പാലക്കാട് : ( https://truevisionnews.com/) 15 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം പാലക്കാട് വോട്ട് ചെയ്യാനായി തിരിച്ചെത്തിയ രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി കെഎസ്‌യു പാലക്കാട് ജില്ലാ സെക്രട്ടറി ഇക്ബാൽ.
കോൺഗ്രസ് പാർട്ടി സസ്‌പെൻഡ് ചെയ്തുവെന്ന് പറഞ്ഞാലും പാലക്കാടിന്റെ എംഎൽഎയാണ് രാഹുൽ. രാഹുലേട്ടന്റെ കൂടെ ഉണ്ടാകും, എംഎൽഎയുടെ കൂടെ വരുന്നതിൽ എന്താണ് പ്രശ്നമെന്നും ഇക്ബാൽ മാധ്യമങ്ങളോട് പ്രതികരിച്ചു.രാഹുൽ മാങ്കൂട്ടത്തിലിന്റെ ഓഫീസിൽ വെച്ചായിരുന്നു പ്രതികരണം.
അതേസമയം, പാലക്കാട് കുന്നത്തൂർമേട് സെന്റ് സെബാസ്റ്റ്യൻ ബൂത്തിലെത്തി വോട്ട് ചെയ്തതിന് ശേഷമാണ് എംഎൽഎ ഓഫീസിലെത്തിയത്. എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞു കഴിഞ്ഞെന്നും ബാക്കി കോടതിയിൽ പറയുമെന്നും സത്യം ജയിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.
മുൻകൂർ ജാമ്യം ലഭിക്കുന്നതിന് മുൻപ് രാഹുലിനെ തേടി സംസ്ഥാനവും കർണാടയും തമിഴ്നാടും അരിച്ചുപറക്കിയ പൊലീസിനെ നോക്കുകുത്തിയാക്കിയാണ് രാഹുൽ പാലക്കാടെത്തിയത്. രാഹുൽ പാലക്കാടെത്തി വോട്ട് ചെയ്യുമെന്ന് രാവിലെ മുതൽ തന്നെ അഭ്യൂഹം ശക്തമായിരുന്നു.
രാഹുൽ എത്തിയതോടെ, പ്രതിഷേധവുമായി യുവജന സംഘടനകൾ രംഗത്തെത്തി. രാഹുൽ എത്തിയ കാറിൽ കോഴിയുടെ ചിത്രം പതിപ്പിച്ച് ഇടത് പ്രവർത്തകരടക്കം പ്രതിഷേധിച്ചു. കൂകി വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. നിരന്തരം ചോദ്യങ്ങളുന്നയിച്ച മാധ്യമപ്രവർത്തകരോട് പ്രതികരിക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ ആദ്യം തയ്യാറായിരുന്നില്ല.
KSU Palakkad District Secretary supports Rahul mamkootathil

































