ഒരുത്തീ സിനിമയുടെ പത്രസമ്മേളനത്തിനിടെ മീടു സംബന്ധിച്ച് നടൻ വിനായകൻ(Vinayakan) നടത്തിയ പരാമർശങ്ങൾ ഒന്നും തന്നെ കെട്ടടങ്ങിയിട്ടില്ല. നിരവധി പേരാണ് വിനായകനെതിരെ ഇതിനോടകം രംഗത്തെത്തിയത്. ഇപ്പോഴിതാ വിനായകനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായിക വിധു വിൻസന്റ്(Vidhu Vincent).
വിനായകൻ സുഹൃത്താണെന്നും എന്നാൽ പറഞ്ഞതൊക്കെയും സ്ത്രീകളെ അപമാനിക്കുന്നതാണെന്നും വിധു വിൻസന്റ് പറയുന്നു. വിനായകൻ മാപ്പ് പറയണമെന്നും സംവിധായിക ആവശ്യപ്പെട്ടു. "ഒരുത്തീയുടെ പ്രസ് കോൺഫറൻസിൽ വിനായകൻ നടത്തിയ അഭിപ്രായപ്രകടനം കഴിഞ്ഞ ദിവസമാണ് കണ്ടത്.

വിനായകൻ സുഹൃത്താണ് എന്നാലും പറയാതിരിക്കാനാവില്ല. വായിൽ തോന്നുന്നതെന്തും വിളിച്ചു പറയാൻ പറ്റുന്നതാണ് സ്വാതന്ത്ര്യമെന്ന് വിനായകന് തെറ്റിദ്ധാരണ ഉണ്ടെങ്കിൽ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളെങ്കിലും അതൊന്ന് തിരുത്തിക്കൊടുക്കണം.
വിനായകൻ പറഞ്ഞതൊക്കെയും സ്ത്രീകളെ അപമാനിക്കുന്നവയാണ്. പറഞ്ഞു പോയതിന്റെ പേരിൽ വിനായകൻ മാപ്പ് പറയുകയാണ് വേണ്ടത്", എന്നാണ് വിധു വിൻസന്റ് കുറിച്ചത്. വിവാദങ്ങൾക്കിടെ കഴിഞ്ഞ ദിവസം വിനായകൻ പങ്കുവച്ച ആദ്യ പോസ്റ്റും സോഷ്യൽ മീഡിയയുടെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.
പഞ്ചപാണ്ഡവര്‍ക്കൊപ്പം നിൽക്കുന്ന പാഞ്ചാലിയുടെ ചിത്രമാണ് വിനായകൻ പങ്കുവെച്ചത്. നടൻ സാധാരണ എപ്പോഴും പോസ്റ്റ് ചെയ്യാറുള്ളത് പോലെ ചിത്രത്തിനൊപ്പം ക്യാപ്ഷനുകളൊന്നും തന്നെ നൽകിയിരുന്നില്ല.
രണ്ട് ദിവസം മുമ്പ് ഒരുത്തീ സിനിമയുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലായിരുന്നു വിനായകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. നവ്യ നായരും സംവിധായകന്‍ വി.കെ. പ്രകാശും ഒപ്പം ഉണ്ടായിരുന്നിട്ടും നിശബ്ദത പാലിച്ചതിനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്.
‘എന്റെ ലൈഫില്‍ ഞാന്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെക്‌സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത് നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ എന്ന്. നിങ്ങള്‍ പറയുന്ന മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എനിക്ക് വേറെ ആര്‍ക്കെങ്കിലുമൊപ്പം സെക്‌സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ഇനിയും ചോദിക്കും.
ഇതാണോ നിങ്ങള്‍ പറഞ്ഞ മീ ടൂ? ഇതല്ലെങ്കില്‍ എന്താണ് നിങ്ങള്‍ പറയുന്ന മീ ടൂ? നിങ്ങളെനിക്ക് പറഞ്ഞ് താ', എന്നായിരുന്നു വിനായകൻ കഴിഞ്ഞ ദിവസം പറഞ്ഞത്. പിന്നാലെ ഷാനിമോൾ ഉസ്മാൻ, ഹരീഷ് പേരടി, ശാരദക്കുട്ടി, പാർവതി തിരുവോത്ത് തുടങ്ങി നിരവധി പേർ വിനായകനെതിരെ വിമർശനവുമായി രംഗത്തെത്തി.
Content Highlight: Now, director Vidhu Vincent has come on the scene to criticize Vinayak


































