---
title: "മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ വിശദീകരണവുമായി നടന്‍ ബാല"
english_title: "Actor Bala with an explanation on the allegations related to Monson Maungdaw"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3437/actor-bala-with-an-explanation-on-the-allegations-related-to-monson-maungdaw"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6152c4e3997dc_.jpg"
keywords: []
---

# മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ വിശദീകരണവുമായി നടന്‍ ബാല

> **Lead Summary:** മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ വിശദീകരണവുമായി നടന്‍ ബാല. മോന്‍സണ്‍ അയല്‍വാസിയാണെന്നും മറ്റ് ബന്ധങ്ങളില്ലെന്നും ബാല പറഞ്ഞു. അയൽവാസിയായതിനാൽ അദ്ദേഹവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നും എന്നാല്‍ അയാളുടെ വ്യക്തിപരമായ കാര്യങ്ങൾ അറിയില്ലായിരുന്നുവെന്നും ബാല പറഞ്ഞു.

## Article Content

മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ വിശദീകരണവുമായി നടന്‍ ബാല. മോന്‍സണ്‍ അയല്‍വാസിയാണെന്നും മറ്റ് ബന്ധങ്ങളില്ലെന്നും ബാല പറഞ്ഞു. അയൽവാസിയായതിനാൽ അദ്ദേഹവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നും എന്നാല്‍ അയാളുടെ വ്യക്തിപരമായ കാര്യങ്ങൾ അറിയില്ലായിരുന്നുവെന്നും ബാല പറഞ്ഞു.

‘ഞാനൊരു തമിഴ്നാട്ടുകാരനാണ്. മലയാളികളെ മുഴുവൻ അയാൾ പറ്റിച്ചെന്ന് പറയുന്നു. നിങ്ങൾക്കു തന്നെ ബോധ്യപ്പെടാത്ത കാര്യം അന്യനാട്ടുകാരനായ ഞാൻ എങ്ങനെ അറിയും. എന്നെ സംബന്ധിച്ചടത്തോളം അദ്ദേഹം എന്റെ അയൽക്കാരനാണ്. ഒരു ദ്രോഹവും ചെയ്തിട്ടില്ല. നിരവധിപ്പേരെ വിവാഹം കഴിപ്പിച്ച് അയയ്ക്കുന്നതും ഓപ്പറേഷനു വേണ്ടി പൈസ കൊടുക്കുന്നതുമൊക്കെയാണ് അദ്ദേഹത്തെക്കുറിച്ച് ഞാൻ കണ്ട കാഴ്ചകൾ. നിങ്ങൾ പറയുമ്പോഴാണ് അദ്ദേഹത്തെക്കുറിച്ച് ഇങ്ങനെയുള്ള വാർത്തകൾ കേൾക്കുന്നത് തന്നെ.’

‘ഞാൻ വേട്ടയാടപ്പെടുകയാണ്. വിവാഹത്തിന് ശേഷം നിരവധി ആരോപണങ്ങള്‍ നേരിട്ടു. ധാരാളം ഫോണ്‍ കോളുകള്‍ വന്നു. ഞാൻ ഇപ്പോൾ ചെന്നൈയിലാണ്. എന്റെ അമ്മ ഇപ്പോൾ സന്തോഷവതിയാണ്. സെപ്റ്റംബർ അഞ്ചിനായിരുന്നു എന്റെ വിവാഹം. വിവാഹം കഴിഞ്ഞ് എട്ടു വർഷത്തിനു ശേഷമാണ് സന്തോഷത്തോടെ ഇരിക്കുന്നത്. ഈ സമയത്ത് ഇങ്ങനെയൊരു വിവാദത്തിന്റെ ആവശ്യം എനിക്കില്ല.

ഇപ്പോള്‍ പുറത്തുവന്ന ഓഡിയോ ക്ലിപ്പിൽ എന്തെങ്കിലും മോശമായി സംസാരിച്ചിട്ടുണ്ടോ? ആരുടെയും ഭാഗത്തു നിന്നല്ല ഞാൻ സംസാരിച്ചത്. ആരും പറഞ്ഞിട്ടല്ല ഞാൻ ആ ഫോൺ വിളിച്ചത്. മാത്രമല്ല അയാൾ തട്ടിപ്പുകാരനാണെന്ന് അറിയാമായിരുന്നെങ്കിൽ എട്ട് വർഷം മുമ്പ് സ്വന്തം ജീവിതത്തിൽ ഞാൻ തോറ്റുപോകുമായിരുന്നോ? അത്രയും അറിവ് എനിക്കില്ല. എല്ലാവരെയും സ്നേഹിക്കാൻ മാത്രമേ അറിയൂ. മോൻസൺ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിൽ നിയമപരമായ നടപടികൾ ഉണ്ടാകട്ടെ.’–ബാല പറഞ്ഞു.

മോന്‍സണ്‍ മാവുങ്കലിനെതിരായ പരാതി പിന്‍വലിപ്പിക്കാന്‍ നടന്‍ ബാല ഇടപെട്ടുവെന്ന തരത്തിൽ വാർത്തൾ പുറത്തുവന്നിരുന്നു. മോന്‍സണിന്റെ മുന്‍ ഡ്രൈവര്‍ അജി നെട്ടൂര്‍ നല്‍കിയ പരാതി പിന്‍വലിപ്പിക്കാന്‍ ബാല ഇടപെട്ടെന്നായിരുന്നു വാർത്ത. അജിയും ബാലയും തമ്മിലുള്ള ഫോണ്‍ സംഭാഷണംവും പുറത്തുവന്നു. തന്നെ ഒരു സഹോദരനായിട്ടാണ് കാണുന്നതെങ്കില്‍ മോന്‍സണിനെതിരായ പരാതി പിന്‍വലിക്കണമെന്ന് ബാല പറയുന്നുണ്ട്. അജിക്കെതിരായ കേസുകള്‍ ഒഴിവാക്കാന്‍ താന്‍ പറഞ്ഞിട്ടുണ്ടെന്നും സ്നേഹത്തോടെ മുന്നോട്ടു പോകണമെന്നും ബാല പറയുന്നത് കേള്‍ക്കാം.

അവശത അനുഭവിക്കുന്നവർക്ക് സാമ്പത്തിക സഹായം നൽകുന്ന ബാലയുടെ 'ലീവ് ടു ഗിവ്' പരിപാടിയിൽ മോൻസൺ അതിഥിയായി എത്തിയ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. തന്റെ കൈവശമുണ്ടായിരുന്ന ഇസ്​ലാമിക പുരാവസ്തുക്കൾ വാങ്ങാൻ അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കമ്പനി ബന്ധപ്പെട്ടിരുന്നുവെന്ന് മോൻസൻ മാവുങ്കൽ ഈ അഭിമുഖത്തിൽ ബാലയോട് പറയുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3437/actor-bala-with-an-explanation-on-the-allegations-related-to-monson-maungdaw)