കോഴിക്കോട് : ( www.truevisionnews.com) ദേശീയപാത 66 വികസന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ദേശീയപാത അതോറിറ്റിക്ക് നിര്‍ദേശം നല്‍കി.
ദേശീയപാത കൊയിലാണ്ടി, നന്തി ഭാഗങ്ങള്‍, കൊയിലാണ്ടി പഴയ ബൈപ്പാസ് എന്നിവയുടെ നിര്‍മ്മാണം സമാന്തരമായി നടത്തി ജനുവരി പകുതിയോടെ പൂര്‍ത്തിയാക്കാനും മന്ത്രി നിര്‍ദേശിച്ചു.
ദേശീയപാത നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ദേശീയപാത വടകര റീച്ചിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, പന്തീരാങ്കാവ് ടോള്‍ പ്ലാസ ഭാഗത്തെ സ്ലിപ് റോഡ്, പാനത്ത് താഴം മേല്‍പ്പാത, പാച്ചാക്കില്‍-മലാപ്പറമ്പ് സര്‍വീസ് റോഡ്, ദേശീയ പാതയിലെ വിവിധ റീച്ചുകള്‍, ഒളവണ്ണ ഗ്രാമപഞ്ചായത്ത് പരിധിയിലെ ഗതാഗതപ്രശ്‌നം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
പനാത്ത്താഴം മേല്‍പ്പാതയുടെ എസ്റ്റിമേറ്റ് പൊതുമരാമത്ത് വവകുപ്പ് തയ്യാറാക്കി നല്‍കിയതായി മന്ത്രി അറിയിച്ചു. പാച്ചാക്ക്-മലാപ്പറമ്പ് സര്‍വീസ് റോഡിലെ പ്രശ്‌നം ജനുവരി രണ്ടാം വാരത്തോടെ പരിഹരിക്കാന്‍ ജില്ല കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ല കളക്ടറുടെ അധ്യക്ഷതയില്‍ എല്ലാ ആഴ്ചകളിലും ദേശീയപാത അതോറിറ്റിയുമായി അവലോകന യോഗം നടത്താനും യോഗത്തില്‍ തീരുമാനമായി.
ജില്ല കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍, വടകര ആര്‍ഡിഒ അന്‍വര്‍ സാദത്ത്, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍, കരാര്‍ കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
National Highway-66 review, Koyilandy-Nanthi bypasses, Minister Muhammad Riyaz


































