തൃശൂർ : (truevisionnews.com) യുവാവിനെ കള്ളു ഷാപ്പിൽനിന്ന് ബലമായി പുറത്തേയ്ക്ക് കൊണ്ടുപോയി ആക്രമിച്ച കേസിൽ മൂന്നു പേരെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരങ്ങളായ പൈനൂര്‍ മാളുത്തറ കിഴക്കേനട വീട്ടിൽ സനത് (22), സഞ്ജയ് (25), താന്ന്യം ചെമ്മാപ്പിള്ളി വടക്കൻതുള്ളി വീട്ടിൽ ഷാരോൺ( സഞ്ജു 40) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മൂന്നിന് രാത്രി 7.30 നാണ് കേസിനാസ്പദമായ സംഭവം.
വലപ്പാട് ബീച്ച് പാണാട്ട് അമ്പലം സ്വദേശി തൃപ്രയാറ്റ് വീട്ടിൽ ഷൈലേഷ് (34) തൃപ്രയാർ കള്ള് ഷാപ്പിൽ കൊഴുവ വറുത്തത് കഴിച്ചുകൊണ്ടിരിക്കേയാണ് സംഭവം. യുവാവ് കഴിച്ചുകൊണ്ടിരുന്ന പ്ലെയിറ്റിൽ നിന്നും പ്രതികൾ അനുവാദം കൂടാതെ മീൻ വറുത്തത് എടുത്ത് കഴിച്ചു. ഇത് തടഞ്ഞതോടെ കള്ളുഷാപ്പിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ ഷൈലേഷിന്‍റെ കഴുത്തിലൂടെ ബലമായി കയ്യിട്ട് പിടിച്ച് തൊട്ടടുത്തുള്ള ഹൈവേ മേൽപ്പാലത്തിനടിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി ആക്രമിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു.
സനത് വലപ്പാട് പൊലീസ് സ്റ്റേഷനിൽ ഒരു വധശ്രമക്കേസിലും അന്തിക്കാട് പൊലീസ് സ്റ്റേഷനിൽ സ്ത്രീയെ ആക്രമിച്ച് പരുക്കേൽപ്പിക്കുകയും മാനഹാനി വരുത്തുകയും ചെയ്ത ഒരു കേസിലും പൊതു സ്ഥലത്ത് ലഹരിക്കടിമപ്പെട്ട് ശല്യമുണ്ടാക്കിയ ഒരു കേസിലും മയക്ക് മരുന്ന് ഉപയോഗിച്ച ഒരു കേസിലും പ്രതിയാണ്.
ഇയാൾ വലപ്പാട് പൊലീസ് സ്റ്റേഷനിലെ വധശ്രമക്കേസിൽ സാക്ഷികളെ സ്വാധീനിക്കരുത്, സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, ശനിയാഴ്ചകളിലും ബുധനാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകണം എന്നീ നിബന്ധനകളോടെ കോടതിയിൽനിന്ന് ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷമാണ് ജാമ്യ വ്യവസ്ഥ ലംഘിച്ച് ഈ കേസിൽ പ്രതിയായത്.
സഞ്ജയ് അന്തിക്കാട് പൊലീസ് സ്റ്റേഷനിൽ സ്ത്രീയെ ആക്രമിച്ച് പരുക്കേൽപ്പിക്കുകയും മാനഹാനി വരുത്തുകയും ചെയ്ത ഒരു കേസിലും, വലപ്പാട് പൊലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കേസിലും പ്രതിയാണ്. വലപ്പാട് പൊലീസ് ഇൻസ്പെക്ടർ എം.കെ. രമേഷ്, എ. എസ് .ഐ. രാജേഷ് കുമാർ, സി പി ഒ മാരായ സുനീഷ്, വിപിൻകുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
The young man was beaten up after being provoked into taking fried fish from his plate, and three people were arrested.