കൊച്ചി : ( www.truevisionnews.com) അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ തന്നെ അറസ്റ്റ് ചെയ്തത് നോട്ടീസ് നല്‍കാതെയായിരുന്നുവെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഈശ്വര്‍.
നോട്ടീസ് നല്‍കിയെന്ന് പറയുന്നത് നുണയാണെന്നും ഇക്കാര്യം അയ്യപ്പ സ്വാമിയേയും തന്റെ മക്കളേയും തൊട്ട് ആണയിടാമെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. വ്യാഴാഴ്ച തനിക്ക് ജാമ്യം നിഷേധിക്കപ്പെട്ടതും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞ മറ്റൊരു നുണ മൂലമാണെന്ന് രാഹുല്‍ പറയുന്നു.
പൊലീസ് റിപ്പോര്‍ട്ട് കിട്ടിയിട്ടും കിട്ടിയില്ലെന്നാണ് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞതെന്നും അതിനാലാണ് ജാമ്യം നിഷേധിക്കപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജയില്‍ മോചിതനായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഈശ്വര്‍.
ജയില്‍ മോചിതനായ രാഹുലിനെ മെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പൂമാലയിട്ടാണ് സ്വീകരിച്ചത്. ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് ബദലായി രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം ഉയര്‍ത്താനാണ് മുഖ്യമന്ത്രി ഉള്‍പ്പെടെ ആഗ്രഹിച്ചിരുന്നതെന്നും ഈ പശ്ചാത്തലത്തിലാണ് തന്റെ അറസ്റ്റിനെ കാണേണ്ടതെന്നും രാഹുല്‍ ഈശ്വര്‍ വിശദീകരിക്കുന്നു.
താന്‍ പുറത്തുണ്ടെങ്കില്‍ മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെ ഈ നീക്കത്തിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ ക്യാംപെയ്ന്‍ ആരംഭിച്ചേനെ. തന്നെ അവര്‍ക്ക് തിരഞ്ഞെടുപ്പ് കഴിയും വരെ അകത്തിടണമായിരുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
തന്റെ ജയിലിലെ പ്രതിഷേധം പൊലീസിന് എതിരെയായിരുന്നില്ലെന്നും മറിച്ച് മെന്‍സ് കമ്മീഷനുവേണ്ടിയാണ് തന്റെ പോരാട്ടമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. കള്ളത്തെ കള്ളം കൊണ്ട് ജയിക്കാന്‍ കഴിയില്ല. സത്യം കൊണ്ടേ ജയിക്കാനാകൂ.
ആരാന്റെ മക്കളെ കള്ളപ്പരാതിയില്‍ അകത്താക്കിയാല്‍ കാണാന്‍ രസമാണ്. അത് സ്വന്തം അനുഭവത്തില്‍ വരുമ്പോഴേ പ്രയാസം മനസിലാകൂ. തെറ്റ് ചെയ്യാതെ പോക്‌സോ കേസില്‍ ഉള്‍പ്പെടെ അകത്ത് കിടക്കുന്ന ചിലരെ താന്‍ ജയിലില്‍ കണ്ടുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
RahulEaswar arrested without notice in the case of insulting a survivor





























