തിരുവനന്തപുരം: ( www.truevisionnews.com ) ആശ പ്രവർത്തകരുടെ ഓണറേറിയം 3000 രൂപ വർധിപ്പിച്ച യുഡിഎഫ് സർക്കാരിന്റെ നടപടി മല എലിയെ പ്രസവിച്ചത് പോലെയാണെന്ന് മുൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ.
ആശ പ്രവർത്തകരുടെ ഓണറേറിയം 21,000 രൂപയായി വർധിപ്പിക്കണമെന്നും വിരമിക്കൽ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടാണ് ചില സംഘടനകളുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിന് മുന്നിൽ മാസങ്ങളോളം സമരം നടന്നത്.
തങ്ങൾ അധികാരത്തിൽ എത്തിയാൽ ആശമാരുടെ ആവശ്യങ്ങൾ ആദ്യത്തെ മന്ത്രിസഭാ യോഗത്തിൽ തന്നെ നടപ്പിലാക്കുമെന്ന് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
എന്നാൽ അധികാരത്തിൽ എത്തിയതോടെ അദ്ദേഹം കൈക്കൊണ്ട നടപടി മല എലിയെ പ്രസവിച്ചത് പോലെ ആയിപ്പോയി എന്നാണ് ബാലഗോപാലിന്റെ വിമർശനം.
കഴിഞ്ഞ ആറുമാസത്തിനുള്ളിൽ രണ്ടുതവണയായി 2000 രൂപയുടെ വർധനവ് ആശാപ്രവർത്തകരുടെ വേതനത്തിൽ ഇടതു സർക്കാർ തന്നെ വരുത്തിയിരുന്നു.
രണ്ടാം പിണറായി സർക്കാർ മാത്രം 3000 രൂപയുടെ ആകെ വർധനവ് ആശാപ്രവർത്തകർക്ക് നൽകിയിട്ടുമുണ്ട്. അങ്കണവാടി, പ്രീ പ്രൈമറി, സ്‌കൂൾ പാചകത്തൊഴിലാളി, കരാർ ജീവനക്കാർ തുടങ്ങിയ എല്ലാ വിഭാഗങ്ങൾക്കും ഇതിനൊപ്പം ഇതേ നിരക്കിൽ ആനുകൂല്യങ്ങൾ വർധിപ്പിച്ചു നൽകി.
ഒന്നാം പിണറായി സർക്കാർ ചുമതലയേൽക്കുമ്പോൾ 1000 രൂപയായിരുന്ന ആശാ പ്രവർത്തകരുടെ ഓണറേറിയം രണ്ടാം പിണറായി സർക്കാർ ചുമതല ഒഴിയുമ്പോൾ 9000 രൂപയായി വർധിപ്പിച്ചു. 8,000 രൂപയുടെ ആകെ വർധനവാണ് ഈ കാലയളവിൽ ആശാപ്രവർത്തകർക്ക് നൽകിയത്.
വി.എസ് അച്യുതാനന്ദൻ സർക്കാർ ചുമതല ഒഴിയുമ്പോൾ 500 രൂപയായിരുന്ന ആശ ഓണറേറിയം വർധിപ്പിക്കാൻ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നടന്ന സമരം ഇപ്പോഴും കേരളം മറന്നിട്ടില്ല. അഞ്ചുവർഷ ഭരണത്തിനൊടുവിൽ 500 രൂപയുടെ വർധനവ് മാത്രമാണ് ഉമ്മൻചാണ്ടി പ്രഖ്യാപിച്ചതെന്നും ബാലഗോപാൽ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
Honorarium increase for ASHA workers, UDF government, Pinarayi Vijayan, K.N. Balagopal





























