#Fashion #Naomi Osaka #Wimbledon 2026 #Tennis Fashion
ലണ്ടൻ : ( https://truevisionnews.com/) ടെന്നീസ് കോർട്ടിലെ വിസ്മയ പ്രകടനങ്ങൾക്കൊപ്പം തനത് ഫാഷൻ പരീക്ഷണങ്ങൾ കൊണ്ടും ആരാധകരെ അത്ഭുതപ്പെടുത്തുന്ന താരമാണ് നഓമി ഒസാക. ഇത്തവണയും ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ഒരു മാസ്സ് എൻട്രിയായിരുന്നു ജാപ്പനീസ് താരം നഓമിയുടേത്. 2026-ലെ വിംബിൾഡൺ ടൂർണമെന്റിലെ തന്റെ ആദ്യ മത്സരത്തിനായി നഓമി കോർട്ടിലെത്തിയത് പരമ്പരാഗത ജാപ്പനീസ് 'കിമോണോ' വസ്ത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയ വെള്ള നിറത്തിലുള്ള പ്രത്യേക ഫാഷൻ വസ്ത്രമണിഞ്ഞാണ്. ടെന്നീസ് കോർട്ടിനെ നിമിഷനേരം കൊണ്ട് ഒരു ആഗോള ഫാഷൻ റൺവേയാക്കി മാറ്റിയ നഓമിയുടെ ഈ വരവ് ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിക്കഴിഞ്ഞു.
നാല് തവണ ഗ്രാൻഡ് സ്ലാം ചാമ്പ്യനായിട്ടുള്ള നഓമിയുടെ ഈ മനോഹര ഡ്രസ് ഡിസൈൻ ചെയ്തത് ടോക്കിയോ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്ത ഡിസൈനർ ഹന യാഗിയാണ്. വിംബിൾഡണിലെ കർശനമായ 'വൈറ്റ് ഡ്രസ് കോഡ്' പാലിച്ചുകൊണ്ടാണ് ഈ വസ്ത്രം ഒരുക്കിയത്.
പഴയ വിന്റേജ് കിമോണോകൾ, പരമ്പരാഗത ജാപ്പനീസ് കല്യാണവസ്ത്രമായ 'ഷിരോമുക്കു' (shiromuku) ഒപ്പം ഒരു ബ്രൈഡൽ ഗൗൺ എന്നിവയിൽ നിന്നുള്ള ഏഴ് വ്യത്യസ്ത തുണിത്തരങ്ങൾ പുനരുപയോഗിച്ചാണ് ഈ വസ്ത്രം നെയ്തെടുത്തത്. വെളുത്ത നൂലുകൾ കൊണ്ട് വസ്ത്രത്തിലുടനീളം തുന്നിച്ചേർത്ത കൊക്കുകളുടെയും ചെറി ബ്ലോസം പൂക്കളുടെയും ചിത്രങ്ങൾ വസ്ത്രത്തിന് രാജകീയ പ്രൗഢി നൽകുന്നു. പരമ്പരാഗതമായ നെക്ക്‌ലൈൻ, അൽപ്പം ലൂസായ കൈകൾ, സുതാര്യമായ റഫിളുകളോട് കൂടിയ മുട്ടറ്റം വരെയുള്ള ഹെംലൈൻ എന്നിവയായിരുന്നു വസ്ത്രത്തിന്റെ പ്രധാന ആകർഷണം.
അരയിൽ ഭംഗിയുള്ള വില്ലുകൾ ഘടിപ്പിച്ച പരമ്പരാഗത ജാപ്പനീസ് 'ഓബി' ബെൽറ്റും താരം ധരിച്ചിരുന്നു. ഈ മനോഹരമായ കിമോണോയ്ക്ക് താഴെ ഒരു നൈക്കി കിറ്റാണ് താരം അണിഞ്ഞിരുന്നത്. പരമ്പരാഗത 'കാൻസാഷി' ഹെയർ ഓർണമെന്റും മികിമോട്ടോ ബ്രാൻഡ് ആഭരണങ്ങളും കൂടിയായപ്പോൾ നഓമിയുടെ കോർട്ടിലെ ലുക്ക് അതിഗംഭീരമായി. തന്റെ ഈ വേറിട്ട ഫാഷൻ പരീക്ഷണത്തിന് പിന്നിലെ രഹസ്യം നഓമി ഒസാക തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
"എന്നെ സംബന്ധിച്ച് എന്റെ ജാപ്പനീസ് പാരമ്പര്യം ഏറെ വിലപ്പെട്ടതാണ്. വിംബിൾഡണിൽ പൂർണമായും വെള്ള വസ്ത്രം ധരിക്കണമെന്നാണ് നിയമം. അതുകൊണ്ട് ഒരു കിമോണോ ശൈലിയിൽ കോർട്ടിലെത്തുന്നത് നന്നായിരിക്കുമെന്ന് തോന്നി. എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമ 'കിൽ ബിൽ' (Kill Bill) ആണ്. അതിലെ ലൂസി ലിയു അവതരിപ്പിച്ച 'ഓ-റെൻ ഇഷി' എന്ന കഥാപാത്രത്തെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ആ സിനിമയിൽ അവർ ധരിക്കുന്ന വെള്ള കിമോണോ ഈ ഡിസൈൻ ചെയ്യാൻ സ്വാധീനിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ ഒരു വീഡിയോ ഗെയിം കഥാപാത്രത്തെപ്പോലെയാകാൻ എനിക്ക് ഇഷ്ടമാണ്."
വീണ്ടുമൊരു വിംബിൾഡൺ പോരാട്ടത്തിന് തുടക്കമാകുമ്പോൾ കളിയിൽ മാത്രമല്ല ലുക്കിലും താൻ വേറിട്ടു നിൽക്കുന്നുവെന്ന് തെളിയിച്ചിരിക്കുകയാണ് നഓമി ഒസാക.
Content Highlight: Naomi Osaka's fashion on the Wimbledon tennis court


































