തൃശൂർ: (https://truevisionnews.com/) എടത്തിരുത്തിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് അതിവേഗം പിടികൂടി. എടത്തിരുത്തി അയ്യൻപടി സ്വദേശി കൊട്ടാരത്തിൽ വീട്ടിൽ അനൂപിനെയാണ് (42) തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. എടത്തിരുത്തി കാളിക്കുട്ടി സാംസ്‌കാരിക നിലയത്തിനു സമീപം വട്ടപ്പുള്ളി വീട്ടിൽ അനീഷ് (43) ആണ് ഇന്നലെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഞായറാഴ്ച വൈകീട്ട് ഏഴു മണിയോടെ അനീഷും അനൂപും ഉൾപ്പെടെയുള്ള അഞ്ചംഗ സുഹൃത്തുക്കൾ അയ്യൻപടിയിലെ ഒരു സുഹൃത്തിന്റെ വീട്ടിലിരുന്ന് മദ്യപിച്ചിരുന്നു. അവിടെ നിന്ന് പുറത്തിറങ്ങിയ ശേഷം രാത്രി എട്ടുമണിയോടെ അനീഷും അനൂപും തമ്മിൽ കടുത്ത തർക്കമുണ്ടായി. ഈ വൈരാഗ്യത്തെ തുടർന്ന് അനൂപ്, അനീഷിനെ ആക്രമിക്കുകയും കൈയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് വയറ്റിൽ കുത്തുകയുമായിരുന്നു.
കുത്തേറ്റ അനീഷിന്റെ നിലവിളി കേട്ട് തൊട്ടടുത്ത് താമസിക്കുന്ന ജ്യേഷ്ഠൻ സന്തോഷും പരിസരവാസികളും ഓടിയെത്തി ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതി അനൂപിനെ അയ്യൻപടി ഉന്നതിയിലെ ഒരു ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടയിലാണ് പോലീസ് പിടികൂടിയത്.
അറസ്റ്റിലായ അനൂപ് മുൻപും കയ്പമംഗലം, മതിലകം, കാട്ടൂർ പോലീസ് സ്റ്റേഷനുകളിലായി വധശ്രമം ഉൾപ്പെടെ അഞ്ച് ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കയ്പമംഗലം എസ്.എച്ച്.ഒ ബിജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ വലയിലാക്കിയത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Youth stabbed to death in Edathiruthi; Accused friend arrested from relative's house

































