#Latest News #Children #Haripad Police #Arrest #Alappuzha
ഹരിപ്പാട്: ( www.truevisionnews.com ) തമിഴ്‌നാട് സ്വദേശികളായ ബാലന്മാരെ ആലപ്പുഴയിൽ ഭിക്ഷാടനത്തിനായി എത്തിച്ച് ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ പിതൃസഹോദരൻ അറസ്റ്റിൽ. തമിഴ്‌നാട് തൂത്തുക്കുടി കാമരാജ് നഗർ സ്വദേശി അന്തോണി(31)യെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.
അന്തോണിയുടെ സഹോദരന്റെ മക്കളായ മഹാരാജ (14), ചിലമ്പരശൻ (11) എന്നിവരെ തൂത്തുക്കുടിയിൽനിന്നും ഹരിപ്പാട് എത്തിച്ചാണ് ഭിക്ഷാടനത്തിന് നിർബന്ധിച്ചിരുന്നത്. ഇവർ ആവശ്യപ്പെടുന്ന തുക ഭിക്ഷയെടുത്തു നൽകിയില്ലെങ്കിൽ കുട്ടികളെ ക്രൂരമായി മർദ്ദിക്കുക പതിവായിരുന്നു. കുട്ടികൾക്ക് ആവശ്യത്തിന് ഭക്ഷണം നൽകാനും ഇയാൾ തയ്യാറായിരുന്നില്ല.
പീഡനം സഹിക്കവയ്യാതെ മഹാരാജ ഇവരുടെ സംഘത്തിൽനിന്നും ഓടി രക്ഷപ്പെട്ട് ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ എത്തിപ്പെടുകയായിരുന്നു. ഇവിടെവെച്ച് നാട്ടുകാരാണ് കുട്ടിയെ കണ്ടെത്തി പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം കുട്ടിയെ ബാലഭവനിൽ താൽക്കാലികമായി താമസിപ്പിച്ചു വരികയാണ്.
വിവരമറിഞ്ഞ് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയ അന്തോണിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. അന്വേഷണത്തിൽ ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റ് സംഘാംഗങ്ങളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ തട്ടാരമ്പലം ഭാഗത്തുനിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
അറസ്റ്റിലാകുമ്പോൾ ഇയാളോടൊപ്പം ചിലമ്പരശനും ഉണ്ടായിരുന്നു. പ്രതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.
Content Highlight: Fourteen Year Old Boy Escapes From Haripad Begging Mafia Paternal Uncle Who Brought The Boy To Kerala aArrested

































