തിരുവനന്തപുരം : ( www.truevisionnews.com ) ലൈംഗിക പീഡന പരാതിയിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്.
ഇനിയും കാത്തു നിൽക്കേണ്ടതില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. രാഹുലിന് നട്ടെല്ലും നിലപാടും ഉണ്ടെങ്കിൽ ഒളിവിൽ നിന്ന് പുറത്തു വരണം. അറസ്റ്റ് വരിക്കാൻ തയ്യാറാകാതെ പാർട്ടിയെ ഇങ്ങനെ പ്രതിരോധത്തിൽ ആക്കരുത് എന്നും അവർ പ്രതികരിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ സ്വാർത്ഥൻ ആണ്. അന്ന് അഹങ്കാരത്തോടെ പറഞ്ഞു എനിക്കെതിരെ ഒരു പരാതി പോലും ഇല്ല എന്ന് എന്നിട്ട് ഇപ്പോൾ ഒരാഴ്ച ആയല്ലോ മുങ്ങി നടക്കുന്നുവെന്നും ഷമ ചോദിച്ചു. തെരഞ്ഞെടുപ്പ് സമയം ആണ് രാഹുലിനെ വളർത്തിയ പാർട്ടിയെ മറക്കരുത് എന്നും അവർ മുന്നറിയിപ്പ് നൽകി.
അതേസമയം മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെയും വാദം തുടരും. ഇതിന് ശേഷം ആയിരിക്കും വിധി പറയുക. കൂടുതൽ വാദം കേൾക്കുന്നതിനായിട്ടാണ് കേസ് നാളത്തേക്ക് മാറ്റിയത്. ഡിജിറ്റൽ രേഖകൾ ഉൾപ്പടെ വിശദമായി പരിശോധിക്കും. ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യാമെന്നും കോടതി പറഞ്ഞു.
അടച്ചിട്ട മുറിയിൽ ആണ് മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വാദം കേട്ടത്. സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങളുളളതിനാൽ, വാദം അടച്ചിട്ട മുറിയിൽ വേണമെന്ന് മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടിരുന്നു. ഒന്നര മണിക്കൂറാണ് വാദം നീണ്ടുനിന്നത്. കൂടുതൽ വാദം കേട്ടതിന് ശേഷമായിരിക്കും വിധി പറയുക.
Congress leader Shama Mohammed, sexual harassment complaint, Rahul should be expelled from the party immediately

































