#Latest News #Assault On Women #Notorious Gang Leader #Maradu Aneesh #Police Custody
കൊച്ചി: ( www.truevisionnews.com ) പ്രമുഖ ഗുണ്ടാ നേതാവ് മരട് അനീഷ് കൊച്ചിയിൽ പൊലീസ് പിടിയിലായി. നെടുമ്പാശ്ശേരിയിലെ ഒരു സ്പായിൽ കയറി ജീവനക്കാർക്ക് നേരെ അതിക്രമം കാണിക്കുകയും ഗുണ്ടാപ്പിരിവ് നടത്തുകയും ചെയ്ത കേസിലാണ് നെടുമ്പാശ്ശേരി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അനീഷിനൊപ്പം ഇയാളുടെ പ്രധാന കൂട്ടാളികളായ അജിത്ത്, പ്രേംജിത്ത് എന്നിവരെയും പൊലീസ് സംഘം പിടികൂടിയിട്ടുണ്ട്.
നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന സ്പായിലെ ജീവനക്കാരാണ് മരട് അനീഷിനും സംഘത്തിനുമെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. മരട് അനീഷിന്റെ ചിത്രം കാണിച്ച് ഭയപ്പെടുത്തി സ്പായിൽ നിന്ന് പണപ്പിരിവ് നടത്താൻ സംഘം ശ്രമിച്ചതായാണ് പരാതി. ഇതിനെതിർപ്പ് പ്രകടിപ്പിച്ച ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും അവിടെയുണ്ടായിരുന്ന സ്ത്രീകൾക്ക് നേരെ അതിക്രമം നടത്താൻ ശ്രമിക്കുകയും ചെയ്തു.
ജീവനക്കാരുടെ പരാതിയിൽ ഉടൻ തന്നെ ഇടപെട്ട നെടുമ്പാശ്ശേരി പൊലീസ് മരട് അനീഷിനെയും കൂട്ടാളികളായ അജിത്ത്, പ്രേംജിത്ത് എന്നിവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ ഉടൻ തന്നെ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കും.
കേരളത്തിലെയും പ്രത്യേകിച്ച് കൊച്ചിയിലെയും ഒട്ടനവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാ നേതാവാണ് മരട് അനീഷ്. വധശ്രമം, ഗുണ്ടാപ്പിരിവ്, തട്ടിക്കൊണ്ടുപോകൽ, ആയുധം കൈവശം വെക്കൽ തുടങ്ങി നിരവധി ഗുരുതരമായ കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്.
Content Highlight: Assault on women at a spa notorious gang leader Maradu Aneesh in police custody
#Latest News #Assault On Women #Notorious Gang Leader #Maradu Aneesh #Police Custody

































