്ട്രേലിയയിലാണ്. എഞ്ചീനിയറാണ്. മരുമകന്‍ ഡോക്ടറാണ്. അവര്‍ അവിടെ സെറ്റിലാണ്. മകളുമായി ഒരു ബന്ധങ്ങളൊന്നുമില്ല. അച്ഛനെന്ന നിലയില്‍ അവള്‍ എവിടെയാണെന്ന് അറിയുന്നുണ്ട്. അങ്ങനെയാണ് അവള്‍ വിദേശത്താണെന്ന് അറിഞ്ഞത്. മകളെ കാണണമെന്ന് തോന്നിയ അവസ്ഥയുണ്ടായിരുന്നു. ഇപ്പോള്‍ ഞാന്‍ ആ പേജ് കീറിവലിച്ചു കളഞ്ഞെന്നും നടന്‍ പറയുന്നു. 

ദാമ്പത്യം ഇപ്പോഴും ഉണ്ട്. നിയമപരമായി ഞങ്ങള്‍ വേര്‍പിരിഞ്ഞിട്ടില്ല. ഇനി ഞങ്ങളൊന്നിക്കാന്‍ സാധ്യതയില്ല. എന്നെ വിവാഹം ചെയ്യും മുന്‍പ് അവര്‍ക്ക് 2 കുട്ടികളുണ്ടായിരുന്നു. അവരുടെ ഭര്‍ത്താവ് മരിച്ച് പോയി. താന്‍ കോര്‍പറേഷനില്‍ ജോലി ചെയ്യുമ്പോള്‍ ഡെത്ത് സര്‍ട്ടിഫിക്കറ്റ് മേടിക്കാന്‍ വന്നപ്പോഴായിരുന്നു അവരെ പരിചയപ്പെട്ടത്.

അതൊരു പിഴവായിരുന്നു. ക്യാന്‍സര്‍ വന്നിട്ടു പോലും എന്നെ തിരിഞ്ഞുനോക്കിയിട്ടില്ല അവര്‍. അന്നെടുത്ത തീരുമാനം തെറ്റിപ്പോയെന്ന് മനസിലാക്കാന്‍ ഇതില്‍ കൂടുതല്‍ വലിയ അനുഭവം വേണ്ടല്ലോയെന്നും കൊല്ലം തുളസി ചോദിക്കുന്നു. 

ഭാര്യയുടെ രണ്ടാം വിവാഹവും എന്റെ ആദ്യ വിവാഹമായിരുന്നു അത്. അച്ഛന്‍ അധ്യാപകനായിരുന്നു, അച്ഛന് നല്ലൊരു സ്ഥാനമുണ്ടായിരുന്നു സമൂഹത്തില്‍. അതുകൊണ്ട് പ്രണയമൊന്നും ഉണ്ടായിട്ടില്ല. ഞാന്‍ കീമോ എടുത്ത് കിടക്കുന്ന സമയത്താണ് അവര്‍ വീട്ടില്‍ നിന്നും ഇറങ്ങി പോവുന്നത്.

ഒരിക്കല്‍ തിരിച്ച് വന്നപ്പോള്‍ വരേണ്ടെന്ന് ഞാന്‍ പറഞ്ഞു. ഇടയ്ക്കിടെ വന്ന് സാരിയും മറ്റുമൊക്കെ എടുത്ത് പോവുമായിരുന്നു. പിന്നെ വരാതായി. ഇനി വരണ്ടെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ പശ്ചാത്താപ ചിന്തയൊന്നും ഉള്ള ആളല്ല അത്. മോളോടും എന്തൊക്കെയോ പറഞ്ഞു കൊടുത്തിട്ടുണ്ട്. അതാണ് അവളും എന്നില്‍ നിന്നും അകന്ന് നില്‍ക്കുന്നതെന്നും കൊല്ലം തുളസി പറയുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/39372/theirs-was-the-second-and-my-first-marriage-kollam-tulsi-with-an-open-mind)