വയനാട്: ( www.truevisionnews.com ) യുഡിഎഫ് പ്രവേശനത്തിന് പിന്നാലെ പ്രതികരണവുമായി ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സി.കെ. ജാനു. യുഡിഎഫിൽ ചേരണം എന്നതായിരുന്നു ജെആർപിയിലെ പൊതു വികാരമെന്ന് സി.കെ. ജാനു പറഞ്ഞു. എല്ലാവരെയും ഒപ്പം നിർത്തുന്ന പാർട്ടിയാണ് യുഡിഎഫെന്നും തീരുമാനം സ്വാഗതർഹം ആണെന്നും സി.കെ. ജാനു അഭിപ്രായപ്പെട്ടു.
സി.കെ. ജാനുവിൻ്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടിയെ യുഡിഎഫ് അസോസിയേറ്റ് അംഗമാക്കാൻ ധാരണയയതിന് പിന്നാലെയാണ് പ്രതികരണം. എല്ലാവരുടെയും പ്രശ്നങ്ങൾ കേൾക്കുക എന്നത് യുഡിഎഫ് സ്വീകരിക്കുന്ന മര്യാദയാണെന്ന് ജാനു പറഞ്ഞു. പാർട്ടിയെ മുന്നണിയിൽ എടുത്തതിൽ പലയിടത്തും പായസം വെച്ച് ആഘോഷിക്കുന്നുണ്ട്. യുഡിഎഫ് പോലുള്ള സർക്കാരാണ് ആദിവാസികൾക്ക് വേണ്ടി ഇടപെടുന്നത്. ജെആർപി നേതാക്കളെല്ലാം സന്തോഷത്തിലാണെന്നും സി.കെ. ജാനു പറഞ്ഞു.
നിലവിൽ സീറ്റ് ചർച്ചകൾ ഒന്നും നടന്നട്ടില്ലെന്നും ജാനു പറയുന്നു. "ഭാവിയിൽ അത്തരം ചർച്ചകൾ നടത്താവുന്നതാണ്. ആദ്യം പാർട്ടിയിൽ ചർച്ച ചെയ്യും. എൻഡിഎ ആണ് ആദ്യം പാർട്ടിയെ സ്വീകരിച്ചത്. എന്നാൽ പിന്നീട് അവഗണിച്ചു. അവർ മുന്നണി എന്ന നിലയിൽ പിന്നീട് പരിഗണിച്ചില്ല," ജാനു പറഞ്ഞു.
കൊച്ചിയിൽ ചേർന്ന മുന്നണി യോഗത്തിലാണ് പി.വി. അൻവറിൻ്റെയും സി.കെ. ജാനുവിൻ്റെയും പാർട്ടികൾക്ക് അസോസിയേറ്റ് അംഗത്വം നൽകാൻ മുന്നണിയിൽ ധാരണയായത്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ നേരത്തെ ഒരുങ്ങാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്. സീറ്റ് വിഭജനം നേരത്തെ തീർക്കും. ജനുവരിയിൽ സീറ്റ് വിഭജനം തീർക്കാൻ യോഗത്തിൽ ധാരണയായിട്ടുണ്ട്.
jrp leader ck janu reacts after joining udf




























