തിരുവനന്തപുരം: ( www.truevisionnews.com ) നടി ആക്രമിക്കപ്പെട്ട കേസിൽ 6 പ്രതികളുടെ ശിക്ഷാവിധി പുറത്തു വന്ന സാഹചര്യത്തിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. സർക്കാർ അതിജീവിതക്കൊപ്പമാണെന്ന് മന്ത്രി സജി ചെറിയാൻ ആവർത്തിച്ച് വ്യക്തമാക്കി.
ഇത്രയും വലിയ പ്രമാദമായ കേസിൽ നൽകിയ ശിക്ഷ, അതിൽ എന്തെങ്കിലും കുറവുണ്ടോയെന്ന് പരിശോധിച്ച് സർക്കാർ തുടർനടപടി സ്വീകരിക്കുമെന്നും സജി ചെറിയാൻ പറഞ്ഞു.
‘’പരമാവധി ശിക്ഷ ലഭിച്ചിച്ചില്ലെന്നുള്ളത് കൊണ്ടാണ് അത് സംബന്ധിച്ച് പഠിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് പറഞ്ഞത്. പ്രോസിക്യൂഷന് വീഴ്ച വന്നില്ലല്ലോ. ആറ് പ്രതികൾ കുറ്റക്കാരാണെന്നും ഗുരുതരമായ കുറ്റം അവർ ചെയ്തെന്നും കൃത്യമായ എവിഡൻസ് ഉണ്ടെന്നും ആദ്യം തന്നെ കോടതി പറഞ്ഞല്ലോ. അതിൽ വീഴ്ചയില്ല.
പ്രോസിക്യൂഷൻ ചെയ്യേണ്ട കാര്യം ചെയ്തു. പരമാവധി ശിക്ഷ കിട്ടാത്തത് സംബന്ധിച്ചാണ് സംശയം. കോടതി വിധി പരിശോധിക്കാതെ പഠിക്കാതെ ആധികാരികമായി പറയാൻ കഴിയില്ല. പരമാവധി ശിക്ഷ ലഭ്യമാകണമെന്നാണ് ആഗ്രഹിച്ചത്.
അങ്ങനെയാണ് പ്രതീക്ഷിച്ചത്. എന്നാൽ പരമാവധി ശിക്ഷ കിട്ടാത്തിടത്തോളം കാലം അത് സംബന്ധിച്ച് മനസിലാക്കി അതിജീവിതക്കൊപ്പം സർക്കാർ മുന്നോട്ട് പോകുമെന്നത് വ്യക്തമായി തന്നെ പറയുന്നു.'' സജി ചെറിയാൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
നടി ആക്രമിക്കപ്പെട്ട കേസിൽ 6 പ്രതികള്‍ക്കും 20 വര്‍ഷത്തെ കഠിന തടവും പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. എന്നാൽ വിചാരണ തടവ് കുറച്ച് ശിക്ഷ അനുഭവിച്ചാൽ മതി.
ഒന്നാം പ്രതി പള്‍സര്‍ സുനിയും രണ്ടാം പ്രതി മാര്‍ട്ടിനും ഇനി 13 വര്‍ഷം ശിക്ഷ അനുഭവിച്ചാൽ മതി. മൂന്നാം പ്രതി മണികണ്ഠൻ, നാലാം പ്രതി വിജീഷ് എന്നിവർക്ക് 16 വർഷവും 6 മാസവും അഞ്ചും ആറും പ്രതികളായ സലീം, പ്രദീപ് എന്നിവർക്ക് 18 വർഷവും ആണ് ഇനി ശിക്ഷ അനുഭവിക്കേണ്ടി വരിക.
Actress attack case, sentencing, and response from Minister Saji Cherian




























