കോഴിക്കോട് : ( www.truevisionnews.com) കുറ്റ്യാടി പേരാമ്പ്ര സംസ്ഥാനപാതയില്‍ പത്രവിതരണക്കാരനെ ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോയ വാഹനവും ഡ്രൈവറും പൊലീസ് കസ്റ്റഡിയില്‍. കൂടരഞ്ഞി പുതിയാട്ടു കുണ്ടില്‍ പി.കെ അനസ് ആണ് കോഴിവിതരണ വാഹനമായ കെഎല്‍ 57 യു 2456 നമ്പര്‍ വാഹനവുമായി പിടിയിലായത്.
കഴിഞ്ഞ ദിവസം പാലേരി പാറക്കടവ് അരിയന്താരി ക്ഷേത്ര ബസ് സ്റ്റോപ്പിന് സമീപത്ത് വെച്ച് പാറക്കടവ് സ്വദേശിയായ തയ്യില്‍ കുഞ്ഞികൃഷ്ണനെ (65) യാണ് ഇടിച്ച് തെറിപിച്ചു വാഹനം നിര്‍ത്താതെ പോയത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5 മണിക്ക് പത്ര വിതരണത്തിനായ് പോവുന്നതിനിടയിലാണ് വാഹനം ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് മൊടക്കല്ലൂർ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ ആരോഗ്യനില ഗുരുതരമാണ്.
അതേസമയം ഇന്നലെ പേരാമ്പ്രയില്‍ ഓട്ടോറിക്ഷ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു . വ്യാഴാഴ്ച രാവിലെ 10.30 ഓടുകൂടിയാണ് സംഭവം. കുറ്റ്യാടി ഭാഗത്തു നിന്നും വന്ന ഓട്ടോറിക്ഷ പേരാമ്പ്ര മാര്‍ക്കറ്റിന് സമീപത്തെ മാസ് ഹൈപ്പര്‍മാര്‍ക്കറ്റിന് മുന്‍പില്‍ വച്ച് നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ വന്ന ഓട്ടോറിക്ഷയില്‍ ഇടിച്ച് മറിയുകയായിരുന്നു.
റോഡ് സൈഡില്‍ നിര്‍ത്തിയിട്ട നാല് ബൈക്കുകള്‍ക്കും കേടുപാട് സംഭവിച്ചു. ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നു കുന്നത്ത് മൂസ, മകള്‍ ഫാത്തിമ ഇര്‍ഫാന, ലീല, കുന്നത്ത് സെലീന എന്നിവര്‍ക്കാണ് പരിക്കേറ്റത്. സാരമായിപരിക്കേറ്റ ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി.
അതേസമയം പന്നിത്തടത്ത് കെ.എസ് .ആർ .ടി. സി ബസും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. ബസ് ഡ്രെവറും കണ്ടക്ടറും ഉൾപ്പടെ പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റു. കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ. ടി. സി ബസും കുന്നംകുളത്ത് നിന്ന് വരികയായിരുന്ന മീൻ ലോറിയുമാണ് കൂടിയിടിച്ചത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം.
ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്. പരിക്കേറ്റ മുഴുവൻ ആളുകളേയും കുന്നംകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടിയിടിച്ച വാഹനങ്ങൾ ഇടിച്ച് കയറി രണ്ട് കടകളും തകർന്നിട്ടുണ്ട്. അപകടത്തിൽ കെ.എസ്.ആർ.ടി.സി ബസിൻ്റേയും മീൻലോറിയുടേയും മുൻവശം പൂർണമായും തകർന്നു.
കേച്ചേരി, അക്കിക്കാവ്, വടക്കാഞ്ചേരി, കുന്നംകുളം എന്നിവിടങ്ങളിൽനിന്നുള്ള വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന ജംഗ്ഷനാണ് പന്നിത്തടം.അടുത്തിടെ റോഡ് പണി കഴിഞ്ഞതിനാൽ ഇതുവഴി പോകുന്ന വാഹനങ്ങൾക്ക് അമിത വേഗതയുള്ളതായി നാട്ടുകാർ ആരോപിക്കുന്നത്.
Vehicle accident on Kuttiyadi-Perambra state highway; Vehicle and driver that hit newspaper delivery man in police custody