#Masapadi case #T. Veena #Enforcement Directorate
കൊച്ചി: (https://truevisionnews.com/) മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ ചോദ്യം ചെയ്യുന്നതിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിശദമായ ചോദ്യാവലി തയ്യാറാക്കി.
സിഎംആർഎൽ - എക്സാലോജിക് ഇടപാടിലൂടെ ടി. വീണയ്ക്ക് ലഭിച്ച 1.72 കോടി രൂപ എങ്ങനെ വിനിയോഗിച്ചു എന്നതാണ് ഇഡി പ്രധാനമായും ചോദിച്ചറിയുക. ഈ വെള്ളിയാഴ്ച രാവിലെ 10:30-ന് കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചാണ് ടി. വീണയ്ക്ക് സമൻസ് നൽകിയിരിക്കുന്നത്.
സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപ സ്ഥലം വാങ്ങാനാണോ അതോ മറ്റെവിടെയെങ്കിലും നിക്ഷേപിക്കാനാണോ വിനിയോഗിച്ചത് എന്ന് ഇഡി കൃത്യമായി പരിശോധിക്കും. കേസിൽ സിഎംആർഎല്ലും എക്സാലോജിക്കും തമ്മിലുണ്ടാക്കിയ കരാറുകൾ, കൈമാറിയ തുക എന്നിവ സംബന്ധിച്ച നിരവധി പേജുകളുള്ള ചോദ്യാവലിയാണ് ഇഡി ഇതിനായി തയ്യാറാക്കിയിട്ടുള്ളത്.
കേസുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒ ശേഖരിച്ച 134 സുപ്രധാന രേഖകൾ ഇഡിക്ക് കൈമാറാൻ കഴിഞ്ഞ ദിവസം കലൂർ പിഎംഎൽഎ കോടതി ഉത്തരവിട്ടിരുന്നു. ഈ രേഖകളിലെ തെളിവുകളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും വെള്ളിയാഴ്ചത്തെ ചോദ്യം ചെയ്യൽ നടക്കുക.
Content Highlight: Masapadi case, T. Veena, Enforcement Directorate, questioning on Friday




























