---
title: "മൈക്ക് പിടിച്ച് വാങ്ങാൻ നോക്കി, പ്രതികരിക്കാൻ കഴിഞ്ഞില്ല; നവ്യാ നായർ  "
english_title: "Mike grabbed and looked to buy, could not respond; Navya Nair"
publisher: "moviemax.in"
canonical_url: "https://moviemax.in/news/34229/mike-grabbed-and-looked-to-buy-could-not-respond-navya-nair"
published_at: "2022-03-27T15:45:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624039bb062aa_navya.jpg"
keywords: []
---

# മൈക്ക് പിടിച്ച് വാങ്ങാൻ നോക്കി, പ്രതികരിക്കാൻ കഴിഞ്ഞില്ല; നവ്യാ നായർ  

> **Lead Summary:** നവ്യാ നായർ‌ നായികയായ ഒരുത്തീ സിനിമയുടെ പ്രമോഷനെത്തിയപ്പോഴാണ് വിവാദ പരമാർശങ്ങൾ വിനായകന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടായത്. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്ന് തോന്നിയാൽ അത് ചോദിക്കുമെന്നും മീ ടൂ എന്താണെന്ന് തനിക്ക് അറിയില്ലെന്നും വിനായകൻ പറഞ്ഞിരുന്നു.

## Article Content

നവ്യാ നായർ‌ നായികയായ ഒരുത്തീ സിനിമയുടെ പ്രമോഷനെത്തിയപ്പോഴാണ് വിവാദ പരമാർശങ്ങൾ വിനായകന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടായത്. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്ന് തോന്നിയാൽ അത് ചോദിക്കുമെന്നും മീ ടൂ എന്താണെന്ന് തനിക്ക് അറിയില്ലെന്നും വിനായകൻ പറഞ്ഞിരുന്നു.

'എന്താണ് മീ ടൂ? എനിക്കറിയില്ല.... പെണ്ണിനെ കയറിപ്പിടിക്കുന്നതാണോ...? ഞാൻ ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്ന് തോന്നിയാൽ അത് ചോദിക്കും. എന്നോട് ഒരു സ്ത്രീയും ഇങ്ങോട്ട് ചോദിച്ചിട്ടില്ല' എന്നൊക്കെയായിരുന്നു വിനായകൻ പറഞ്ഞത്. സംഭവം പിന്നീട് വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴി വെച്ചു. അന്ന് വിനായകനൊപ്പം സംവിധായകൻ വി.കെ പ്രകാശ്, നടി നവ്യാ നയർ തുടങ്ങിയവരും ഉണ്ടായിരുന്നു. 

സ്റ്റേജിൽ വിനായകൻ ഇത്തരം വഷളത്തരം പറഞ്ഞപ്പോഴും പെണ്ണായ നവ്യ പ്രതികരിച്ചില്ലെന്ന് പറഞ്ഞും ചിലർ രം​​ഗത്തെത്തിയിരുന്നു. ആ സംഭവത്തിന് ശേഷം തനിക്ക് നേരെയുണ്ടായ വിമർശനങ്ങളെ കുറിച്ചും വിനായകന്റെ പ്രസം​ഗത്തിൽ തനിക്കുള്ള എതിർപ്പും നവ്യ തുറന്ന് പറഞ്ഞിരിക്കുകയാണിപ്പോൾ.

വിനായകന്റെ മീ ടു പ്രസ്താവന തെറ്റായിപ്പോയിയെന്നും വിവാദ പരാമർശത്തിൽ താനും ക്രൂശിക്കപ്പെട്ടുവെന്നും നവ്യാ നായർ മാധ്യമങ്ങളോട് പറഞ്ഞു. 'വിനായകൻ പറഞ്ഞത് തെറ്റായിപോയി. ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന്. എനിക്കും ആ പ്രസം​ഗം ബുദ്ധിമുട്ടുണ്ടാക്കി. മൈക്ക് പലതവണ പിടിച്ച് വാങ്ങാൻ നോക്കി. അതിനപ്പുറത്തേക്കുള്ള ഒരു പ്രതികരണ ശേഷി എനിക്ക് ഇല്ല.' 

'അന്നുണ്ടായ മുഴുവൻ സംഭവത്തിനും ഞാൻ ക്ഷമ ചോദിച്ചാൽ പ്രശ്നം തീരുമെങ്കിൽ ഇപ്പോൾ ഞാൻ എല്ലാവരോടും ക്ഷമ പറയുന്നു. അവിടെ നടന്നത് പുരുഷന്റെ പരാമർശമാണെങ്കിലും ഇപ്പോഴും ക്രൂശിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് മറ്റൊരു സ്ത്രീയാണ്.

എന്നോടൊപ്പം വലിയ വലിയ പുരുഷന്മാരും അന്ന് ആ സ്റ്റേജിൽ ഉണ്ടായിരുന്നു. പക്ഷെ സംഭവത്തിന് ശേഷം എല്ലാവരും ചോദ്യങ്ങൾ ചോദിച്ചത് എന്റെ അടുത്ത് ആണെന്ന് മാത്രം' നവ്യാ നായർ പറഞ്ഞു. വിമർശനം കൂടിയതോടെ കഴിഞ്ഞ ദിവസം വിനായകൻ സമൂഹമാധ്യമങ്ങളിലൂടെ ക്ഷമ ചോദിച്ച് രം​ഗത്തെത്തിയിരുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/34229/mike-grabbed-and-looked-to-buy-could-not-respond-navya-nair)