#Payyannur Baby Memorial #Medical malpractice allegations #Family intensify protest #Devansh Death
കണ്ണൂര്‍: (https://truevisionnews.com/) പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്‌തേഷ്യ നൽകിയതിനെത്തുടർന്ന് രണ്ടര വയസ്സുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാൻ കുടുംബത്തിന്റെ തീരുമാനം. സംഭവത്തിൽ ഉത്തരവാദികളായ ഡോക്ടർമാർക്കും മാനേജ്‌മെന്റിനുമെതിരെ
പയ്യന്നൂര്‍ ബിഎംഎച്ച് ആശുപത്രിക്ക് മുന്നില്‍ ആയിരിക്കും പ്രതിഷേധിക്കുക എന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്. രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്നും വിവരമുണ്ട്. പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മൃതദേഹം ബേബി മെമ്മോറിയല്‍ ആശുപത്രിയിലെത്തിച്ച് പ്രതിഷേധിക്കുമെന്നും ബന്ധുക്കള്‍ പറയുന്നു.
മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും സംഭവത്തില്‍ കുടുംബം പരാതി നല്‍കി. ഉത്തരവാദികളായ മുഴുവന്‍ ഡോക്ടര്‍മാര്‍ക്കെതിരെയും നടപടി വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. അനസ്‌തേഷ്യ നല്‍കിയ സമയത്ത് തന്നെ കുഞ്ഞിന് ഹൃദയാഘാതം ഉണ്ടായെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും കുടുംബം വ്യക്തമാക്കി.
ചെറിയ മുറിവിന്റെ പേരില്‍ കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. ഒന്നോ രണ്ടോ സ്റ്റിച്ച് ഇട്ടാല്‍ മതിയാകും എന്നാണ് മുന്‍പ് കുഞ്ഞിനെ ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞത്. മറ്റ് കുട്ടികള്‍ക്ക് ഇനി ഇങ്ങനെ സംഭവിക്കരുത്.
ആശുപത്രിയുടെ വിശ്വാസത്തെ ബിസിനസ് താത്പര്യങ്ങള്‍ക്കായി ഉപയോഗിച്ചെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. മനുഷ്യത്വ രഹിതമായ നടപടിയാണുണ്ടായതെന്നും അനസ്‌തേഷ്യ നല്‍കിയപ്പോള്‍ വീഴ്ച ഉണ്ടായോ എന്ന് ആശുപത്രി മാനേജ്‌മെന്റ് വ്യക്തമാക്കണമെന്നും അവര്‍ പറഞ്ഞു. ഒറ്റപ്പെട്ട സംഭവമായി ഇതിനെ കാണാനാവില്ല. ഇപ്പോള്‍ കുട്ടിയുടെ മുറിവ് ഉണങ്ങിയ നിലയിലെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി.
ചെറിയ മുറിവിന് അനസ്‌തേഷ്യ നല്‍കേണ്ട അടിയന്തര സാഹചര്യം എന്തായിരുന്നുവെന്നാണ് കുടുംബം ചോദിക്കുന്നത്. മാസം തികയാതെ ജനിച്ച കുഞ്ഞാണെന്ന് ഡോക്ടര്‍മാര്‍ക്ക് അറിയാമായിരുന്നു. കുട്ടിക്ക് പ്ലാസ്റ്റിക് സര്‍ജറി വേണമെന്ന് ആശുപത്രി അധികൃതര്‍ തുടക്കത്തിലേ പറഞ്ഞിരുന്നു.
18,000 രൂപ നല്‍കിയാല്‍ മാത്രമേ ചികിത്സിക്കൂ എന്ന് ഡോക്ടര്‍ പറഞ്ഞെന്നും ആരോപണമുണ്ട്. ഇതിനെ ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ലെന്നാണ് കുട്ടിയുടെ ബന്ധുക്കളുടെ നിലപാട്. ഡോക്ടറുടെ ഭാഗത്ത് വലിയ അനാസ്ഥയുണ്ടായി. ഇന്‍ഞ്ചക്ഷന്‍ എടുത്തപ്പോള്‍ തന്നെ ബോധം പോയെന്നും വെള്ളം പോലും കൊടുക്കാന്‍ സമ്മതിച്ചില്ലെന്നും കുടുംബം ആരോപണമുന്നയിക്കുന്നു.
ഇന്‍ഞ്ചക്ഷന്‍ എടുത്തപ്പോള്‍ ഡോസ് കൂടിയതായി പിഴവ് ആശുപത്രി സമ്മതിച്ചെന്നും ചെറിയ കുട്ടിക്ക് അനസ്‌തേഷ്യ നല്‍കേണ്ട ആവശ്യമുണ്ടോ എന്നാണ് മറ്റ് ഡോക്ടര്‍മാര്‍ ചോദിക്കുന്നതെന്നും കുടുംബം പറഞ്ഞു. സൂരജ്-വിജിഷ ദമ്പതികൾക്ക് എട്ട് വർഷത്തിന് ശേഷം ജനിച്ച കുഞ്ഞാണ് ദേവാൻഷ്.
Content Highlight: Payyannur Baby Memorial, Medical malpractice allegations, devansh death, Family protest
#Payyannur Baby Memorial #Medical malpractice allegations #Family intensify protest #Devansh Death


































