---
title: "'അച്ഛനെന്ന നിലയിൽ ഇതെനിക്ക് അഭിമാനനിമിഷം'-ജയറാം "
english_title: "'This is a proud moment for me as a father' - Jayaram"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3355/this-is-a-proud-moment-for-me-as-a-father-jayaram"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614ab574767e5_kalidas.jpg"
keywords: []
---

# 'അച്ഛനെന്ന നിലയിൽ ഇതെനിക്ക് അഭിമാനനിമിഷം'-ജയറാം 

> **Lead Summary:** അച്ഛനമ്മമാരുടെ വഴിയെ അഭിനയത്തിലേക്ക് എത്തിയ നടനാണ് കാളിദാസ് ജയറാം. അച്ഛനെന്ന നിലയിൽ തനിക്ക് കാളിദാസ് സമ്മാനിച്ച ഒരു അഭിമാന നിമിഷത്തെ കുറിച്ച് സംസാരിക്കുകയാണ് ജയറാം ഇപ്പോൾ.

## Article Content

അച്ഛനമ്മമാരുടെ വഴിയെ അഭിനയത്തിലേക്ക് എത്തിയ നടനാണ് കാളിദാസ് ജയറാം. അച്ഛനെന്ന നിലയിൽ തനിക്ക് കാളിദാസ് സമ്മാനിച്ച ഒരു അഭിമാന നിമിഷത്തെ കുറിച്ച് സംസാരിക്കുകയാണ് ജയറാം ഇപ്പോൾ.

> കഴിഞ്ഞ ദിവസം ഹൈദരാബാദിൽ വച്ച് നടന്ന സൈമ അവാർഡ്സിൽ മികച്ച നടനുള്ള (സപ്പോർട്ടിംഗ് റോൾ) പുരസ്കാരം കാളിദാസ് നേടിയിരുന്നു. പാവൈകഥകളിലെ അഭിനയത്തിനാണ് കാളിദാസിനെ പുരസ്കാരം തേടിയെത്തിയത്. മകനു വേണ്ടി പുരസ്കാരം ഏറ്റുവാങ്ങിയ സന്തോഷം പങ്കുവയ്ക്കുകയാണ് ജയറാം ഇപ്പോൾ. “അച്ഛനെന്ന നിലയിൽ ഇതെനിക്ക് അഭിമാനനിമിഷം,” എന്നാണ് ജയറാം കുറിക്കുന്നത്.

കഴിഞ്ഞ ദിവസം മികച്ച നടനുള്ള ബിഹൈൻഡ് വുഡ് ഗോൾഡ് ഐക്കൺസ് അവാർഡും കാളിദാസിനെ തേടിയെത്തിയിരുന്നു. ശ്രദ്ധേയമായ അഭിനയമാണ് പാവൈകഥകളിൽ കാളിദാസ് കാഴ്ച വച്ചത്. പാവൈകഥകൾ റിലീസ് ചെയ്തപ്പോൾ തന്നെ കാളിദാസിന്റെ കഥാപാത്രം ഏറെ ചർച്ചയാവുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു.

ബാലതാരമായാണ് കാളിദാസ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. കുട്ടിക്കാലത്തു തന്നെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം കാളിദാസ് സ്വന്തമാക്കി. വർഷങ്ങൾക്കു ശേഷം കാളിദാസ് നായകനായി അരങ്ങേറ്റം കുറിച്ചത് ‘പൂമരം’ എന്ന ചിത്രത്തിലൂടെയായിരുന്നു. തുടർന്ന് മലയാളത്തിൽ ഏതാനും ചിത്രങ്ങൾ ചെയ്തെങ്കിലും അതൊന്നും വേണ്ടത്ര ശ്രദ്ധ നേടിയിരുന്നില്ല.

ലോക്ക്ഡൗൺ സമയത്ത് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത പുത്തം പുതു കാലം, പാവൈ കഥകൾ എന്നീ ആന്തോളജി ചിത്രങ്ങളാണ് അടുത്തകാലത്ത് കാളിദാസിലെ അഭിനയമികവ് പ്രകടമാക്കിയ സിനിമകൾ. കാളിദാസിന്റെ കരിയറിനു തന്നെ ഒരു ബ്രേക്ക് സമ്മാനിച്ചിരിക്കുകയാണ് ഈ സിനിമയിലെ കഥാപാത്രങ്ങൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/3355/this-is-a-proud-moment-for-me-as-a-father-jayaram)