#Kozhikode #Firecracker Accident #Argentina #World Cup Celebration #Muhammad Sahad
കോഴിക്കോട്: ( www.truevisionnews.com ) ലോകകപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ അർജന്റീനയുടെ ജയം ആഘോഷിക്കുന്നതിനിടെ പടക്കം പൊട്ടി യുവാവിന്റെ വിരലുകൾ അറ്റുപോയി. കോഴിക്കോട് ചക്കുംകടവ് സ്വദേശി മുഹമ്മദ് സഹദിന് (22) ആണ് ഗുരുതരമായി പരിക്കേറ്റത്.
ഇടതു കയ്യിൽ പടക്കം പിടിച്ചുനിൽക്കുന്നതിനിടെ തീപ്പൊരി തട്ടി അപ്രതീക്ഷിതമായി പൊട്ടുകയായിരുന്നു. അപകടത്തിൽ ഇടതു കയ്യിലെ രണ്ടു വിരലുകൾ പൂർണമായും അറ്റുപോയി. മറ്റു രണ്ടു വിരലുകൾക്കും ഗുരുതരമായി പരിക്കുണ്ട്.
നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സഹദിന് ഉടൻ ശസ്ത്രക്രിയ നടത്താനാണ് ഡോക്ടർമാരുടെ തീരുമാനം. ശസ്ത്രക്രിയയ്ക്കുള്ള പ്രാഥമിക ചെലവുകൾ മാത്രം 85,000 രൂപയിലേറെ വന്നിട്ടുണ്ട്. കുടുംബത്തിന്റെ ഏക ആശ്രയമാണ് സഹദ്.
ചികിത്സയ്ക്കായി ബന്ധുക്കളും സുഹൃത്തുക്കളും സോഷ്യൽ മീഡിയ വഴി സഹായം അഭ്യർഥിക്കുന്നുണ്ട്.ഫുട്ബോൾ വിജയാഘോഷങ്ങൾ അതിരുവിടുന്നതിൽ നേരത്തെ കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ മുന്നറിയിപ്പ് നൽകിയിരുന്നു.
ഹെൽമറ്റ് ധരിക്കാതെയും ലൈസൻസില്ലാതെയും അമിതവേഗത്തിൽ വാഹനം ഓടിക്കരുതെന്നും, കൂടുതൽ ആളുകളെ കയറ്റി ഹോൺ മുഴക്കി പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും പോലീസ് നിർദേശിച്ചിരുന്നു. എങ്കിലും വിജയാഘോഷത്തിന്റെ പേരിൽ പടക്കം ഉപയോഗിച്ചാണ് ഇപ്പോൾ ദാരുണമായ അപകടം ഉണ്ടായത്.
Content Highlight: Kozhikode Youth Loses Fingers in Firecracker Accident During Argentina World Cup Celebration
#Kozhikode #Firecracker Accident #Argentina #World Cup Celebration #Muhammad Sahad

































