വയനാട്: (truevisionnews.com) മുണ്ടക്കൈ, ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി ചിലവിട്ട തുക പുറത്ത് വിട്ട് സര്‍ക്കാര്‍. ആകെ ചെലവഴിച്ചത് 108.21 കോടി രൂപയാണെന്നാണ് വ്യക്തമാക്കിയത്. എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഭൂമി ഏറ്റെടുത്തതിന് 43.77 കോടി രൂപയും മരിച്ചവരുടെ കടുംബാംഗങ്ങള്‍ക്കായി 13.3 കോടി രൂപയും നല്‍കി. വീടിന് പകരം 15 ലക്ഷം രൂപ വീതം 104 പേര്‍ക്ക് 15.6 കോടി രൂപ ധനസഹായം നല്‍കിയിട്ടുണ്ട്.
ജീവിതോപാധിയായി 1133 പേര്‍ക്ക് 10.1 കോടിയും ടൗണ്‍ഷിപ്പ് സ്പെഷ്യല്‍ ഓഫീസ് പ്രവര്‍ത്തനത്തിന് 20 കോടിയും അനുവദിച്ചു. അടിയന്തിര ധനസഹായമായി 1.3 കോടിയും വാടകയിനത്തില്‍ 4.3 കോടിയും നല്‍കി. പരുക്ക് പറ്റിയവര്‍ക്ക് 18.86 ലക്ഷവും ശവസംസ്‌കാര ചടങ്ങുകള്‍ക്കായി 17.4 ലക്ഷവും നല്‍കി.
ഇന്ന് റവന്യു മന്ത്രി കെ രാജന്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെത്തി ടൗണ്‍ഷിപ്പിന്റെ നിര്‍മാണ പുരോഗതിയടക്കം വിലയിരുത്തിയിരുന്നു. പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ യോഗത്തില്‍ മന്ത്രി പങ്കെടുത്തു. ഇതിന് ശേഷമാണ് കണക്കുകള്‍ പുറത്തുവിട്ടത്.
ദുരന്തബാധിതര്‍ക്ക് വീട് നിര്‍മ്മിക്കാനുള്ള പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എടുത്തിട്ടില്ലെന്നും വീട് നിര്‍മ്മാണത്തിനുള്ള തുക സൂക്ഷിക്കാന്‍ പ്രത്യേക ബാങ്ക് അക്കൗണ്ട് ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ഇത് പരിശോധിക്കാന്‍ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പോണ്‍സര്‍മാരുടെ പ്രതിനിധി എന്നിവര്‍ ഉള്‍പ്പെട്ട സമിതി പ്രവര്‍ത്തിക്കുന്നുണ്ട്.
സമിതിയുടെ നേതൃത്വത്തില്‍ യോഗങ്ങള്‍ ചേര്‍ന്ന് സുതാര്യത ഉറപ്പാക്കും. ഇത് സംബന്ധിച്ച് ആര്‍ക്കും കൃത്യമായ പരിശോധന നടത്താം. ടൗണ്‍ഷിപ്പ് പൂര്‍ത്തീകരിക്കുമ്പോള്‍ ബോര്‍ഡ് സ്ഥാപിച്ച് സ്പോണ്‍സര്‍മാരുടെ പൂര്‍ണ്ണമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കും. ജീവനോപാധിയായി നല്‍കുന്ന 300 രൂപ ദിവസ വേതന ബത്തയ്ക്ക് അര്‍ഹരായ എല്ലാവര്‍ക്കും വിതരണം ചെയ്യും.
കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്ത അതിജീവിതര്‍ക്കായി നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിലെ വീടുകളുടെ നിര്‍മ്മാണം ഡിസംബറോടെ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി കെ രാജന്‍ വ്യക്തമാക്കി. ടൗണ്‍ഷിപ്പില്‍ ഒരുക്കുന്ന 410 വീടുകളിലായി 1662 ലധികം ആളുകള്‍ക്കാണ് തണലൊരുങ്ങുന്നത്. ഇതില്‍ 140 വീടുകള്‍ക്ക് ഏഴ് സെന്റ് വീതമുള്ള അതിര്‍ത്തി നിശ്ചയിച്ചു.
51 വീടുകളുടെ അടിത്തറയും 54 വീടുകളുടെ ഡൈനാമിക് കോണപെനട്രേഷന്‍ ടെസ്റ്റും 41 വീടുകളുടെ പ്ലെയിന്‍ സിമന്റ് കോണ്‍ക്രീറ്റും പൂര്‍ത്തിയാക്കി. 19 വീടുകള്‍ക്കായുള്ള ഫൗണ്ടേഷന്‍ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 110 തൊഴിലാളികളാണ് നിലവില്‍ എല്‍സ്റ്റണില്‍ തൊഴില്‍ ചെയ്യുന്നത്. പ്രവര്‍ത്തികള്‍ വേഗത്തിലാക്കാന്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ തൊഴിലാളികളുടെ സേവനം ഉറപ്പാക്കും.
അഞ്ച് സോണുകളിലായി 410 വീടുകളാണ് ടൗണ്‍ഷിപ്പില്‍ നിര്‍മ്മിക്കുന്നത്. ആദ്യ സോണില്‍ 140, രണ്ടാം സോണില്‍ 51, മൂന്നാം സോണില്‍ 55, നാലാം സോണില്‍ 51, അഞ്ചാം സോണില്‍ 113 വീടുകളാണുള്ളത്. ജൂലൈയില്‍ മൂന്ന് സോണുകളിലെയും പ്രവര്‍ത്തികള്‍ ഒരുമിച്ചാരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കും.
Total expenditure of Rs 108.21 crore Government releases amount spent for Mundakai-Churalmala disaster victims