കോഴിക്കോട്: ( www.truevisionnews.com) എലത്തൂർ വിജിൽ തിരോധാന കേസിൽ വിജിലിന്റെ മൃതദേഹാവശിഷ്ടങ്ങൾ കുടുംബത്തിന് കൈമാറി. സരോവരത്ത് നിന്ന് കിട്ടിയ മൃതദേഹാവശിഷ്ടങ്ങളുടെ ഡിഎൻഎ ഫലം പൊലീസിന് ലഭിച്ചിരുന്നു. ഇവ വിജിലിന്റേതെന്ന് സ്ഥിരീകരിച്ചു. വിജിലിൻ്റെ അച്ഛനും സഹോദരനുമാണ് മൃതദേഹാവശിഷ്ടം ഏറ്റുവാങ്ങിയത്.
വിജിൽ തിരോധാന കേസിൽ നിർണായക വഴിത്തിരിവാണ് ഇന്നുണ്ടായത്. ലഹരിമരുന്ന് ഉപയോഗത്തിനിടെ മരിച്ച വിജിലിന്റെ മൃതദേഹം സുഹൃത്തുക്കള്‍ സരോവരത്തെ ചതുപ്പില്‍ ചവിട്ടിത്താഴ്ത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
2019 മാർച്ച് 24 ന് ആണ് കോഴിക്കോട് വെസ്റ്റ്ഹിൽ ചുങ്കം സ്വദേശിയായ വിജിലിനെ കാണാതാകുന്നത്. സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശപ്രകാരം മിസ്സിങ് കേസുകളിൽ തുടരന്വേഷണം നടത്തുന്നതിനിടെയാണ് വിജിലിനെ കാണാതായതിലും നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. സരോവരത്ത് വച്ച് ലഹരി ഉപയോഗിക്കുന്നതിനിടെ കുഴഞ്ഞുവീണ വിജിലിനെ സുഹൃത്തുക്കൾ ചതുപ്പിൽ ചവിട്ടി താഴ്ത്തി എന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ.
പിന്നാലെ ദിവസങ്ങൾ നീണ്ട പരിശോധനയ്ക്കൊടുവിൽ ശരീരഭാഗങ്ങൾ സരോവരത്ത് നിന്നും കണ്ടെത്തി. മൃതദേഹം വിജിലിന്റേതെന്ന് സ്ഥിരീകരിക്കാൻ കണ്ണൂർ റീജിയണൽ ഫോറൻസിക് ലാബിലേക്ക് ആയിരുന്നു സാമ്പിൾ അയച്ചിരുന്നത്. ഈ പരിശോധന ഫലത്തിലാണ് മൃതദേഹാവശിഷ്ടങ്ങൾ വിജിലിന്റേതെന്ന് സ്ഥിരീകരിച്ചത്.
കേസിൽ വിജിലിന്റെ സുഹൃത്തുക്കളായ നിഖിൽ, രഞ്ജിത്ത്, ദീപേഷ് എന്നിവരാണ് പ്രതികൾ. സംസ്ഥാനത്തിന് പുറത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ എലത്തൂർ സി ഐ കെ ആർ രഞ്ജിത്തിന്റെ നേതൃത്വത്തിലായിരുന്നു പിടികൂടിയത്. ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരണം വന്നതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹാവശിഷ്ടങ്ങളാണ് ബന്ധുക്കൾക്ക് വിട്ടു നൽകിയിരിക്കുന്നത്.
Vigil disappearance, remains handed over to family


































