ഡോക്ടര്‍ രമ കടുത്ത രോഗബാധിതയായിരുന്നെങ്കിലും വളരെ പെട്ടെന്നൊരു വിയോഗം തങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് നടന്‍ മുകേഷ്. സിനിമയിലുള്ള എല്ലാവര്‍ക്കും എപ്പോഴും ആശ്രയിക്കാന്‍ കഴിയുന്ന ഡോക്ടറും സുഹൃത്തുമൊക്കെയായിരുന്നു ഡോക്ടര്‍ രമ.
നേരിട്ടും അല്ലാതെയും സിനിമയിലെ സുഹൃത്തുക്കള്‍ക്ക് ചികിത്സയും ഉപദേശവും നല്‍കിയിരുന്നു. ജഗദീഷിന്റെ വീട്ടിലെത്തി ഡോക്ടര്‍ രമയ്ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പല സന്ദര്‍ഭങ്ങളിലും നേരിട്ട് കാണാതെ ഫോണിലൂടെ പോലും ഞാനുള്‍പ്പടെ സിനിമയിലുള്ള ഒരുപാടു പേര്‍ക്ക് ചികിത്സയും ഉപദേശങ്ങളും നല്‍കിയിട്ടുണ്ട്. ഡോക്ടര്‍ രമ രോഗബാധിതയായിരുന്നെങ്കിലും ഇത്രയും പെട്ടെന്ന് ഒരു വിയോഗം ആരും പ്രതീക്ഷിച്ചിരുന്നില്ല.
രോഗം ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയില്ല എന്നൊക്കെ ജഗദീഷ് പറയുമായിരുന്നു. എങ്കിലും കുറേക്കാലം കൂടി ജീവിക്കും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു.
ജഗദീഷിന്റെ സുഹൃത്തുക്കള്‍ക്കെല്ലാം വളരെ സഹായവും ആശ്വാസവുമായി നിന്ന ഒരു ഡോക്ടര്‍ ആയിരുന്നു. വളരെയധികം സങ്കടമുണ്ട്. കുടുംബത്തിന് ഈ വേര്‍പാട് സഹിക്കാനുള്ള കഴിവുണ്ടാകട്ടെ.’-മുകേഷ് പറഞ്ഞു.
Content Highlight: Comfort and help to all of us Rema: Mukesh

































