ബാലതാരമായി ബിഗ് സ്‌ക്രീനിൽ തിളങ്ങി നിന്ന താരമാണ് സജിതാ ബേട്ടി. മിക്ക ചിത്രങ്ങളിലും ബാലതാരമായി തിളങ്ങിയ സജിതാ മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും വേറിട്ട കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയ ആയി മാറുകയും ചെയ്തു.
സിനിമയിൽ നിന്നും വിവാഹത്തോടെ ഇടവേള എടുത്തിരിക്കുകയാണ്. പ്രായത്തിനനുസരിച്ചുള്ള കഥാപാത്രങ്ങളായിരുന്നില്ല സജിത കൈകാര്യം ചെയ്തിരുന്നത്. വില്ലത്തി വേഷങ്ങളിലൂടെയാണ് കൂടുതലും ശ്രദ്ധിക്കപ്പെട്ടത്. ഇടയ്ക്ക് ഗ്ലാമർ വേഷങ്ങളിലൂടെയും താരം പ്രേക്ഷകരിൽ നിറഞ്ഞ് നിന്നിരുന്നു.

മകൾക്കും ഭർത്താവിനുമൊപ്പം ജീവിതം ആഘോഷിക്കുന്ന സജിതാ ബേട്ടി വീണ്ടും അഭിനയത്തിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. 'അഭിനയ ജീവിതം തുടങ്ങിയിട്ട് എത്ര വർഷമായി എന്ന് കൃത്യമായി ഓർമയില്ല.
പ്രായം പറയാനുള്ള മടി കൊണ്ടല്ല... അങ്ങനെ ചിന്തിച്ചിട്ടില്ല. ബാലതാരമായാണ് തുടക്കം. ഇതിനകം അറുപതിൽ കൂടുതൽ സിനിമകൾ ചെയ്തു. ദിലീപേട്ടന്റെ ലക്കി ആർട്ടിസ്റ്റ് എന്നാണ് അദ്ദേഹം എന്നെക്കുറിച്ച് പറയുന്നത്. ദിലീപേട്ടന്റെ ഞാൻ അഭിനയിച്ച എല്ലാ സിനിമകളും വലിയ ഹിറ്റാണ്. മിസ്റ്റർ ആൻഡ് മിസിസ്സ് എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. ടെലിവിഷനിൽ ടെലിഫിലിമിലൂടെയാണ് തുടക്കം.

തഹസിൽദാർ താമരാക്ഷനിൽ തെസ്നിഖാന്റെ മകളായി അഭിനയിച്ചിട്ടുണ്ട്. പ്രായത്തിൽ കവിഞ്ഞ വേഷങ്ങൾ ധാരാളം ചെയ്തു. അതുകൊണ്ട് തന്നെ കൃത്യമായ ഒരു സെലക്ഷൻ ഉണ്ടായിരുന്നില്ല. നായികയായി അഭിനയിക്കാനും സാധിച്ചില്ല. ബാലനടിയായി തുടങ്ങിയിട്ട് ഇത്ര കാലം തുടർച്ചയായി അഭിനയിക്കുകയായിരുന്നു.' 'സീരിയലിൽ കാവ്യാഞ്ജലി, അമ്മക്കിളി, ആലിപ്പഴം ഒക്കെ വലിയ ഹിറ്റുകളായിരുന്നു.
സീരിയലിൽ എക്കാലവും വലിയ താര പദവി ലഭിച്ചിട്ടുണ്ട്. ഇനിയും അങ്ങനെ ആയിരിക്കും എന്നാണ് പ്രതീക്ഷ. അഭിനയത്തിൽ സജീവമല്ലെങ്കിലും എനിക്ക് ഗ്യാപ്പ് ഫീൽ ചെയ്യുന്നില്ല. ഗർഭിണിയായിരുന്നപ്പോഴാണ് സീത ചെയ്തത്. പിന്നീട് മാറി നിൽക്കുകയായിരുന്നു. എങ്കിലും ഉദ്ഘാടനങ്ങൾക്കും മറ്റു പരിപാടികൾക്കുമൊക്കെ പങ്കെടുക്കുന്നുണ്ട്. ഷമാസിക്കയ്ക്ക് കൺസ്ട്രക്ഷൻ ബിസിനസ്സാണ്.
ഞങ്ങൾ ഇപ്പോൾ വയനാട്ടിലാണ് താമസിക്കുന്നത്. എല്ലാവരും ചോദിക്കും പ്രണയവിവാഹമായിരുന്നോ എന്ന്. വീട്ടുകാർ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു എങ്കിലും ഇപ്പോൾ ഞങ്ങൾ നന്നായി പ്രണയിക്കുന്നുണ്ട്.' 'നല്ല ഭർത്താവും നല്ല കുഞ്ഞും നല്ല കുടുംബവും കിട്ടിയതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം. ഇപ്പോഴും ധാരാളം ഓഫറുകൾ വരുന്നുണ്ട്.

മനസിനിണങ്ങിയ ഒരു കഥാപാത്രത്തിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. അഭിനയം ഒരിക്കലും നിർത്തില്ല. ഷമാസിക്ക സ്റ്റോപ്പ് എന്നു പറയുന്ന ദിവസം വരെ ഞാൻ അഭിനയിക്കും. ഇനിയും വില്ലത്തി വേഷങ്ങളിലേക്ക് വിളിച്ചാൽ കുഴപ്പമില്ല. എങ്കിലും മടങ്ങി വരവ് ഒരു പോസിറ്റീവ് കഥാപാത്രത്തിലൂടെയായാൽ നന്നായിരിക്കും എന്ന് തോന്നുന്നു. സിനിമയ്ക്ക് മടങ്ങി വരവിൽ വലിയ പ്രാധാന്യം കൊടുക്കും.
ഞാൻ പണ്ടേ വിശ്വാസങ്ങൾക്കനുസരിച്ച് ജീവിക്കുന്ന ആളാണ്. പർദ്ദയിടും. നിസ്കാരം ഫോളോ ചെയ്യും.' 'തല മറച്ച് മാത്രമെ പുറത്തിറങ്ങൂ. മേക്കപ്പ് ഇടില്ല. സിനിമയിൽ അതൊന്നുമല്ലല്ലോ മറ്റൊരു ലോകമല്ലേ അത്. ജോലി അഭിനയമാണല്ലോ. അവിടെ വ്യക്തിപരമായ താൽപര്യങ്ങൾക്ക് സ്ഥാനമില്ല.
എന്നാൽ അഭിനയം തീർന്ന് മടങ്ങി വന്നാൽ ഞാൻ പപ്പയുെടയും മമ്മിയുടെയും മോളാണ്. ഷമാസിക്കാ ടൂ കൺ ട്രീസിൽ ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്' സജിതാ ബേട്ടി പറയുന്നു. തെങ്കാശിപ്പട്ടണം, റിങ് മാസ്റ്റർ അടക്കം നിരവധി ദിലീപ് ചിത്രങ്ങളിൽ സജിത ബേട്ടി അഭിനയിച്ചിട്ടുണ്ട്.
Content Highlight: Will return to acting '; Sajitha Betty



































