കോട്ടയം: ( www.truevisionnews.com ) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നതിന് പിന്നാലെ തിരച്ചിൽ നടത്തിയെന്ന മന്ത്രിമാരുടെ വാദം പൊളിക്കുന്ന ദൃശങ്ങൾ പുറത്ത്. അപകടം നടന്നിട്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടും തിരച്ചിൽ നടത്താതെ നിഷ്ക്രിയരായി നിൽക്കുന്ന ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്യോഗസ്ഥരോട് പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
അപകടത്തിൽപെട്ട് മരിച്ച ബിന്ദുവിന്റെ ഭർത്താവ് ചാണ്ടി ഉമ്മനോട് കാര്യങ്ങൾ വിവരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ആന്‍റിയെ ഫോൺ വിളിച്ചോ? എന്ന് ചാണ്ടി ഉമ്മൻ ചോദിക്കുന്നതും എന്നാൽ ഫോൺ എടുക്കുന്നില്ലെന്ന് ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ ചാണ്ടി ഉമ്മനോട് പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ശേഷം തൊട്ടടുത്ത് നിൽക്കുന്ന പ്രവർത്തകരോട് എവിടെ പോയി എന്ന കാര്യം അന്വേഷിക്കാൻ ആവശ്യപ്പെടുന്നതും കാണാം .കിടക്കയിൽ കിടക്കുന്ന മകളോട് കാര്യങ്ങൾ ചാണ്ടി ഉമ്മൻ ചോദിച്ചറിയുന്നുണ്ട്.
അപകടസ്ഥലത്ത് നിസ്സഹായരായി നിൽക്കുന്നവരോട് ചാണ്ടി ഉമ്മൻ എന്താണ് അപകടസ്ഥലം ക്ലിയർ ചെയ്യാത്തത് എന്ന് ചോദിക്കുന്നുണ്ട്. 'ഇതെന്താണ് ഇതുവരെ ക്ലിയർ ചെയ്യാത്തത്. ആരെങ്കിലും ഇതിനകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടോ ഇല്ലേ എന്ന് അറിയണ്ടേ. ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ ഇല്ലെന്ന് പോലും നമുക്കറിയില്ലാല്ലോ'- സംഭവസ്ഥലത്ത് നിൽക്കുന്ന ഉദ്യോഗസ്ഥരോട് ചാണ്ടി ഉമ്മൻ ചോദിക്കുന്നത് വീഡിയോയിലുണ്ട്.
കഴിഞ്ഞ ദിവസം 10:30ഓടെയാണ് അപകടമുണ്ടാകുന്നത്. തുടർന്ന് ഫയർഫോഴ്സ് ഉൾപ്പെടെയുള്ളവർ എത്തിയിട്ടുണ്ടെന്നും പൂർണ്ണമായ രീതിയിലുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നായിരുന്നു മന്ത്രി വി.എൻ. വാസവൻ പറഞ്ഞത്. എന്നാൽ പുറത്തുവന്ന വീഡിയോയിൽ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് ഒന്നും ചെയ്തിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.
ഉച്ചയ്ക്ക് 12:30ഓടെയാണ് ചാണ്ടി ഉമ്മൻ എംഎൽഎ ആശുപത്രിക്കുള്ളിൽ കടക്കുന്നത്. ഇവിടെ വെച്ചാണ് ചാണ്ടി ഉമ്മൻ വിശ്രുതനേയും മകളേയും കണ്ടത്. എന്താണ് കാര്യമെന്ന് ചാണ്ടി ഉമ്മൻ തിരക്കുന്നുണ്ട്. ഇവിടെ വെച്ചാണ് വിശ്രുതൻ ഭാര്യയെ കാണുന്നില്ലെന്ന് പറയുന്നത്. തുടർന്ന് അവിടെ നിന്ന് തിരിച്ചിറങ്ങിയ ശേഷം ചാണ്ടി ഉമ്മൻ ഈ കാര്യം പറയുന്നുണ്ട്. എന്നാൽ ഈ സമയം വരെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നില്ല. തുടർന്ന് ചാണ്ടി ഉമ്മൻ സ്ഥലത്തെത്തി കയർത്ത് സംസാരിച്ച ശേഷമായിരുന്നു രക്ഷാപ്രവർത്തനം ആരംഭിക്കുന്നതെന്നായിരുന്നു ദൃക്സാക്ഷികൾ പറഞ്ഞിരുന്നത്.
Kottayam Medical College accident, was the rescue operation carried out after Chandy Oommen's intervention?