2026-07-12T19:40:00

#KSRTC #CP John #UDF #Public Transport #Kerala

തിരുവനന്തപുരം: ( www.truevisionnews.com ) പൊതുഗതാഗത സംവിധാനത്തെ സംരക്ഷിക്കുക എന്നതാണ് യുഡിഎഫ് സർക്കാരിന്റെ പ്രധാന നയമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ പറഞ്ഞു. കെഎസ്ആർടിസിയെ ഒരിക്കലും പുറമ്പോക്കിലേക്ക് തള്ളില്ല. ജീവനക്കാരെ വിശ്വാസത്തിൽ എടുത്ത് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ പ്രതാപത്തിലേക്ക് സ്ഥാപനത്തെ തിരികെ കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം ഡ്രൈവേഴ്സ് യൂണിയൻ ഹാളിൽ കെഎസ്ആർടിസി ഡ്രൈവേഴ്സ് യൂണിയൻ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് സർക്കാരിന്റെ നയം അനുസരിച്ച് കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങാനുള്ള നടപടികൾ ഉടൻ ആരംഭിക്കും.

രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും കെഎസ്ആർടിസിയെ സെൻട്രൽ സ്റ്റേജിൽ നിർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.പ്രിയദർശിനി ബസ് സർവീസ് ആരംഭിച്ചതോടെ കെഎസ്ആർടിസിയുടെ നിലവാരം ഉയർന്നു. അതിന് രാഹുൽ ഗാന്ധിയോട് നന്ദി പറയുന്നുവെന്നും സാധാരണക്കാരെ ചേർത്തുപിടിക്കുന്ന സർക്കാരാണ് ഇതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കെഎസ്ആർടിസിയുടെ സ്വന്തം ഫണ്ട് ഉപയോഗിക്കാതെ തന്നെ ബസുകൾ വാങ്ങുന്നതിന് എംഎൽഎ ഫണ്ടിൽ നിന്നും തദ്ദേശസ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടിൽ നിന്നും തുക അനുവദിക്കാനുള്ള നടപടി സ്വീകരിക്കും. പരസ്യ വരുമാനം, കാർഗോ സർവീസ് എന്നിവ ശക്തിപ്പെടുത്തി ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കാനും പദ്ധതിയുണ്ട്.

ജീവനക്കാർ കെഎസ്ആർടിസിയുടെ അംബാസിഡർമാരായി പ്രവർത്തിക്കണമെന്നും ഇന്ധനക്ഷമത കൂടുതൽ കാണിക്കുന്ന ഡ്രൈവർമാർക്ക് നൽകുന്ന പ്രോത്സാഹന തുക വർദ്ധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.യോഗത്തിൽ ഡ്രൈവേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡണ്ട് വി.എസ്. ശിവകുമാർ അധ്യക്ഷത വഹിച്ചു.

കെഎസ്ആർടിസിയെ കൂടുതൽ ശക്തിപ്പെടുത്തണം, കെ-സ്വിഫ്റ്റിനെ കെഎസ്ആർടിസിയുമായി ലയിപ്പിക്കണം, ഡ്രൈവർമാരുടെ സ്പെഷ്യൽ അലവൻസ് കൃത്യമായി നൽകണം, ബത്തകളും അധിക ഡ്യൂട്ടി സറണ്ടർ തുകയും അതത് ദിവസം നൽകണം, ബദലി ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൾ ശിവകുമാർ ഉന്നയിച്ചു. ജനറൽ സെക്രട്ടറി സോണി.ടി സ്വാഗതവും ജോയിന്റ് സെക്രട്ടറി കാലടി മുഹമ്മദ് നന്ദിയും പറഞ്ഞു.

Content Highlight: CP John: UDF Govt Will Revive KSRTC, New Buses and More Revenue Plans

#KSRTC #CP John #UDF #Public Transport #Kerala

Next TV

Top Stories










News Roundup