തിരുവനന്തപുരം: വനിതാ ബറ്റാലിയനിൽ നവമാധ്യമ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി ഉത്തരവ്. പൊലീസ് ചട്ടങ്ങൾ മറികടന്ന് നവമാധ്യമങ്ങൾ ഉപയോഗിക്കുന്നതായി ബറ്റാലിയൻ കമാണ്ടൻ്റ് പറയുന്നു. പൊലീസ് യൂണിഫോമിൽ വ്യക്തിഗത അക്കൗണ്ടിൽ ചിത്രം പങ്കുവയ്ക്കാൻ പാടില്ലെന്ന് ഡിജിപി ഉത്തരവുണ്ട്. ഇത് മറികടന്ന് റീലുകൾ ചിത്രീകരിച്ച സാഹചര്യത്തിലാണ് സർക്കുലർ. നവമാധ്യമ നിയന്ത്രണങ്ങൾ പാലിക്കുമെന്ന് ഓരോ അംഗങ്ങളും സത്യവാങ്മൂലം നൽകണമെന്നും കമാണ്ടൻ്റ് അറിയിച്ചു.
നേരത്തെ തന്നെ പൊലീസുകാരുടെ നവമാധ്യമങ്ങളുടെ ഉപയോഗത്തെ സംബന്ധിച്ച് സർക്കുലർ പുറത്തിറങ്ങിയിരുന്നു. വ്യക്തിഗത അക്കൗണ്ടുകളിൽ പൊലീസ് യൂണിഫോം ഉൾപ്പെടെ ധരിച്ചുള്ള ചിത്രങ്ങൾ പൊലീസുകാർ പോസ്റ്റ് ചെയ്യാറുണ്ട്. എന്നാൽ വനിതാ ബറ്റാലിയനിൽ ഇത് നിരന്തരം വന്നുകൊണ്ടിരുന്നു.
ഈ സാഹചര്യത്തിലാണ് ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി ഉത്തരവ് പുറത്തുവന്നത്. ഓരോ സേനാ അംഗങ്ങളും നിബന്ധനകൾ പാലിക്കുമെന്ന് സത്യവാങ്മൂലം നൽകണം. ഏതെങ്കിലും തരത്തിൽ അത് പാലിക്കാതെ വന്നാൽ നടപടികളുണ്ടാവുമെന്നും ഉത്തരവിൽ പറയുന്നു.
No pictures or reels allowed on personal accounts while in uniform; restrictions on the use of new media by female police officers