#Latest News #Liquor Tax #Minister M Liju #UDF Government #Congress
തിരുവനന്തപുരം: ( www.truevisionnews.com ) കോണ്‍ഗ്രസില്‍ യെസ് ബോസ് കള്‍ച്ചര്‍ ഇല്ലെന്ന് മന്ത്രി എം ലിജു. ഏകഛത്രപതി ഇല്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സര്‍ക്കാര്‍ നയം സംബന്ധിച്ച് ആര്‍ക്കും ആശങ്കകള്‍ പങ്കുവെയ്ക്കാം. വീര്യം കുറഞ്ഞ മദ്യം വില്‍ക്കണോയെന്നതില്‍ യുഡിഎഫ് തീരുമാനം എടുക്കുമെന്നും എം ലിജു വ്യക്തമാക്കി.
'ആശങ്ക പ്രകടിപ്പിക്കുന്നതില്‍ എന്താണ് തെറ്റ്. ഞങ്ങളുടെ പാര്‍ട്ടി സിപിഐഎമ്മിനെ പോലെയല്ല. പിണറായി വിജയന്‍ പറയുന്നതിലും അപ്പുറത്തേക്ക് മറ്റൊന്ന് നിലവില്‍ ഇല്ലെന്ന് പറയുന്ന ഒരു പാര്‍ട്ടിയല്ല ഞങ്ങളുടേത്. ഞങ്ങളുടെ പാര്‍ട്ടിയില്‍ ഏകഛത്രപതികളില്ല.
അതിനാല്‍ അഭിപ്രായം ഉയരും. അതാണ് കോണ്‍ഗ്രസിന്റ സൗന്ദര്യം. മുഖ്യമന്ത്രി ഉള്‍പ്പെടെ ആ സ്പിരിറ്റിലാണ്. വേറെ വ്യാഖ്യാനിക്കേണ്ട. യെസ് ബോസ് കള്‍ച്ചറല്ല ഞങ്ങള്‍ക്കുള്ളത്', മന്ത്രി എം ലിജു പറഞ്ഞു.
മദ്യം വാങ്ങാനുള്ള പ്രായപരിധി കര്‍ശനമാക്കുമെന്നും എം ലിജു പറഞ്ഞു. നിലവില്‍ 23 വയസ്സുതന്നെയാണ് മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായപരിധി. അത് കര്‍ശനമാക്കാനാണ് തീരുമാനം. നിയമം പാലിക്കപ്പെടേണ്ടതുണ്ടെന്നും എം ലിജു പറഞ്ഞു. കേരള ബാങ്കിന്റെ സ്ട്രക്ചര്‍ മാറ്റുന്ന കാര്യത്തില്‍ നയപരമായ തീരുമാനം എടുക്കും. ജില്ലാ സഹകരണ ബാങ്ക് പുനസ്ഥാപിക്കണമെന്ന അഭിപ്രായം ഉയരുന്നുണ്ട്.
കൃത്യമായ പഠനത്തിലൂടെ മാത്രമേ തീരുമാനമെടുക്കൂവെന്നും എം ലിജു പറഞ്ഞു. കേക്ക് മുറിക്കുന്നത് പോലെ ബാങ്കിനെ മുറിക്കാന്‍ പറ്റില്ലല്ലോ. കേരള ബാങ്കിനോടുള്ള എതിര്‍പ്പ് ആശയപരമായി തുടരുകയാണ്. എടുക്കേണ്ട സമയത്ത് എടുക്കേണ്ട തീരുമാനം കൃത്യമായി എടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Content Highlight: M. Liju stated that there is nothing wrong with VM Sudheeran expressing concern over the liquor tax
#Latest News #Liquor Tax #Minister M Liju #UDF Government #Congress




























