---
title: "ജോൺ പോളിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് സഹായം, രണ്ട് ലക്ഷം രൂപ അനുവദിച്ചു"
english_title: "Assistance from the John Pauline Chief Minister's Disaster Relief Fund"
publisher: "moviemax.in"
canonical_url: "https://moviemax.in/news/35609/assistance-from-the-john-pauline-chief-ministers-disaster-relief-fund"
published_at: "2022-04-03T19:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6249ac8a20201_john.jpg"
keywords: []
---

# ജോൺ പോളിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് സഹായം, രണ്ട് ലക്ഷം രൂപ അനുവദിച്ചു

> **Lead Summary:** കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തിരക്കഥാകൃത്ത് ജോൺ പോളിൻ്റെ ചികിത്സ സഹായ നിധിയിലേക്ക് മുഖ്യമന്ത്രിയുടെ ഫണ്ടിൽ നിന്ന് രണ്ട് ലക്ഷം രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. ഇത് കൂടാതെ പതിനൊന്ന് ലക്ഷത്തി അറുപത്തി നാലായിരം രൂപയാണ് പൊതുജനങ്ങളിൽ നിന്നായി ചികിത്സ സഹായമെത്തിയത്.

## Article Content

കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തിരക്കഥാകൃത്ത് ജോൺ പോളിൻ്റെ ചികിത്സ സഹായ നിധിയിലേക്ക് മുഖ്യമന്ത്രിയുടെ ഫണ്ടിൽ നിന്ന് രണ്ട് ലക്ഷം രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. ഇത് കൂടാതെ പതിനൊന്ന് ലക്ഷത്തി അറുപത്തി നാലായിരം രൂപയാണ് പൊതുജനങ്ങളിൽ നിന്നായി ചികിത്സ സഹായമെത്തിയത്.

നാല് ദിവസം മുൻപാണ് ജോൺ പോൾ ചികിത്സ സഹായത്തിന് അഭ്യർത്ഥനയ്ക്ക് അദ്ദേഹത്തിൻറെ സുഹൃത്തുക്കൾ തുടക്കമിട്ടത്.അതേസമയം ആശുപത്രിയിലെത്തിച്ചതിനേക്കാൾ ജോൺ പോളിൻറെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായി ഡോക്ടർമാർ അറിയിച്ചു. രണ്ട് മാസത്തോളം വിവിധ ആശുപത്രികളിലായി ഗുരുതരാവസ്ഥയിൽ തുടരുകയാണ് ജോൺ പോള്‍.

ശ്വാസ തടസ്സവും രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതും ജോൺ പോളിനെ അവശ നിലയിലാക്കിയിരുന്നു. ക്രിട്ടിക്കൽ കെയർ ടീമിന്റെ ചികിത്സ വേണ്ടി വന്നതോടെ ഒരു മാസം മുമ്പാണ് ആദ്യം ചികിത്സിച്ച ആശുപത്രിയിൽ നിന്ന് മാറ്റിയത്. നില ഗുരുതരമായതോടെ പരിചരണത്തിന് പ്രത്യേക മെഡിക്കൽ സംഘത്തെയും നിയോഗിച്ചിരുന്നു.

അതേ സമയം മാസങ്ങൾ നീണ്ട ചികിത്സയെ തുടർന്ന് ജോൺപോളിന്റെ കുടുംബം കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണെന്ന് സുഹൃത്തുക്കൾ പറയുന്നു. ഇതുവരെ ചികിത്സയ്ക്കായി വേണ്ടി വന്നത് 20 ലക്ഷം രൂപയാണ്. മാക്ടയടക്കമുള്ള സിനിമ സംഘടനകൾ സാമ്പത്തിക സഹായം നൽകിയെങ്കിലും അതുകൊണ്ട് തീരുന്നതല്ല പ്രതിസന്ധി.

മലയാള സിനിമക്ക് വലിയ സംഭാവന നൽകിയ ജോൺ പോളിന് ജീവിതത്തിൽ വലുതായൊന്നും സമ്പാദിക്കാനായിരുന്നില്ല. ചികിത്സയ്ക്ക് വലിയ തുക വേണ്ടി വന്നതോടെയാണ് സുഹൃത്തുക്കളുടെ നേതൃത്വത്തിൽ സഹായനിധി രൂപീകരിച്ചത്. ചികിത്സ സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും അപേക്ഷ നൽകിയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/35609/assistance-from-the-john-pauline-chief-ministers-disaster-relief-fund)