#LATEST NEWS #Veena George #KSU
കണ്ണൂർ: (https://truevisionnews.com/) മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിച്ച കേസിൽ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ഒഴിവാക്കി പൊലീസ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചു. കൊല്ലണമെന്ന ഉദ്ദേശത്തോടെയുള്ള വധശ്രമം (IPC 307), മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ വകുപ്പുകളാണ് കേസിൽ നിന്നും ഒഴിവാക്കിയത്.
വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചതിനെ തുടർന്നാണ് പൊലീസിന്റെ ഈ നിർണായക നീക്കം. കേസിൽ കൃത്യമായ തെളിവുകൾ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.
കഴിഞ്ഞ ഫെബ്രുവരി 25-നായിരുന്നു കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് വീണാ ജോർജിനെതിരെ കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത്.മന്ത്രിയെ അപായപ്പെടുത്താനുള്ള കരുതിക്കൂട്ടിയുള്ള നീക്കമാണിതെന്നായിരുന്നു സി.പി.ഐ.എം നേതാക്കളുടെ ആരോപണം. മാരകായുധങ്ങളുമായി ആക്രമിച്ചു എന്ന പേരിലായിരുന്നു പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
കേസിൽ കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് അതുൽ എം.സി, അക്ഷയ് മാട്ടൂൽ, ബിതുൽ ബാലൻ, മുബാസ് സി. അച്ച്, അഹമ്മദ് യാസീൻ എന്നിവർ അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയും ചെയ്തിരുന്നു.
ഗുരുതര വകുപ്പുകൾ ഒഴുവാക്കിയതോടെ കേസ് പൂർണ്ണമായും രാഷ്ട്രീയപ്രേരിതമാണെന്ന് തെളിഞ്ഞതായി കെ.എസ്.യു പ്രതികരിച്ചു. "വ്യാജ പരാതി നൽകി തങ്ങളെ ജയിലിലടച്ച മുൻ മന്ത്രി വീണാ ജോർജ് പൊതുസമൂഹത്തോട് മാപ്പ് പറയണം. ഗൺമാനെതിരെ കള്ളപ്പരാതിക്ക് നടപടി സ്വീകരിക്കണം. കേസിൽ പുനഃരന്വേഷണം വേണം." അതുൽ എം.സി (കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ്)
Content Highlight: Police drop attempt to murder charges in case of black flagging of Veena George

































