---
title: "തനിക്ക് പറ്റിയ അമളി തുറന്നുപറഞ്ഞ് നടന്‍ സുരാജ് വെഞ്ഞാറമ്മൂട്"
english_title: "Interesting actor Suraj Venjarammoodu has shared an experience"
publisher: "moviemax.in"
canonical_url: "https://moviemax.in/news/39123/interesting-actor-suraj-venjarammoodu-has-shared-an-experience"
published_at: "2022-04-24T22:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62657c0de8745_suraj.jpg"
keywords: []
---

# തനിക്ക് പറ്റിയ അമളി തുറന്നുപറഞ്ഞ് നടന്‍ സുരാജ് വെഞ്ഞാറമ്മൂട്

> **Lead Summary:** സിനിമാനടനാകുന്നതിനു മുന്‍പ് മിമിക്രിത്താരമായിരുന്നു നടന്‍ സുരാജ് വെഞ്ഞാറമ്മൂട്. ആ കാലത്തെക്കുറിച്ച് സംസാരിക്കവേ രസകരമായ ഒരനുഭവം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ നടന്‍. ജനഗണമന എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു അഭിമുഖത്തിലായിരുന്നു തന്റെ രസകരമായ ഭൂതകാലത്തെ സുരാജ് ഓര്‍ത്തെടുത്തത്.

## Article Content

സിനിമാനടനാകുന്നതിനു മുന്‍പ് മിമിക്രിത്താരമായിരുന്നു നടന്‍ സുരാജ് വെഞ്ഞാറമ്മൂട്. ആ കാലത്തെക്കുറിച്ച് സംസാരിക്കവേ രസകരമായ ഒരനുഭവം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ നടന്‍. ജനഗണമന എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു അഭിമുഖത്തിലായിരുന്നു തന്റെ രസകരമായ ഭൂതകാലത്തെ സുരാജ് ഓര്‍ത്തെടുത്തത്.

**സുരാജിന്റെ വാക്കുകള്‍ **

ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ആദ്യമായി ഒരു സ്റ്റേജില്‍ മിമിക്രി അവതരിപ്പിക്കുന്നത്. അത് അടുത്തുള്ള ഒരമ്പലത്തില്‍ വെച്ചായിരുന്നു. അന്ന് ദൂരദര്‍ശനിലൊക്കെ പരസ്യമായി കാണിച്ചിരുന്ന കിറ്റെക്സ് ലുങ്കിയുടെ പരസ്യത്തിന്റെ പാരഡി ഗാനം അവതരിപ്പിക്കാനാണ് ശ്രമിച്ചത്.

ആ പാട്ടിനെ കോമഡിയാക്കി നിക്കറിട്ടു വാ എന്നു മാറ്റി പാടുകയായിരുന്നു. എന്നാല്‍ പരിപാടി അവതരിപ്പിക്കാന്‍ നോക്കുമ്പോള്‍ പ്രധാന പ്രോപ്പര്‍ട്ടിയായ നിക്കറില്ല. സ്റ്റേജിന്റെ പരിസരത്തൊക്കെ അന്വേഷിച്ചു, അങ്ങനെയിരിക്കുമ്പോഴാണ് അമ്പലത്തില്‍ ഒരു അപ്പൂപ്പന്‍ കുനിഞ്ഞുനിന്നു പ്രാര്‍ത്ഥിക്കുന്നത് കാണുന്നത്.

സൂക്ഷിച്ചുനോക്കിയപ്പോള്‍ അങ്ങേര്‍ ഒരു പാളക്കരയന്‍ നിക്കറാണ് ഇട്ടിരിക്കുന്നത്. എനിക്കു പ്രോപ്പര്‍ട്ടിയാക്കാന്‍ പറ്റിയ വെളളയില്‍ നീലവരയുള്ള പാളക്കരയന്‍ നിക്കറായിരുന്നു അത്.

ഞാന്‍ നൈസായിട്ട് അടുത്ത് ചെന്ന് ചോദിച്ചു’ അപ്പൂപ്പാ, എനിക്ക് അപ്പൂപ്പന്റെ ആ നിക്കറൊന്ന് ഊരിത്തരുമോ? എന്റെ ചോദ്യം കേട്ട് അങ്ങേരെന്നെ സൂക്ഷിച്ചുനോക്കിയിട്ട് പോടാ എന്നു പറഞ്ഞ് ആട്ടിയോടിച്ചു. പിന്നെ ഞാന്‍ വേറൊരാളെക്കൊണ്ട് അപ്പൂപ്പന്റെ അടുത്ത് കാര്യം അവതരിപ്പിച്ചു. ഒടുവില്‍ എനിക്ക് സാധനം കിട്ടി.

എന്നിട്ട് ആ അപ്പൂപ്പന്‍ എന്റെ നിക്കര്‍ എപ്പോള്‍ കിട്ടും എന്ന മുഖഭാവവുമായി പരിപാടി കാണാനായി പുറകില്‍ പോയി നില്‍ക്കുകയാണ്. ഞാന്‍ നിക്കറൊക്കെ ഇട്ട് പരിപാടി നടത്തി, കുറേ കൈയടിയും കിട്ടി. പരിപാടി കഴിഞ്ഞപ്പോള്‍ ഞാന്‍ ഈ നിക്കറിന്റെ കാര്യം മറന്നുപോയി.

അയാള്‍ പിന്നാലെ വന്ന് എടാ നീ പോയാലെങ്ങനെയാ എന്റെ നിക്കറെവിടെ, എന്റെ നിക്കര്‍ ഊരിത്താടാ എന്നൊക്കെ പറഞ്ഞ് വലിയ ബഹളം. ഒടുവില്‍ അതെങ്ങനെയോ പരിഹരിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/39123/interesting-actor-suraj-venjarammoodu-has-shared-an-experience)