തൃശ്ശൂർ : ( www.truevisionnews.com ) വിസ തട്ടിപ്പ് നടത്തിയ യുവതി വിമാനത്താവളത്തിൽ പിടിയിൽ. വെങ്കിടങ്ങ് കരുവന്തല സ്വദേശി നിസ അബ്ദുൾ സലീമാണ് ഷാർജയിൽ നിന്നും നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്താവളത്തിൽ പിടിയിലായത്. പൊലീസ് ഇവർക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.
അണ്ണല്ലൂർ തിരുത്തി പറമ്പ് സ്വദേശി സ്റ്റേവിൻ പൗലോസ് എന്ന യുവാവിന് കാനഡയിലേക്ക് വിസ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. പ്രതി വിസ ശരിയാക്കി കൊടുത്തില്ല.
പല തവണകളായി വാങ്ങിയെടുത്ത 5 ലക്ഷം രൂപയും തിരികെ നൽകിയില്ല. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുറപ്പെടുവിച്ച ലുക്കൗട്ട് സർക്കുലർ പ്രകാരമാണ് പ്രതിയെ നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്.
ഒളിവിൽ കഴിയുകയായിരുന്ന നിസ അബ്ദുൾ സലീം ഷാർജയിൽ നിന്നും നാട്ടിലേക്ക് നെടുമ്പാശ്ശേരി എയർപോർട്ടിൽ വന്നിറങ്ങിയപ്പോഴാണ് എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞ് വെയ്ക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ. പി. എസിന്റെ നേതൃത്വത്തിൽ ചാലക്കുടി പോലീസ് സ്റ്റേഷൻ എസ് ഐ മാരായ ഷാജു ഒ ജി, ലാലു എ വി, സന്തോഷ്, ജി എ എസ് ഐ മാരായ രജിനി ജോസഫ്, വിനോദ്, സി പി ഒ സജീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Visa fraud, woman arrested at airport

































