തിരുവനന്തപുരം: ( www.truevisionnews.com ) ക്യാമറയുള്ള കണ്ണടയുമായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശിച്ചയാള്‍ പിടിയിലായി. ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്. ക്ഷേത്രത്തിനകത്ത് സുരക്ഷാ ജീവനക്കാര്‍ കണ്ണടയില്‍ ലൈറ്റ് മിന്നുന്നത് കാണുകയായിരുന്നു.
സംഭവത്തില്‍ ഫോര്‍ട്ട് പോലീസ് കേസെടുത്തു. ക്ഷേത്രത്തിന് ഉള്‍ഭാഗത്തെ ചില ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞുവെന്നാണ് വിവരം. ഗൂഗിള്‍ സ്മാര്‍ട്ട് ഗ്ലാസ് ആണ് ഇയാള്‍ ഉപയോഗിച്ചത്. ശ്രീകോവിലിന്റെ ഭാഗത്ത് വെച്ചാണ് ക്ഷേത്രം ഗാര്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
ക്ഷേത്രത്തിൽ സമീപകാലത്ത് മോഷണങ്ങളുമായി ബന്ധപ്പെട്ട് നിരവധി റിപ്പോർട്ടുകൾ വന്നിരുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിൽ ഒന്നായതിനാൽ, ഇവിടുത്തെ സുരക്ഷാ വീഴ്ചകൾ വലിയ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്. ക്ഷേത്ര ശ്രീകോവിലിന്റെ വാതിൽ സ്വർണം പൂശുന്ന ജോലിയുടെ ഭാഗമായി ലോക്കറിൽ സൂക്ഷിച്ചിരുന്ന 13 പവനോളം (107 ഗ്രാം) സ്വർണം കാണാതായിരുന്നു.
മെയ് 10-ന് മോഷണം പോയതായി പരാതി ലഭിച്ചെങ്കിലും, പിന്നീട് ഈ സ്വർണം ക്ഷേത്രവളപ്പിലെ മണൽപരപ്പിൽ നിന്ന് കണ്ടെതുകയായിരുന്നു. സ്വർണം എങ്ങനെയാണ് ലോക്കറിൽ നിന്ന് മണൽപരപ്പിൽ എത്തിയതെന്നതിൽ ദുരൂഹത നിലനിൽക്കുന്നുണ്ട്. ഇത് മോഷണശ്രമമായിരുന്നോ അതോ മനഃപൂർവം ഒളിപ്പിച്ച ശേഷം വിവാദമായപ്പോൾ ഉപേക്ഷിച്ചതാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
ഇതിനുപിന്നാലെതന്നെ പിന്നാലെ, ജൂണിൽ ക്ഷേത്രത്തിൽനിന്ന് 25 ലിറ്റർ പാൽ മോഷ്ടിച്ച ഒരു ജീവനക്കാരൻ പിടിയിലായിരുന്നു. അസിസ്റ്റന്റ് സ്റ്റോർ കീപ്പർ സുനിൽകുമാറിനെ ക്ഷേത്ര വിജിലൻസ് പിടികൂടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് മോഷണം കണ്ടെത്തിയത്.
Man arrested for entering Padmanabhaswamy temple with camera attached to glasses