കോഴിക്കോട്: ( www.truevisionnews.com) കലക്ടറേറ്റിന് മുന്‍വശത്തെ റോഡിലൂടെ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന മധ്യവയസ്‌കനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു. സിവില്‍സ്റ്റേഷന്‍- കോട്ടുളി റോഡില്‍ താമസിക്കുന്ന നസീബ് ഹൗസില്‍ കെപി അബ്ദുള്‍ ജലീലിനെ (62) യാണ് കഴിഞ്ഞ ദിവസം തെരുവ് നായക്കൂട്ടം ആക്രമിച്ചത്.
വിവാഹ സത്ക്കാരത്തില്‍ പങ്കെടുത്ത് രാത്രി 11ഓടെ വീട്ടിലേക്ക് മടങ്ങിവരവേ സിവില്‍ സ്റ്റേഷന് മുന്നില്‍ തമ്പടിച്ചിരുന്ന തെരുവ് നായകള്‍ ജലീല്‍ സഞ്ചരിച്ച സ്‌കൂട്ടറിന് പിന്നാലെ ഓടുകയായിരുന്നു.
നാല് നായകള്‍ നൂറ് മീറ്ററോളം പിറകേ ഓടുകയും ഒരു നായ ജലീലിന്റെ കാലിലേക്ക് കടിക്കാനായി ചാടുകയും ചെയ്തു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട് സ്‌കൂട്ടര്‍ മറിഞ്ഞു. ജലീല്‍ ധരിച്ചിരുന്ന ഹെല്‍മറ്റും തെറിച്ചു പോയി. സ്‌കൂട്ടര്‍ മറിഞ്ഞപ്പോള്‍ ഭയന്ന് നായകള്‍ പിന്‍മാറിയതിനാല്‍ കടിയേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.
സ്‌കൂട്ടറിനടിയിലായിപ്പോയ ജലീല്‍ ബഹളം വച്ചതിനെ തുടര്‍ന്ന് അടുത്ത വീട്ടുകാരനായ വടക്കേല്‍ ബിജുവും കുടുംബവും ഓടിയെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീട് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. വലതു കൈയ്ക്കും മുതുകിനും പരിക്കേറ്റിട്ടുണ്ട്. ഹെല്‍മറ്റ് തകര്‍ന്ന നിലയിലാണ്.
Kozhikode street dog attacks, scooter passenger injured

































