(moviemax.in) മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം 'വൃഷഭ'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഈ വർഷം ഡിസംബർ 25-ന് ക്രിസ്മസ് ദിനത്തിൽ ആഗോള റിലീസായി തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ട് അണിയറ പ്രവർത്തകർ ഒരു ഗംഭീര മോഷൻ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്.
കന്നഡ സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും, അഭിഷേക് എസ് വ്യാസ് സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്. ശോഭ കപൂർ, ഏക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, പ്രവീർ സിംഗ്, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്ന് നിർമ്മിച്ച വൃഷഭ, ആശീർവാദ് സിനിമാസ് ആണ് കേരളത്തിലെത്തിക്കുന്നത്.
വിമൽ ലഹോട്ടി ആണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. വീണ്ടും 100 കോടി ക്ലബില്‍ മോഹൻലാലിന് വൃഷഭയിലൂടെ എത്താൻ സാധിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
രണ്ടു വ്യത്യസ്ത ലുക്കിലാണ് മോഹൻലാലിനെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പഴയകാല യോദ്ധാവിൻ്റെ ലുക്കിലും, പുതിയകാലത്തെ എക്സിക്യൂട്ടീവ് ലുക്കിലും ആണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്.
ആക്ഷൻ, വൈകാരികത, പ്രതികാരം, പ്രണയം, വിധി എന്നിവ കോർത്തിണക്കി, ഒരച്ഛനും മകനും തമ്മിലുള്ള ബന്ധത്തിൻ്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന അതിശക്തമായ കഥയാണ് ചിത്രം പറയുന്നത്.
ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്തു വന്നിരുന്നു. മോഹൻലാലിൻ്റെ ഗംഭീര ആക്ഷൻ രംഗങ്ങളും ബ്രഹ്മാണ്ഡ കാൻവാസിൽ ഉള്ള കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളും നിറഞ്ഞ ടീസർ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്.
ചിത്രത്തിന്റെ പോസ്റ്ററുകളും സമൂഹ മാധ്യമങ്ങളിൽ മികച്ച ശ്രദ്ധ നേടുകയും ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു. വമ്പൻ കാൻവാസിൽ ഒരുക്കിയ ചിത്രം താരനിര കൊണ്ടും സങ്കേതിക മികവ് കൊണ്ടും പ്രേക്ഷകരെ ആകർഷിക്കാനുള്ള ഒരുക്കത്തിലാണ്.
സമർജിത് ലങ്കേഷ്, നയൻ സരിക, രാഗിണി ദ്വിവേദി, അജയ്, നേഹ സക്സേന എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
എസ്ആർക്കെ, ജനാർദൻ മഹർഷി, കാർത്തിക് എന്നിവർ ചേർന്നാണ് ചിത്രത്തിലെ ശക്തമായ സംഭാഷണങ്ങൾ രചിച്ചത്. മികച്ച വിഷ്വൽ ഇഫക്റ്റുകൾ, എഡിറ്റിംഗ്, സൌണ്ട് ഡിസൈൻ എന്നിവയും ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്.
തെലുങ്ക്, മലയാളം ഭാഷകളിൽ ഒരുക്കിയ ചിത്രം ഹിന്ദി, കന്നഡ,ഭാഷകളിൽ കൂടി 2025 ഡിസംബർ 25 ന് ചിത്രം റിലീസിനെത്തും. ചിത്രത്തിന്റെ ട്രെയ്‌ലർ ഉൾപ്പെടെയുള്ളവ വൈകാതെ പുറത്തു വരും. ഛായാഗ്രഹണം - ആന്റണി സാംസൺ, എഡിറ്റിംഗ്- കെ എം പ്രകാശ്, സംഗീതം- സാം സി എസ്, സൗണ്ട് ഡിസൈൻ- റസൂൽ പൂക്കുട്ടി, ആക്ഷൻ - പീറ്റർ ഹെയ്ൻ, സ്റ്റണ്ട് സിൽവ, ഗണേഷ്, നിഖിൽ, പിആർഒ- ശബരി.
Will the box office shake up? Mohanlal's cosmic film 'Vrishabha' release date announced


































