#Latest News #Cpm #Criticism
ആലപ്പുഴ: (truevisionnews.com) നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സിപിഎം ലോക്കൽ കമ്മിറ്റി യോഗങ്ങളിൽ പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമർശനപ്പെരുമഴ. ജനങ്ങളോട് എങ്ങനെ മാന്യമായി പെരുമാറണമെന്ന് പഠിക്കാൻ മുതിർന്ന നേതാക്കൾക്ക് ഉൾപ്പെടെ കൗൺസലിങ് നൽകണമെന്ന വിചിത്രവും ശക്തവുമായ ആവശ്യമാണ് കഞ്ഞിക്കുഴി കണ്ണർകാട് ലോക്കൽ കമ്മിറ്റി യോഗത്തിൽ അംഗങ്ങൾ ഉന്നയിച്ചത്.
ഒരു ജനകീയ സർക്കാരിനെ ജനങ്ങളിൽ നിന്ന് അകറ്റിയത് പാർട്ടിയുടെ നേതൃനിരയാണെന്നും, മുതിർന്ന നേതാക്കളുടെ ധാർഷ്ട്യം നിറഞ്ഞ പെരുമാറ്റം പുതിയ തലമുറയിലെ നേതാക്കളും അനുകരിക്കുകയാണെന്നും യോഗത്തിൽ വിമർശനമുയർന്നു.
ഭരണകാലത്ത് സ്വന്തം പാർട്ടിയുടെ ലോക്കൽ, ബ്രാഞ്ച് സെക്രട്ടറിമാർ മന്ത്രിമാരെയോ എംഎൽഎമാരെയോ സമീപിച്ചാൽ പാർട്ടിയെത്തന്നെ വെറുത്തുപോകുന്ന രീതിയിലുള്ള പെരുമാറ്റമാണ് പലരിൽ നിന്നും ഉണ്ടായതെന്നും, പുതുതായി നേതൃനിരയിലേക്ക് വരുന്നവർക്ക് ജനങ്ങളുമായി ഇടപെടാൻ കഴിവുണ്ടോ എന്ന് പരിശോധിക്കണമെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി.
ചേർത്തല, ആലപ്പുഴ മണ്ഡലങ്ങളിലെ ലോക്കൽതല തിരഞ്ഞെടുപ്പ് അവലോകനയോഗങ്ങൾ ആരംഭിച്ചതോടെയാണ് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന തുറന്നപറച്ചിലുകൾ പുറത്തുവന്നത്. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ മുഖ്യ ഉത്തരവാദിത്വം ഏറ്റെടുത്ത് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്ന് വരെ ഒരു ലോക്കൽ കമ്മിറ്റിയംഗം ആവശ്യപ്പെട്ടു.
അവിടെ ടി. ശശിധരൻ, സുരേഷ് കുറുപ്പ്, സി. രവീന്ദ്രനാഥ് എന്നിവരെപ്പോലെ ജനങ്ങളോട് സൗമ്യമായി പെരുമാറാനറിയാവുന്ന നേതാക്കളെ നിയമിക്കണമെന്നും നിർദ്ദേശമുയർന്നു. നവകേരള സദസ്സും അയ്യപ്പസംഗമവും നടത്തിയതിനെതിരെയും യോഗങ്ങളിൽ കടുത്ത അമർഷമാണ് ഉയർന്നത്.
നവകേരള സദസ്സിൽ ജനങ്ങളിൽ നിന്ന് വൻതോതിൽ പരാതികൾ സ്വീകരിച്ചിട്ടും അതിന്മേൽ യാതൊരു നടപടിയും ഉണ്ടാകാത്തത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി.
പണ്ട് വി.എസ്. അച്യുതാനന്ദൻ ഫ്ലെക്സ് വെച്ചപ്പോൾ എതിർത്ത പിണറായി വിജയനാണ് ഇപ്പോൾ നാടുനീളെ സ്വന്തം ഫ്ലെക്സുകൾ വെച്ചിരിക്കുന്നതെന്ന വ്യക്തിപരമായ വിമർശനവും ജില്ലാ, ഏരിയ കമ്മിറ്റി പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടന്ന യോഗങ്ങളിൽ ഉയർന്നുവന്നു.
Content Highlight: content highlights:- CPM leaders should be given counseling on how to behave towards the people


































