കോഴിക്കോട്: (https://truevisionnews.com/) നിർമാണത്തിലിരുന്ന ദേശീയപാതയുടെ മതിൽ നിർമാണത്തിനിടെ സ്ലാബ് തകർന്നുവീണു. കോഴിക്കോട് കൊയിലാണ്ടിയിൽ തിരുവങ്ങൂർ അടിപ്പാതയ്ക്ക് സമീപമാണ് അപകടമുണ്ടായത്.
ദേശീയപാത നിർമാണത്തിന്റെ ഭാഗമായി കോൺക്രീറ്റ് സ്ലാബ് മുകളിലേക്ക് ഉയർത്തുന്നതിനിടെ കയർ പൊട്ടിവീണാണ് അപകടമുണ്ടായത്. സർവീസ് റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുന്നതിനിടെയാണ് സംഭവം. ആർക്കും പരിക്കില്ല. ഉച്ചയോടുകൂടിയാണ് അപകടമുണ്ടായത്.
ഒന്നരമീറ്റർ നീളവും വീതിയുമുള്ള കോൺക്രീറ്റ് സ്ലാബുകളാണ് ഇന്റർലോക്ക് രീതിയിൽ അടുക്കിയാണ് മതിൽ നിർമിക്കുന്നത്. ഈ സ്ലാബുകളെ ക്രെയിൻ ഉപയോഗിച്ച് മുകളിലേക്ക് കയറ്റുന്നതിനിടെ ക്രെയിനുമായി ബന്ധിപ്പിച്ച കയർ പൊട്ടുകയായിരുന്നു. അപകട സമയത്ത് റോഡിൽ വാഹനങ്ങളോ ആളുകളോ ഉണ്ടായിരുന്നില്ല. അതിനാൽ വലിയ അപകടമാണ് ഒഴിവായത്.
ഇതിന് മുമ്പ് മതിൽ മുന്നോട്ട് തള്ളിവന്നതിനെ തുടർന്ന് പൊളിച്ച് വീണ്ടും പണിയുകയായിരുന്നു. മതിൽ നിർമാണത്തിനെതിരെ മുമ്പും പരാതി ഉയർന്നിരുന്നതാണ്.
സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ഇടപെട്ട് നിർമാണ പ്രവൃത്തികൾ നിർത്തിവെപ്പിച്ചു. സുരക്ഷ ഉറപ്പ് വരുത്തിയിട്ട് മാത്രം നിർമാണ പ്രവൃത്തികൾ ആരംഭിച്ചാൽ മതിയെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Accident due to slab collapse during national highway construction in Koyilandy, Kozhikode


































