---
title: "വിനായകന്റെ പ്രകടനം ഒട്ടും ഞെട്ടിച്ചില്ല; ദീദി ദാമോദരന്‍"
english_title: "Filmmaker Didi Damodaran reacts to actor Vinayakan's anti-feminist remarks."
publisher: "moviemax.in"
canonical_url: "https://moviemax.in/news/33730/filmmaker-didi-damodaran-reacts-to-actor-vinayakans-anti-feminist-remarks"
published_at: "2022-03-24T19:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623c7c53da0bd_vinayakan.jpg"
keywords: []
---

# വിനായകന്റെ പ്രകടനം ഒട്ടും ഞെട്ടിച്ചില്ല; ദീദി ദാമോദരന്‍

> **Lead Summary:** നടന്‍ വിനായകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പ്രതികരണവുമായി സിനിമ പ്രവര്‍ത്തക ദീദി ദാമോദരന്‍. വിനായകന്റെ പ്രതികരണം തന്നെ ഒട്ടും ഞെട്ടിച്ചില്ലെന്ന് ദീദി ദാമോദരന്‍ പ്രതികരിച്ചു.

## Article Content

നടന്‍ വിനായകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പ്രതികരണവുമായി സിനിമ പ്രവര്‍ത്തക ദീദി ദാമോദരന്‍. വിനായകന്റെ പ്രതികരണം തന്നെ ഒട്ടും ഞെട്ടിച്ചില്ലെന്ന് ദീദി ദാമോദരന്‍ പ്രതികരിച്ചു.

2017 ല്‍ ഒരു കലാകാരി തൊഴിലിടത്ത് വെച്ച് ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇവിടുത്തെ താരാധികാരം കഴിഞ്ഞ അഞ്ചു വര്‍ഷമായിട്ടും പറഞ്ഞു കൊണ്ടിരിക്കുന്നതും മറ്റെന്താണെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു.

**

**

**ദീദി ദാമോദരന്റെ ഫേസ്ബുക്ക് പോസ്റ്റ് **

നടന്‍ വിനായകന്‍ പൊതുഇടത്തില്‍ വന്ന് ‘മീ ടൂ’ വിനെതിരെ നടത്തിയ ‘വെര്‍ബല്‍ ഡയേറിയ’ കണ്ടിട്ടും എന്താ മിണ്ടാതിരിക്കുന്നത് എന്ന് ചോദിക്കുന്നു സുഹൃത്തുക്കള്‍. വിനായകന്റെ പ്രകടനം എന്നെ ഒട്ടും ഞെട്ടിച്ചില്ല.

അതല്ലാതെ മറ്റെന്താണ് 1928 മുതല്‍ മലയാള സിനിമ ഉറക്കെ പറഞ്ഞും പറയാതെയും നടത്തി പോന്നത്? 2017 ല്‍ ഒരു കലാകാരി തൊഴിലിടത്ത് വെച്ച് ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇവിടുത്തെ താരാധികാരം കഴിഞ്ഞ അഞ്ചു വര്‍ഷമായിട്ടും പറഞ്ഞു കൊണ്ടിരിക്കുന്നതും മറ്റെന്താണ്.

വിനായകനോട് മറുത്തൊരു ചോദ്യം ചോദിക്കാതെ അമര്‍ന്നിരുന്ന മാധ്യമ സുഹൃത്തുക്കളുടെ മൗനത്തോടും അവരുടെ കൂട്ടച്ചിരി പ്രസരിപ്പിച്ച ആഭാസത്തോടും എനിക്ക് പരിഭവമില്ല.

താരവും മാധ്യമ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയാല്‍ പരസ്യ വരുമാനത്തിന്റെ ഉറവിടമായ താരാധികാരത്തിനൊപ്പം നില്‍ക്കുന്ന പത്ര മുതലാളിയുടെ കടിഞ്ഞാണ്‍ ഒരു സ്ഥിരം തൊഴില്‍ പോലുമല്ലാത്ത പാവം മാധ്യമ പ്രവര്‍ത്തകര്‍ക്കു മേലുണ്ട് എന്നാര്‍ക്കാണ് അറിയാത്തത്.

എന്നാല്‍ ‘ഒരുത്തീ ‘സിനിമയുടെ പ്രചരണാര്‍ത്ഥം നടത്തിയ പത്രസമ്മേളനത്തില്‍ അതിന്റെ രാഷ്ട്രീയത്തെ റദ്ദാക്കും വിധം വിനായകന്‍ പറയുന്നത് കേട്ട് ഒപ്പമിരുന്ന സുഹൃത്തും സംവിധായകനുമായ വി.കെ.പി. യുടെ ചിരിയാണ് എന്നെ കൂടുതല്‍ അലോസരപ്പെടുത്തിയത്.

നടക്കുന്നതൊന്നും മനസ്സിലായില്ലെന്ന് നടിച്ചുള്ള ക്യാപ്റ്റന്റെ ആ ഇരുപ്പുകളുണ്ടല്ലോ അതാണ് മലയാള സിനിമയിലെ സംഘടനകള്‍ സിനിമയിലെ സ്ത്രീകളോട് ചെയ്തുപോരുന്നത്. അത് ശരിയല്ലാ എന്ന ഉത്തമ ബോധത്തി മേലാണ് ഡബ്ല്യൂ.സി.സിക്ക് കോടതി കയറേണ്ടി വന്നത്. മൗനം കൊണ്ടുള്ള അത്തരം എന്‍ഡോഴ്സ്മെന്റ് ആ കൃത്യത്തോളം തന്നെ കുറ്റകരമാണ് .

### Related Links & Sources
- [Original Story Source](https://moviemax.in/news/33730/filmmaker-didi-damodaran-reacts-to-actor-vinayakans-anti-feminist-remarks)