പാലക്കാട്: ( www.truevisionnews.com ) കുടുംബശ്രീ കേരള ചിക്കൻ റെഡി ടു കുക്ക് ചിക്കൻ വിഭവങ്ങളും വിപണിയിലെത്തിക്കും. ചിക്കൻ നഗട്‌സ്, ഹോട്ട് ഡോഗ്, ചിക്കൻ പോപ്പ്, ബർഗർ പാറ്റി തുടങ്ങിയവയാണ് മിതമായ നിരക്കിൽ ഉപഭോക്താക്കളിലേക്കെത്തിക്കുക.
ഇടുക്കി ഒഴികെയുള്ള 13 ജില്ലകളിലും 2026 ഫെബ്രുവരിയോടെ ഇവ എത്തിക്കാനാണ് ലക്ഷ്യം. എറണാകുളം കൂത്താട്ടുകുളത്ത് പ്രവർത്തിക്കുന്ന മീറ്റ് പ്രോഡക്ട്‌സ് ഒഫ് ഇന്ത്യയുമായി സഹകരിച്ചാണ് ഉത്പന്നങ്ങൾ വിപണിയിലിറക്കുകയെന്ന് കേരള ചിക്കൻ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ഷാനവാസ് പറഞ്ഞു.
സംസ്ഥാനത്തെ കുടുംബശ്രീ അംഗങ്ങളായ വനിതകൾ നടത്തുന്ന 507 ഫാമുകളിൽനിന്നുള്ള ഇറച്ചിക്കോഴികളെ മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യയുടെ പ്ലാന്റിലെത്തിച്ച് സംസ്‌കരിച്ചാണ് ഉത്പന്നങ്ങളാക്കുക. ചിക്കൻ ഡ്രംസ്റ്റിക്സ്, ചിക്കൻ കറി കട്ട്, ബോൺലെസ് ബ്രെസ്റ്റ്, ചിക്കൻ ബിരിയാണി കട്ട്, ഫുൾ ചിക്കൻ എന്നിവയും ഫ്രോസൺ ചിക്കനും കുടുംബശ്രീ കേരള ചിക്കൻ നിലവിൽ വിപണിയിലെത്തിക്കുന്നുണ്ട്. ഇതോടൊപ്പമാണ് ഇനി റെഡി ടു കുക്ക് വിഭവങ്ങളും അവതരിപ്പിക്കുന്നത്.
2025-26 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തെ 13 ജില്ലകളിൽനിന്നായി കുടുംബശ്രീ കേരള ചിക്കൻ 101.48 കോടി രൂപയുടെ വിറ്റുവരവാണുണ്ടാക്കിയത്.
Kudumbashree to bring ready to cook chicken dishes to the market

































