---
title: "സഹോദരന്റെ വേര്‍പാടില്‍ ഹൃദയം തകര്‍ന്ന് ബിന്ദു പണിക്കര്‍"
english_title: "Actress Bindu Panicker and her family are heartbroken over the unexpected separation of her beloved brother."
publisher: "moviemax.in"
canonical_url: "https://moviemax.in/news/37309/actress-bindu-panicker-and-her-family-are-heartbroken-over-the-unexpected-separation-of-her-beloved-brother"
published_at: "2022-04-12T19:17:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625582f1842be_bindu.jpg"
keywords: []
---

# സഹോദരന്റെ വേര്‍പാടില്‍ ഹൃദയം തകര്‍ന്ന് ബിന്ദു പണിക്കര്‍

> **Lead Summary:** പ്രിയസഹോദരന്റെ അപ്രതീക്ഷിത വേര്‍പാടില്‍ ഹൃദയം നുറുങ്ങി നടി ബിന്ദു പണിക്കരും കുടുംബാംഗങ്ങളും. ബൈക്കില്‍ സഞ്ചരിക്കവേ അജ്ഞാത വാഹനമിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന ബിന്ദു പണിക്കരുടെ സഹോദരന്‍ എം. ബാബുരാജ് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്.

## Article Content

പ്രിയസഹോദരന്റെ അപ്രതീക്ഷിത വേര്‍പാടില്‍ ഹൃദയം നുറുങ്ങി നടി ബിന്ദു പണിക്കരും കുടുംബാംഗങ്ങളും. ബൈക്കില്‍ സഞ്ചരിക്കവേ അജ്ഞാത വാഹനമിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന ബിന്ദു പണിക്കരുടെ സഹോദരന്‍ എം. ബാബുരാജ് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്.

ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കേ ഞായറാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. അന്തിമോപചാര ചടങ്ങുകള്‍ക്ക് ശേഷം ചേരാനെല്ലൂര്‍ വിഷ്ണുപുരം ശ്മശാനത്തില്‍ സംസ്‌കാരം നടത്തി.

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ജീവനക്കാരനായിരുന്ന ബാബുരാജിനെ രാത്രി ജോലി കഴിഞ്ഞുവരവേ വരാപ്പുഴ പാലത്തില്‍ വെച്ച് അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ബാബുരാജിനെ ചേരാനെല്ലൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഞായറാഴ്ച രാത്രിയോടെ നില വഷളാവുകയും തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. വടകര ദാമോദരപ്പണിക്കരുടെയും നീനാമ്മയുടെയും മകനാണ്. ആര്‍ട്ടിസ്റ്റ് അജയനാണ് സഹോദരന്‍. കൊച്ചി തുറമുഖ തൊഴിലാളി യൂണിയന്‍ ഓര്‍ഗനൈസിങ് സെക്രട്ടറിയും എച്ച്.എം.എസ് മുന്‍ ജില്ലാ സെക്രട്ടറിയുമാണ്. ഭാര്യ സ്മിത പി.നായര്‍.(സംഗീതാധ്യാപിക). മകന്‍ ശബരീനാഥ്.

പ്രിയ സഹോദരന് യാത്രാമൊഴിയേകാന്‍ ബിന്ദു പണിക്കരും ഭര്‍ത്താവും നടനുമായ സായികുമാര്‍, മകള്‍ കല്യാണി എന്നിവരും എത്തിയിരുന്നു. ഏറെ ദുഃഖിതയായി കാണപ്പെട്ട ബിന്ദു പണിക്കര്‍ സഹോദരന് അന്തിമോപചാരം അര്‍പ്പിച്ചപ്പോള്‍ പൊട്ടിക്കരയുകയായിരുന്നു. സിനിമാലോകത്തു നിന്നും നിരവധി പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

മകള്‍ കല്യാണിയുമായും ഏറെ ആത്മന്ധമുണ്ടായിരുന്ന സഹോദരന് തന്റെ അച്ഛന്റെ സ്ഥാനമാണ് ബിന്ദു നല്‍കിയിരുന്നത്. തന്റെ ജീവന്റെ പകുതിയാണ് ഇപ്പോള്‍ തന്നെ വിട്ടകന്നിരിക്കുന്നത്. ആദ്യ ഭര്‍ത്താവിന്റെ മരണശേഷം തന്നേയും മകളേയും കാത്തുസംരക്ഷിച്ച ജ്യേഷ്ഠനെക്കുറിച്ച് ബിന്ദു പണിക്കര്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/37309/actress-bindu-panicker-and-her-family-are-heartbroken-over-the-unexpected-separation-of-her-beloved-brother)