നടിയും നർത്തകിയും ആങ്കറുമായി പേരെടുത്ത അഖില ശശിധരൻ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. അഭിനയ രംഗത്ത് അഖിലയെ കണ്ടിട്ട് ഏറെക്കാലമായി. കാര്യസ്ഥൻ, തേജാ ഭായ് ആന്റ് ഫാമിലി എന്നിവയാണ് അഖില ആകെ ചെയ്ത രണ്ട് സിനിമകൾ. രണ്ട് സിനിമകളും സൂപ്പർഹിറ്റായിരുന്നു. കാര്യസ്ഥനിൽ ദിലീപായിരുന്നു അഖിലയുടെ നായകൻ. അഖിലയുടെ നെക്സ്റ്റ് ഡോർ ഗേൾ ഇമേജ് ഈ സിനിമയിൽ ഉപയോഗിച്ചു. മലയാളി പെണ്ണേ എന്ന ഗാനം ഇന്നും ജനപ്രിയമാണ്. തേജാ ഭായ് ആന്റ് ഫാമിലിയിൽ പൃഥ്വിരാജായിരുന്നു നായകൻ. ഈ സിനിമയും കയ്യടി നേടി. എന്നാൽ രണ്ട് സിനിമകൾക്ക് ശേഷം അഖിലയെ സിനിമാ ലോകത്ത് കണ്ടതേയില്ല.
അഖില മലയാളത്തിലെ മുൻനിര നായിക നടിയായി മാറുമെന്നാണ് അന്ന് പ്രേക്ഷകർ കരുതിയത്. എന്താണ് അഖിലയുടെ കരിയറിൽ സംഭവിച്ചതെന്ന ചോദ്യങ്ങൾ വന്നു. അഭിനയ രംഗത്ത് കണ്ടില്ലെങ്കിലും നൃത്ത വേദികളിൽ അഖില സജീവമായിരുന്നു. ഇതിനിടെ മുംബെെയിലേക്ക് മാറുകയും ചെയ്തു.
കഥക് പഠനവും പെർഫോമൻസുമെല്ലാമായി തിരക്കുകളിലായിരുന്നു അഖില. കലാ രംഗത്ത് നിന്നും താനൊരിക്കലും മാറി നിന്നിട്ടില്ലെന്നാണ് അഖില പറയുന്നത്. കാര്യസ്ഥനിൽ നായികയായതിനെക്കുറിച്ച് സംസാരിക്കുകയാണ് അഖിലയിപ്പോൾ. മെെൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.
കാര്യസ്ഥന് മുമ്പ് കുറേ സിനിമകളിൽ നിന്ന് തനിക്ക് ഓഫർ വന്നിരുന്നെന്ന് അഖില പറയുന്നു. നല്ല നല്ല സിനിമകൾ വന്നിരുന്നു. പക്ഷെ ആ സമയത്ത് പഠിത്തവും മറ്റ് സാഹചര്യങ്ങളും കാരണം ചെയ്തില്ല. കാര്യസ്ഥനിൽ യെസ് പറയാൻ എനിക്ക് വലിയ ബുദ്ധിമുട്ടില്ലായിരുന്നു. കാരണം അത് സ്പെഷ്യൽ മൂവിയായിരുന്നു. ദിലീപേട്ടന്റെ നൂറാമത്തെ സിനിമ. സ്ക്രിപ്റ്റ് റെെറ്റേഴ്സ് ആയ സിബി കെ തോമസ്, ഉദയ് കൃഷ്ണ എന്നിവരാണ് എന്നെ വിളിക്കുന്നത്.
ഇതെങ്ങനെയായിരിക്കും സ്ക്രീനിൽ വരികയെന്ന കാര്യവും പറഞ്ഞ് തന്നിരുന്നു. നോ പറയാനുള്ള സാഹചര്യമേ ഉണ്ടായിരുന്നില്ല. ആ സിനിമയിലെ വർക്കിംഗ് എക്സ്പീരിയൻസ് വളരെ മനോഹരമായിരുന്നു. സിനിമയിലെ കൂട്ടു കുടുംബത്തിന്റെ വെെബ്രൻസ് ആ സെറ്റിലുമുണ്ടായിരുന്നു. ഒരുപാട് ആർട്ടിസ്റ്റുകളുണ്ട്. ഞാൻ അന്ന് അവരിൽ ഇളയ ആളാണ്. എല്ലാവരും എന്റെ കാര്യത്തിൽ ശ്രദ്ധിച്ചു.
ദിലീപേട്ടൻ എന്നെ കാര്യസ്ഥന് മുമ്പും വിളിച്ചിരുന്നു. മുമ്പും ഞാൻ സംസാരിച്ചിട്ടൊക്കെയുണ്ട്. ആദ്യം ദിലീപ് സർ എന്ന് വിളിച്ചപ്പോൾ എന്നെ ദിലീപ് സാറെന്നൊന്നും വിളിക്കേണ്ട, ദിലീപേട്ടാ എന്ന് വിളിച്ചാൽ മതിയെന്ന് പറഞ്ഞു. കാര്യസ്ഥന്റെ സ്ക്രിപ്റ്റ് കേൾക്കാൻ പോയ സമയത്തും കണ്ടിട്ടുണ്ട്. ആദ്യ ദിവസത്തെ ഷൂട്ടിംഗിന് തനിക്ക് ടെൻഷനില്ലായിരുന്നെന്നും അഖില ശശിധരൻ വ്യക്തമാക്കി.
ഇന്ന് സിനിമാ രംഗത്ത് നിന്നുള്ളവരെ കാണുന്നത് കുറവാണ്. വല്ലപ്പോഴും ഇവന്റിസിന് കാണാറുണ്ട്. ആഴത്തിലുള്ള സൗഹൃദം സിനിമാ രംഗത്തില്ല. പക്ഷെ സംസാരിക്കാറുണ്ട്. ഇപ്പോൾ ഇൻസ്റ്റഗ്രാമെല്ലാം ഉള്ളതിനാൽ മെസേജുകൾ വരും. അമ്മ സംഘടനയിൽ താൻ അംഗമല്ലെന്നും അഖില ശശിധരൻ വ്യക്തമാക്കി. 33 കാരിയായ അഖില അവിവാഹിതയായി തുടരുന്നതിനെക്കുറിച്ചും സംസാരിക്കുന്നുണ്ട്.
അത് ഒത്ത് വന്നില്ല. അതുകൊണ്ടാണല്ലോ കല്യാണം കഴിക്കാതിരിക്കുന്നത്. വിവാഹം നിർബന്ധമുണ്ടോ എന്ന് ചോദിച്ചാൽ അതുമില്ല. എനിക്ക് പൂർണത നൽകാൻ ഒരാൾ വേണമെന്ന് തോന്നുന്നില്ലെന്ന് അഖില ശശിധരൻ വ്യക്തമാക്കി. എന്തെങ്കിലും ശൂന്യത നികത്താൻ വേണ്ടിയാണോ എന്ന് ചോദിച്ചാൽ എനിക്കങ്ങനെയൊരു തോന്നൽ ഇല്ല. എന്നാൽ ജീവിതം കൂടുതൽ അർത്ഥവത്താക്കുമെങ്കിൽ വിവാഹം ചെയ്യുമെന്നും അഖില വ്യക്തമാക്കി.
akhilasasidharan opensup about experince dileep karyasthan